criminal arrested
ബൈക്കില്‍ യുവതിയെ ഇടിച്ചു വീഴ്തി കടന്നു കളഞ്ഞ കുറ്റവാളി മൂന്നു മാസത്തിനു ശേഷം പിടിയില്‍
അകലാട് ഒറ്റയിനി സ്വദേശി വട്ടേക്കാട്ട് വീട്ടില്‍ സത്യന്റെ മകന് സനല്‍ (19) നെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്.
തൃശൂര്‍ | കുന്നംകുളത്ത് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് നിര്‍ത്താത പോയ സംഭവത്തില്‍ കുറ്റവാളി മൂന്നു മാസത്തിനു ശേഷം പിടിയില്‍. അകലാട് ഒറ്റയിനി സ്വദേശി വട്ടേക്കാട്ട് വീട്ടില്‍ സത്യന്റെ മകന് സനല്‍ (19) നെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്.
കുന്നംകുളം ഭാഗത്ത് നിന്ന് വടക്കേക്കാട്ടേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ബൈക്കിലെത്തിയ ഇയാള്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 13 ന് അഞ്ഞൂര് ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിയുടെ കാലിന് പൊട്ടല്‍ ഉണ്ടായി. യുവതിയുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കേസിന്റെ അന്വേഷണം ഒരു മാസത്തിന് ശേഷം വടക്കേക്കാട് പോലീസിന് കൈമാറി.
വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പരോ യാത്രക്കാരന്റെ മുഖമോ സി സി ടി വിയിലൊന്നും വ്യക്തമായിരുന്നില്ല. 70 ഓളം ക്യാമറകള്‍ പരിശോധിച്ചും മൂന്ന് മാസമായി അന്വേഷണം നടത്തിയുമാണ് വടക്കേക്കാട് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒറ്റയനി ബീച്ച് ഫെസ്റ്റിവല്‍ ദിവസം നടന്ന കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.