Uae
കൂട്ടയോട്ടം ഗംഭീരം; ശൈഖ് സായിദ് റോഡ് മനുഷ്യ സാഗരമായി
ആളുകള്‍ക്ക് ആവേശം പകരാന്‍ ദുബൈ കിരീടാവകാശിയും യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കുകൊണ്ടു.
ദുബൈ|ദുബൈ ശൈഖ് സായിദ് റോഡില്‍ നടന്ന കൂട്ടയോട്ടത്തില്‍ (ദുബൈ റണ്‍) 2,78,000 പേര്‍ പങ്കെടുത്തു. ദുബൈയെ ഏറ്റവും കായിക ക്ഷമതയുള്ള സമൂഹമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ സമാപനത്തിന് പുലര്‍ച്ചെ മുതല്‍ ആളുകള്‍ ഒഴുകിയെത്തിയിരുന്നു. അയല്‍ എമിറേറ്റുകളില്‍ നിന്നും നൂറുകണക്കിന് പേര്‍ വന്നു. ആളുകള്‍ക്ക് ആവേശം പകരാന്‍ ദുബൈ കിരീടാവകാശിയും യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കുകൊണ്ടു. ശൈഖ് സായിദ് റോഡില്‍ മനുഷ്യ പാരാവാരമായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധ ജനങ്ങള്‍ വരെ ഓട്ടത്തിന് അണിനിരന്നു.
രാവിലെ 6.30ന് ഓട്ടം ആരംഭിച്ചു. ഫ്യൂച്ചറിസ്റ്റിക് സൈബര്‍ ടെസ്ല ട്രക്ക് ഉള്‍പ്പെടെ പോലീസ് വാഹനങ്ങളുടെ ഒരു കൂട്ടം പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷക്ക് വഴിയൊരുക്കി. തലയ്ക്കു മുകളില്‍ പാരാഗ്ലൈഡറുകള്‍ ആളുകളെ സ്വാഗതം ചെയ്തു. 14-വരി ശൈഖ് സായിദ് റോഡിലായിരുന്നു കൂട്ടയോട്ടം. പങ്കെടുക്കുന്നവര്‍ക്ക് അഞ്ച് കിലോമീറ്ററോ പത്ത് കിലോമീറ്ററോ ഓട്ടം തെരെഞ്ഞെടുക്കാമായിരുന്നു. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്ത് നിന്ന് ആരംഭിച്ച് ബുര്‍ജ് ഖലീഫയും ദുബൈ ഓപ്പറയും കടന്ന് ദുബൈ മാളിന് സമീപം അഞ്ച് കിലോമീറ്റര്‍ സമാപിച്ചു. പത്ത് കിലോമീറ്റര്‍ ഓട്ടം മ്യൂസിയത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് ദുബൈ കനാല്‍ പാലം കടന്നു, ശൈഖ് സായിദ് റോഡിലൂടെ ഡി ഐ എഫ് സി ഗേറ്റിന് സമീപം അവസാനിച്ചു. ലോകത്തെ ഏറ്റവും പങ്കാളിത്തമുള്ള കൂട്ടയോട്ടമായതില്‍ ശൈഖ് ഹംദാന്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
‘ദുബൈ റണ്‍ സമൂഹത്തിന്റെ ശക്തിയുടെയും ആരോഗ്യത്തിന്റെയും നഗരത്തിലെ ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും തെളിവാണ്.’ ശൈഖ് ഹംദാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 226,000 ഓട്ടക്കാരെത്തിയിരുന്നു. 23 ശതമാനം വര്‍ധനയാണ് ഈ വര്‍ഷത്തെ വന്‍ ജനപങ്കാളിത്തം പ്രതിനിധീകരിക്കുന്നത്.മിക്കവരും പച്ച വസ്ത്രം ധരിച്ചാണ് അണിനിരന്നത്. ശൈഖ് ഹംദാനൊപ്പം പലരും ചിത്രമെടുത്തു. ശൈഖ് ഹംദാന്‍ പത്ത് കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. ദുബൈ മെട്രോയുടെ ചുകപ്പ്, പച്ച പാതകള്‍ പുലര്‍ച്ചെ മൂന്നിന് ആരംഭിച്ചത് ശൈഖ് സായിദ് റോഡില്‍ ആളുകള്‍ക്ക് എളുപ്പം എത്താനായി. കൂട്ടയോട്ടത്തില്‍ അഞ്ച് കിലോമീറ്റര്‍ റൂട്ടും ഉണ്ടായിരുന്നു. ശൈഖ് സായിദ് റോഡ് രാവിലെ 10.30 വരെ അടച്ചിട്ടതിനാല്‍ വാഹനങ്ങള്‍ ബദല്‍ മാര്‍ഗം തേടി. ഫിനാന്‍ഷ്യല്‍ സെന്റര്‍ അപ്പര്‍ റോഡ്, സബീല്‍ പാലസ് സ്ട്രീറ്റ്, അല്‍ മുസ്തഖ്ബാല്‍ റോഡ്, അല്‍ വാസല്‍ റോഡ്, അല്‍ ഖൈല്‍ റോഡ്, അല്‍ ബദാ സ്ട്രീറ്റ് തുറന്നിരുന്നു. ഇവിടങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു.