book review
അരികുജീവിതങ്ങളുടെ രോദനം
"ചവേലാട്ച്ചികൾ തച്ചുടക്കുന്ന മൗനം ' എന്ന കവിത ഉമ്മറത്തുയരുന്ന ചവേലാട്ച്ചികളുടെ ഒച്ചകൾ എന്നോ നിലച്ചുപോയ വനഗീതമാണെന്ന് കവി പറഞ്ഞുവെക്കുന്നു. ചാവേലാട്ച്ചിയെ ഭാഷയിൽ അടയാളപ്പെടുത്തുന്നതിലൂടെ അരികുപറ്റിയ മുഴുവൻ ജീവതങ്ങളെയുമാണ് കവി ചേർത്ത് നിർത്തുന്നത്. ചാവേലാട്ച്ചിയുടെ ജീവിതത്തിനു പോലും അതി മഹത്തായൊരർഥമുണ്ടെന്നാണ് ഈ കവിത പറയാതെ പറയുന്നത്. അതോടൊപ്പം, നമുക്ക് നഷ്ടമായ പ്രകൃതി സൗന്ദര്യത്തിന്റെ ആഴം എത്രത്തോളമുണ്ടെന്നും രചന വിചാരണ ചെയ്യുന്നു.
സാമൂഹിക – ജീവിത – രാഷ്ട്രീയ പരിസരങ്ങളോട് നിർഭയം സംവദിക്കുന്ന കവിതകളാണ് “ചവേലാട്ച്ചികൾ തച്ചുടക്കുന്ന മൗനം ‘ എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതയും. ആശയത്തിന്റെ വ്യാപ്തിയും അനുവാചകരിൽ ഞെട്ടലുണ്ടാക്കുന്ന ആലോചനകളും ഹൃദയത്തിൽ തുളച്ചുകയറുന്ന വാക്കുകളും ഓരോ കവിതയെയും വിഭിന്നപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഈ കവിതാ സമാഹാരം വായനയുടെ വേറിട്ട തലങ്ങൾ മുന്നോട്ടുവെക്കുന്നു. സമകാലിക പ്രശ്നങ്ങളെ കുറിക്കു കൊള്ളുന്ന ഭാഷയിൽ ആവിഷ്കരിക്കുന്നു രചയിതാവായ എം സിദ്ദീഖ്. അനീതിയോടുള്ള സാമൂഹിക വിമർശനം വരികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
“വാക്കുകൾക്കിടയിൽ വീണുകിടക്കുന്ന മനുഷ്യരെ തേടിയുള്ള യാത്രയാണെന്ന് ‘ കെ ഇ എന്നും, “മൗനമെന്ന് നാം ധരിച്ചുപോയ വാചാലതകളാണ് ഈ കവിതകളിലെന്ന്’ ഒ പി സുരേഷും സാക്ഷ്യപ്പെടുത്തുന്നു.
താൻ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയിലെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിക്കുന്ന കവിതകളാണ് സമാഹാരത്തിലെന്ന് മുഴുവനായിട്ട് വായിച്ച ഏതൊരാളും പറയും. പ്രൗഢ ഗംഭീര വിലയിരുത്തലുകൾ കവിതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അനുവാചകരെ പ്രേരിപ്പിക്കുന്നു. മിക്ക കവിതകളും സമകാലികവും പ്രതികരണാത്മകവുമാണ്.
പലരും കണ്ടില്ലെന്ന് നടിക്കുന്ന ജീവിതങ്ങളിലേക്കാണ് രചന കണ്ണ് തുറക്കുന്നത്. അതുകൊണ്ട് തന്നെ വർത്തമാനകാല ജീർണതകളെ ആർജവത്തോടെ പ്രതിരോധിക്കുന്നതിൽ സമാഹാരത്തിന് പങ്ക് ഏറെയാണ്. ഓരോ കവിതയും തുറന്നുപറച്ചിലിന്റെ ഘടനയിൽ തന്നെ ആവിഷ്കരിക്കുന്നുണ്ട്
“ഏത് ദാർശനിക സമസ്യകളിലുഴറുമ്പോഴും
ഏത് നാഗരിക മായകളിലാഴുമ്പോഴും
ഉമ്മറത്തുയരുന്ന കലപിലപ്പെയ്ത്തുകൾ
എന്നോ നിലച്ചുപോയ ഒരു വനഗീതമായി
ഉള്ളിലെവിടെയോ ചേക്കേറുകയാണവ ‘
“ചവേലാട്ച്ചികൾ തച്ചുടക്കുന്ന മൗനം ‘ എന്ന കവിത തന്നെ ഉമ്മറത്തുയരുന്ന ചവേലാട്ച്ചികളുടെ ഒച്ചകൾ എന്നോ നിലച്ചുപോയ വനഗീതമാണെന്ന് കവി പറഞ്ഞുവെക്കുന്നു. ചാവേലാട്ച്ചിയെ ഭാഷയിൽ അടയാളപ്പെടുത്തുന്നതിലൂടെ അരികുപറ്റിയ മുഴുവൻ ജീവതങ്ങളെയുമാണ് കവി ചേർത്ത് നിർത്തുന്നത്. ചാവേലാട്ച്ചിയുടെ ജീവിതത്തിനു പോലും അതി മഹത്തായൊരർഥമുണ്ടെന്നാണ് ഈ കവിത പറയാതെ പറയുന്നത്. അതോടൊപ്പം, നമുക്ക് നഷ്ടമായ പ്രകൃതി സൗന്ദര്യത്തിന്റെ ആഴം എത്രത്തോളമുണ്ടെന്നും കവിത വിചാരണ ചെയ്യുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സവിശേഷവും സൂക്ഷ്മവുമായ യാഥാർഥ്യങ്ങളെയാണ് ഓരോ കവിതയും മുന്നോട്ട് വെക്കുന്നത്. പ്രകൃതി ഇന്നുള്ള മനുഷ്യനു മാത്രമുള്ളതല്ലെന്നും വരാനിരിക്കുന്ന ഒരു തലമുറക്കും മനുഷ്യരല്ലാത്ത മറ്റിതര ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവ് കൂടി അനുവാചകർക്ക് നൽകുന്നു. അതുകൊണ്ട് തന്നെ ചവേലാട്ച്ചിയും, പൂച്ചയും തവളയും ചെമ്പോത്തും കുളക്കോഴിയും കീരിയും പോത്തും പശുവുമെല്ലാം ഒത്തുചേരുന്നൊരു പ്രകൃതിയാണ് ഈ കവിയുടെ കവിതകളെ ഹൃദ്യമാക്കുന്നത്.
സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധതയെയാണ് തന്റെ തൂലിക പ്രഥമ പരിഗണനയായി കാണുന്നത് എന്ന് അദ്ദേഹത്തിന്റെ മിക്ക കവിതകളും വായനക്കാരനോട് പറയുന്നു.
കവിത എന്ന സാഹിത്യരൂപം രാഷ്ട്രീയ ജാഗ്രതക്കും മാനവികതയുടെ നിലനില്‍പ്പിനും വേണ്ടിയുള്ള ഒരു പിടിവള്ളിയായി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിക്കുന്നുണ്ട് ഈ സമാഹാരത്തിലെ ചില കവിതകള്‍.
ഈ സമാഹാരത്തിൽ കാൽപ്പനികമായ സൗന്ദര്യമല്ല, കവിത മുന്നോട്ടുവെക്കുന്ന ആശയ പരിസരങ്ങളാണ് കൂടുതൽ പരിഗണിക്കപ്പെടേണ്ടത്.
നിസ്സഹായന്റെ നിലവിളിയൊച്ചയും പൊറുതികേടുണ്ടാക്കുന്നവയോടുള്ള പ്രതിരോധവും ഈ സമാഹാരത്തിലെ കവിതകളിലുണ്ട്
“എഴുതുന്നതിനെ
കവിത എന്ന് വിളിക്കാനാവില്ല
എഴുതിപ്പോകുന്നതോ
എഴുതിപ്പോകാത്തതോ
കവിതയായിരിക്കും ”
“കവിത നേര്യതുടുക്കാറില്ല ‘ എന്ന കവിതയിലൂടെ കവിതയെ നിർവചിക്കുകയാണ് കവി.
“കല്യാണിയുടെ മരണം അരും ശ്രദ്ധിച്ചില്ല’ എന്ന കവിതയിൽ ഏറ്റവും അടിത്തട്ടിലെ മനുഷ്യരെ കണ്ടെടുത്ത് ഭാഷയിൽ മനോഹരമായി കൊത്തിവെക്കുന്നുണ്ട്
“പൂക്കളം തീർക്കാനണ്ണാച്ചി
പൂവിറുത്തീടാൻ ബംഗാളി
സദ്യയൊരുക്കാൻ പഞ്ചാബി
പൂപ്പൊലിപാടാനാസാമി
ഊഞ്ഞാലുകെട്ടാൻ
ഝാർഖണ്ഡി
പുലികളിക്കോ മലയാളി ‘
കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ പ്രതിപാദിക്കുകയാണ് “തനത് കല ‘ എന്ന ഈ കവിതയിലൂടെ കവി ചെയ്യുന്നത്.
മനുഷ്യർ ഏറ്റുവാങ്ങേണ്ടി വരുന്ന വ്യത്യസ്തമായ അസ്വസ്ഥതകള്‍, മനുഷ്യന്റെ പ്രകൃതിയോടുള്ള അടുപ്പവും രാഷ്ട്രീയമായ ഇടപെടലും , അതിക്രമങ്ങളുമൊക്കെ സമാഹാരത്തിലെ കവിതകള്‍ ചര്‍ച്ച ചെയ്യുന്നു.
ഭാഷയുടെ പ്രതിസന്ധിയെ പല നിലയിൽ അഭിസംബോധന ചെയ്യുന്ന കവിതകളും ഈ സമാഹാരത്തിൽ കടന്നുവരുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യത്യസ്ത പ്രമേയങ്ങളിൽ തികച്ചും മൗലികമായ നിരീക്ഷണത്തോടെ എഴുതപ്പെട്ടവയാണ് ഈ സമാഹാരത്തിലെ എല്ലാ കവിതകളും. പ്രസാധകർ മാക്ബെത്ത് പബ്ലിക്കേഷൻസ്. വില 160 രൂപ.