Connect with us

kerala school kalolsavam 2023

കലാശത്തക്കാരം ഇന്ന്; മുന്നിൽ ആതിഥേയർ

പ്രധാന വേദിയായ വിക്രം മൈതാനിയുൾപ്പെടെ ആൾതിരക്കിൽ വീർപ്പുമുട്ടി.

Published

|

Last Updated

കോഴിക്കോട് | കലവറയില്ലാത്ത ആതിഥേയത്വത്തിന്റെ കൈയൊപ്പ് ചാർത്തി അഞ്ച് നാൾ നീണ്ട കലാമാമാങ്കത്തിന് ഇന്ന് കൊടിയിറക്കം. സ്‌നേഹത്തിന്റെ മധുരം കിനിയുന്ന ആവേശത്തുടക്കത്തിൽ നിന്ന് കോഴിക്കോടിന്റെ മനം ലയിച്ച ദിനരാത്രങ്ങൾ. സംഘാടന മികവിലും ഒത്തിണക്കത്തിലും അപൂർവതകളേറെ നിറഞ്ഞ കലോത്സവത്തിനാണ് ഇന്ന് സമാപനമാകുന്നത്.

മാപ്പിള കലകളും ക്ഷേത്രകലകളും ഉൾപ്പെടെ കലാസ്വാദകർ ഒരുപോലെ ഏറ്റുവാങ്ങി. പ്രധാന വേദികളെല്ലാം തിങ്ങിനിറഞ്ഞത് ഇതിന് തെളിവായിരുന്നു. പ്രധാന വേദിയായ വിക്രം മൈതാനിയുൾപ്പെടെ ആൾതിരക്കിൽ വീർപ്പുമുട്ടി. കോഴിക്കോട്ടുകാർക്ക് കലയും കലാകാരന്മാരും ജീവിതത്തിന്റെ ഭാഗമാണ്. ഇതിന്റെ തെളിവാണ് ഈ ജനപങ്കാളിത്തം.
പതിനായിരങ്ങളാണ് മത്സരം കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വേദികളിലെത്തിയത്. കലോത്സവത്തിന്റെ നാലാം ദിനം മുഴുവൻ വേദികളും കാലുകുത്താൻ ഇടമില്ലാത്ത രീതിയിൽ നിറഞ്ഞു കവിഞ്ഞിരുന്നു.

രണ്ടാം വേദിയായ സമൂതിരി സ്‌കൂളിലെ “ഭൂമി’യിൽ നാടകം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. വിദ്യാർഥികൾ തന്മയത്വത്തോടെ ഓരോ നാടകങ്ങളും കാണികൾക്ക് മുന്നിലെത്തിച്ചു. സമൂതിരി സ്‌കൂൾ ഗ്രൗണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തിരുവാതിരക്കളിയോടെയാണ് ഒന്നാം വേദി ഇന്നലെ മിഴി തുറന്നത്. തുടർന്ന് സംഘനൃത്തവും അരങ്ങേറി. മത്സരം ആരംഭിച്ചതോടെ രാവിലെ മുതൽ ഇരിപ്പിടം നിറഞ്ഞു കവിഞ്ഞു. വേദിക്ക് പുറത്തേക്കും നിറഞ്ഞ് കവിഞ്ഞ ജനസാഗരത്തിന് മുന്നിൽ മിടുക്കികൾ സംഘനൃത്തവും തിരുവാതിര കളിയും ചുവട് തെറ്റാതെ അവതരിപ്പിച്ചു. നിറഞ്ഞ കൈയടികളാണ് ഓരോ ടീമിനും മത്സര ശേഷം വേദിയിൽ നിന്ന് ലഭിച്ചത്.

വിവിധ യൂനിഫോം സേനകളും വളണ്ടിയർമാരും മത്സരാർഥികൾക്കും കാണികൾക്കും ആവശ്യമായ സഹായങ്ങളുമായി 24 വേദികളിലുമുണ്ട്. കുടിവെള്ളം നിറച്ചു വെക്കുന്ന കൂജകൾ ഒഴിഞ്ഞു കിടക്കാതിരിക്കാൻ വളണ്ടിയർമാർ കൃത്യമായ ജാഗ്രത പുലർത്തി. ശബ്ദവും വെളിച്ചവും മുടക്കമില്ലാതെ നിലനിർത്തി. തിരക്ക് നിയന്ത്രിച്ചും എല്ലാവരെയും ഉത്സവത്തിന്റെ ഭാഗമാക്കിയും പരാതികൾക്ക് ഇടവരാതെ ചുമതലപ്പെട്ടവർ കടമകൾ ഭംഗിയായി നിറവേറ്റി.

Latest