Connect with us

Ongoing News

സൈബര്‍ തകരാര്‍ യു എ ഇയിലെ സംവിധാനങ്ങളെയും സേവനങ്ങളെയും ബാധിച്ചു

യു എസ് ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സാങ്കേതിക സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിന്റെ ഒരു അപ്‌ഡേറ്റില്‍ നിന്നാണ് ഈ പ്രശ്‌നം ഉടലെടുത്തത്.

Published

|

Last Updated

ദുബൈ | ലോകമെമ്പാടും പ്രമുഖ സ്ഥാപനങ്ങളെ സ്തംഭിപ്പിച്ച സൈബര്‍ തകരാറ് യു എ ഇയെയും ബാധിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാനും സമയത്തേക്ക് അനിശ്ചിതത്തിലായി. ആഗോള സാങ്കേതിക തകരാര്‍ മൂലം ഈ സമയത്ത് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഇടപാടുകളൊന്നും നടത്തരുതെന്ന് യു എ ഇ മന്ത്രാലയങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു.

വിദേശകാര്യ മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും ഡിജിറ്റല്‍ സേവനങ്ങളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തി. പ്രധാന എയര്‍ലൈനുകളെയും ബേങ്കുകളെയും ബാധിച്ച തകരാറുകള്‍, ടെലിവിഷന്‍ പ്രക്ഷേപണങ്ങളും തടസ്സപ്പെടുത്തി.

ദുബൈ എയര്‍പോര്‍ട്ടില്‍ ടെര്‍മിനലുകള്‍ 1, 2 എന്നിവിടങ്ങളിലെ ചില എയര്‍ലൈനുകളുടെ ചെക്ക്-ഇന്‍ പ്രക്രിയ തടസ്സപ്പെട്ടു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുനരാരംഭിച്ചതായി ദുബൈ എയര്‍പോര്‍ട്സ് വ്യക്തമാക്കി. ബാധിച്ച എയര്‍ലൈനുകള്‍ ഉടന്‍ തന്നെ മറ്റു സംവിധാനത്തിലേക്ക് മാറി. സാധാരണ ചെക്ക്-ഇന്‍ പ്രവര്‍ത്തനങ്ങള്‍ മാനുവലായാണ് ഈ സമയം നടന്നത്. ബോര്‍ഡിംഗ് പാസുകള്‍ എഴുതി നല്‍കി. എന്നാല്‍ തങ്ങളുടെ വിമാനങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന് ഇത്തിഹാദ് എയര്‍വേസ് പറഞ്ഞു. എന്നിരുന്നാലും, ആഗോള സാങ്കേതിക പ്രശ്നത്തിന്റെ ഫലമായി സേവനങ്ങള്‍ക്ക് പരിമിതമായ കാലതാമസം ഉണ്ടായേക്കാമെന്നും അവര്‍ വ്യക്തമാക്കി.

എമിറേറ്റ്‌സ് ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ കാലതാമസമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ സര്‍വീസ് നടത്തുന്ന ചില വിമാനത്താവളങ്ങളില്‍ വൈകല്‍ ഉണ്ടയതിനെതുടര്‍ന്ന് ചില ഫ്‌ലൈറ്റ് സമയങ്ങളില്‍ കാലതാമസമുണ്ടായി. നെറ്റ് വര്‍ക്ക് തകരാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഫ്‌ലൈ ദുബൈയും സ്ഥിരീകരിച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ അറേബ്യയും പറഞ്ഞു. സൈബര്‍ തകരാറിനെ തുടര്‍ന്ന് ഡെല്‍റ്റ, യുനൈറ്റഡ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുള്‍പ്പെടെ യു എസിലെ പ്രധാന വിമാനക്കമ്പനികളുടെ എല്ലാ ഫ്‌ലൈറ്റുകളും നിര്‍ത്തിവെച്ചിരുന്നു. സിംഗപ്പൂര്‍, ബാങ്കോക്ക്, ഹോങ്കോംഗ്, ഇന്ത്യ എന്നിങ്ങനെ ലോകത്തെ മിക്ക വിമാനത്താവളങ്ങളിലും ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ഗള്‍ഫില്‍ നിന്നുള്ള ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ തടസ്സപ്പെടുകയോ വൈകുകയോ ചെയ്തു. ഇന്‍ഡിഗോ പല സര്‍വീസുകളും റദ്ദാക്കിയതായി അറിയിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇവ നിര്‍ത്തിവെച്ചിരുന്നു.

പ്രശ്നത്തിന്റെ തുടക്കം

യു എസ് ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സാങ്കേതിക സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിന്റെ ഒരു അപ്‌ഡേറ്റില്‍ നിന്നാണ് ഈ പ്രശ്‌നം ഉടലെടുത്തത്. ഇത് പിസികളുടെയും സെര്‍വറുകളുടെയും സോഫ്്റ്റ് വയര്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയായിരുന്നു. സുരക്ഷാ സാങ്കേതിക വിദ്യയുടെയും സേവനങ്ങളുടെയും ആഗോള ദാതാവാണ് ക്രൗഡ്‌സ്ട്രൈക്ക്. അതിന്റെ ഉത്പന്നമായ ഫാല്‍ക്കണ്‍ ക്ലൗഡ് അധിഷ്ഠിത എന്‍ഡ്‌പോയിന്റ്‌പ്രൊട്ടക്ഷന്‍ സൊല്യൂഷനാണ്. നെറ്റ്്വര്‍ക്കുകളിലും എന്‍ഡ്‌പോയിന്റുകളിലുമുള്ള നുഴഞ്ഞുകയറ്റങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ചാണിത് പ്രവര്‍ത്തിക്കുന്നത്. മൈക്രോസോഫ്റ്റ് അവരുടെ എല്ലാ സോഫറ്റ് വയറുകള്‍ക്കും ക്രൗഡ്‌സ്ട്രൈക്ക് ഉപയോഗിക്കുന്നു.

ഹാക്കിംഗ് ശ്രമങ്ങളില്ല

വെള്ളിയാഴ്ച ഉണ്ടായ വന്‍ സാങ്കേതിക തകരാര്‍ക്കിടയില്‍ യു എ ഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തിയില്ലെന്ന് അധികൃതര്‍. ഈ സാഹചര്യത്തില്‍ യു എ ഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍, ക്രൗഡ്‌സ്‌ട്രൈക്ക് സോഫ്റ്റ് വയര്‍ ഉപയോക്താക്കളോട് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളെ കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ അഭ്യര്‍ഥിച്ചു. യു എ ഇയുടെ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ്‌റെഗുലേറ്ററി അതോറിറ്റിയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയും തടസങ്ങള്‍ ഇല്ലാതിരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

ക്യാഷ് ഒണ്‍ലി സാങ്കേതിക തകരാര്‍ കാരണം യു എ ഇയിലെ ചില ഷോപ്പുകള്‍ക്ക് ക്യാഷ് പേയ്‌മെന്റിലേക്ക് മാറി. സാധനങ്ങള്‍ വാങ്ങുകയോ ഇന്ധനം നിറക്കുകയോ ചെയ്ത ചിലര്‍ക്ക് കാര്‍ഡ് പേയ്‌മെന്റുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പണം നല്‍കേണ്ടി വന്നു. എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാതിരുന്നതും കാര്‍ഡ്, ഫോണ്‍ ഇടപാടുകള്‍ മാത്രം നടത്താറുള്ള ആളുകള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ലുലു ഗ്രൂപ്പില്‍ ബാധിത സോഫ്റ്റ്്വെയര്‍ ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ സിസ്റ്റം തകരാറുകളോ തടസ്സങ്ങളോ അനുഭവപ്പെട്ടിട്ടില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം പ്രതിസന്ധി ബാധിക്കാതിരിക്കാനും സിസ്റ്റങ്ങള്‍ സംരക്ഷിക്കുന്നതിനും തങ്ങള്‍ ഒന്നിലധികം പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് സി ഐ ഒ മുഹമ്മദ് അനീഷ് പറഞ്ഞു.

 

Latest