Articles
അന്തിമ വിധിന്യായത്തിലെ അപകടം
ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അധികാരത്തില്‍ വരുന്ന ഭരണകൂടങ്ങളുടെ തെറ്റായ നടപടി ക്രമങ്ങളെ കോടതികള്‍ക്ക് എതിര്‍ക്കാന്‍ കഴിയണം. ഭരണകൂടങ്ങളുടെ നടപടി ക്രമങ്ങളില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകണം. ഇത്തരം 'തിരുത്തലുകള്‍' തന്നെയാണ് ജനാധിപത്യത്തിന്റെ ശക്തി സൗന്ദര്യവും. എന്നാല്‍ ജുഡീഷ്യറിയെക്കുറിച്ചുള്ള ഇത്തരം സങ്കല്‍പ്പങ്ങളെ തന്നെ സമൂലം നിരാകരിക്കുന്നതാണ് കശ്മീരിന്റെ കാര്യത്തില്‍ സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ചിരിക്കുന്ന വിധിന്യായം.
എന്തായിരിക്കണം ഒരു വിഷയത്തില്‍ കോടതിയുടെ അന്തിമ വിധിപ്രസ്താവം എന്നതിനേക്കാളും ഏറ്റവും എളുപ്പത്തില്‍ നിര്‍വചിക്കാന്‍ കഴിയുന്നത് എന്തായിരിക്കരുത് ഒരു വിധിന്യായം എന്ന് തന്നെയായിരിക്കും. ഏറ്റവും എളുപ്പത്തില്‍ അതിനെ നിര്‍വചിക്കുകയാണെങ്കില്‍ പറയാന്‍ പറ്റുന്നത്, ഒരിക്കലും പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനം ആയിരിക്കരുത് കോടതി വിധി എന്നായിരിക്കും. നീതി ആയിരിക്കണം കോടതിയുടെ മുന്നിലുള്ള ഏക മാനദണ്ഡം. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അധികാരത്തില്‍ വരുന്ന ഭരണകൂടങ്ങളുടെ തെറ്റായ നടപടി ക്രമങ്ങളെ കോടതികള്‍ക്ക് എതിര്‍ക്കാന്‍ കഴിയണം. ഭരണകൂടങ്ങളുടെ നടപടി ക്രമങ്ങളില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകണം. ഇത്തരം ‘തിരുത്തലുകള്‍’ തന്നെയാണ് ജനാധിപത്യത്തിന്റെ ശക്തി സൗന്ദര്യവും. എന്നാല്‍ ജുഡീഷ്യറിയെക്കുറിച്ചുള്ള ഇത്തരം സങ്കല്‍പ്പങ്ങളെ തന്നെ സമൂലം നിരാകരിക്കുന്നതാണ് കശ്മീരിന്റെ കാര്യത്തില്‍ സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ചിരിക്കുന്ന വിധിന്യായം എന്ന് പറയാതിരിക്കാന്‍ ആകില്ല.
കശ്മീരിനെ സംബന്ധിച്ചുള്ള സംഘ്പരിവാര്‍ സര്‍ക്കാറിന്റെ നയസമീപനങ്ങള്‍ വ്യക്തമാണ്. സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രവും ചരിത്രവും അറിയുന്നവരെ സംബന്ധിച്ച് അതില്‍ അത്ഭുതത്തിന് അവകാശമില്ല. എല്ലാ കാലത്തും കശ്മീര്‍ സംഘ് ആശയ പ്രകാശനങ്ങളുടെ കേന്ദ്ര ബിന്ദു ആയിട്ടുണ്ട്. ഒരു ശരാശരി സംഘ്പരിവാറുകാരനെ സംബന്ധിച്ച്, കശ്മീര്‍ ബന്ധിക്കപ്പെടുന്നത്, പരിവാറിന്റെ തന്നെ ആദ്യത്തെ രാഷ്ട്രീയ പരീക്ഷണമായ ജനസംഘത്തിന്റെ സ്ഥാപകനും സംഘ്പരിവാര്‍ ആശയങ്ങളുടെ എക്കാലത്തെയും ഏറ്റവും വലിയ പ്രചാരകനുമായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഓര്‍മകളുമായാണ്. മുഖര്‍ജിയുടെ കശ്മീരില്‍ വെച്ചുള്ള മരണത്തിന്റെ കാരണക്കാരായി കോണ്‍ഗ്രസ്സിനെ ചിത്രീകരിക്കുന്ന സംഘ്പരിവാര്‍ ആഖ്യാനങ്ങള്‍ അത് വഴി നെഹ്റു ഉള്‍പ്പെടെയുള്ളവരെ ‘രാജ്യദ്രോഹികള്‍’ ആക്കി സ്വയം ദേശസ്നേഹത്തിന്റെ പുതിയ വസ്ത്രം എടുത്ത് അണിയുകയാണുണ്ടായത്. കശ്മീരിലെ മുസ്ലിം ഭൂരിപക്ഷവും അതിര്‍ത്തിയിലെ പാകിസ്താനും ഇത്തരം കഥകള്‍ക്ക് എക്കാലത്തും നിറം പകര്‍ന്നിട്ടുണ്ട്. വെറുപ്പിന്റെ ക്യാന്‍വാസില്‍ കൃത്രിമമായ ചായക്കൂട്ടുകളാല്‍ നിര്‍മിക്കപ്പെട്ട പുതിയ കാവി ദേശീയതയിലൂടെയാണ്, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലും ദേശീയതയിലും നിര്‍മാണാത്മകമായ ഒരു പങ്കും അവകാശപ്പെടാന്‍ കഴിയാത്ത ആശയധാര എന്ന അപകര്‍ഷതാ ബോധത്തെ പരിവാര്‍ കേന്ദ്രങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ കുറേക്കൂടി നീതിയുക്തമായ ഒരു നിലപാടാണ് കോടതിയില്‍ നിന്ന് പ്രതീക്ഷിക്കപ്പെട്ടത്. ചന്ദ്രചൂഡിനെപ്പോലൊരു ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യം പലരുടെയും പ്രതീക്ഷകള്‍ക്ക് ബലം പകരുകയും ചെയ്തു. എന്നാല്‍ അതെല്ലാം അസ്ഥാനത്താക്കുകയായിരുന്നു അന്തിമ വിധിന്യായം. ആര്‍ട്ടിക്കിള്‍ 370 സാധ്യമാക്കിയ സാഹചര്യത്തെപ്പോലും വിശകലനം ചെയ്യുന്നതില്‍ കോടതി പരാജയപ്പെട്ടു. എന്ന് മാത്രമല്ല ബാബരി മസ്ജിദ് കേസില്‍ സാധാരണക്കാരന്റെ സാമാന്യ ബുദ്ധിയെപ്പോലും അപഹസിച്ചതിന്റെ ആവര്‍ത്തനമായി അത് മാറുകയും ചെയ്തു. സര്‍ക്കാര്‍ അഭിഭാഷകര്‍ പറയുന്നതിന്റെ അപ്പുറത്തേക്ക് ഒന്നും രാജ്യത്തെ ഉന്നത നീതിപീഠത്തിന് കൂട്ടിച്ചേര്‍ക്കാനില്ല എന്ന അവസ്ഥ അങ്ങേയറ്റം ഭീതിദമാണ്.
കശ്മീര്‍ കേസിലെ സുപ്രീം കോടതി വിധി ഉണ്ടാക്കാന്‍ പോകുന്ന ഫലങ്ങള്‍ ദൂരവ്യാപകമാണ്. വിധിയെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ പ്രസ്താവിച്ചു കഴിഞ്ഞു. ‘രാജ്യദ്രോഹി’കളുടെ പുതിയ ഒരു നിര തന്നെ രാജ്യത്ത് ഉദയം ചെയ്യുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. അതിനേക്കാളൊക്കെ അപകടകരമായ കാര്യം ജുഡീഷ്യറിയില്‍ ഈ വിധി ഉണ്ടാക്കാന്‍ പോകുന്ന സ്വാധീനം തന്നെയായിരിക്കും. ആശാസ്യമല്ലാത്ത ഈ പ്രവണത കശ്മീരില്‍ തുടങ്ങി കശ്മീരില്‍ അവസാനിക്കുന്നതല്ല എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നാളെ അഖണ്ഡതയുടെ പേരില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കപ്പെട്ടാലും, കോടതിയുടെ സമീപനം വ്യത്യസ്തമാകാന്‍ സാധ്യതയില്ല. ആള്‍ക്കൂട്ടം കോടതിയും കോടതി ആള്‍ക്കൂട്ടവും ആകുന്ന അപകടകരമായ കാലത്ത് വിസ്മരിക്കപ്പെടുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തന്നെയായിരിക്കും.