Connect with us

prathivaram health

അശാസ്ത്രീയ ഡയറ്റ് പ്ലാനുകൾ അപകടം

ശരിയായ പോഷകബാലൻസ് ഉറപ്പാക്കുകയും ദീർഘകാല ആരോഗ്യഗുണങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിനായി ശാസ്ത്രീയമായി തെളിയിച്ച, ദീർഘകാലം തുടരാൻ കഴിയുന്ന, പോഷകശാസ്ത്രത്തെ കുറിച്ച് ആധികാരികമായി പഠിച്ച ഡയറ്റീഷ്യൻ നിർദേശിച്ച ആരോഗ്യകരമായ ഭക്ഷണക്രമം തന്നെ പിന്തുടരേണ്ടതുണ്ട്.

Published

|

Last Updated

രു നല്ല ആഹാരരീതി എന്നത് ശരീരത്തിനാവശ്യമായ പോഷകങ്ങൾ ശരിയായ അളവിലും സമതുലിതമായ രീതിയിലും ഉൾക്കൊള്ളുന്ന ഭക്ഷണക്രമം ആണ്. ഇത് ശാരീരിക , മാനസിക ആരോഗ്യം നിലനിർത്താൻ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ, ശരീരഭാരം നിയന്ത്രിക്കാൻ, ദൈനംദിന ഊർജം നൽകാൻ സഹായിക്കുന്നു.

ആഹാരം പാകം ചെയ്യാനുള്ള സമയക്കുറവ്, ജോലിത്തിരക്ക് പോലുള്ള ജീവിതശൈലി കാരണം പലർക്കും ആരോഗ്യത്തിന് വേണ്ടതൊന്നും ശരിയായ രീതിയിൽ പാലിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. വേഗത്തിൽ വണ്ണം കുറയ്ക്കണം, ശരീരം ടോൺ ചെയ്യണം, ആരോഗ്യപ്രശ്‌നങ്ങൾ കുറയ്ക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങൾ പലരുടെയും പ്രധാന ലക്ഷ്യമായിരിക്കുന്നു.എന്നാൽ, ഇത് കൈവരിക്കാൻ, YouTube, Instagram, Tik Tok, Facebook തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇൻഫ്ലുവൻസർമാരും സ്വയം പ്രഖ്യാപിത പോഷക വിദഗ്ധരും പറയുന്ന കുറുക്കു വഴികളായ ആശാസ്ത്രീയമായ ആഹാരിതി (fad diet), മീൽ റീപ്ലേസ്‌മെന്റ് സൂപ്പലമെന്റ്്സ്, ക്രാഷ് ഡയറ്റ് തുടങ്ങിയ അനാരോഗ്യകരമായ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നവർ ഏറെയാണ്. ഇത്തരം കുറുക്കുവഴികൾ പിന്തുടരുന്നത് ദീർഘകാലത്തേക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും.

ആശാസ്ത്രീയ ആഹാരരീതി (fad Diet) എന്നത് ഒരു പ്രത്യേക പോഷകം തീർത്തും ഒഴിവാക്കുകയോ അതിരൂക്ഷമായി കുറക്കുകയോ ചെയ്യുന്ന, ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത ഒരു ഭക്ഷണരീതിയാണ്. ശരിയായ പോഷകബാലൻസ് ഉറപ്പാക്കുകയും ദീർഘകാല ആരോഗ്യഗുണങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിനായി ശാസ്ത്രീയമായി തെളിയിച്ച, ദീർഘകാലം തുടരാൻ കഴിയുന്ന, പോഷകശാസ്ത്രത്തെ കുറിച്ച് ആധികാരികമായി പഠിച്ച ഡയറ്റീഷ്യൻ നിർദേശിച്ച ആരോഗ്യകരമായ ഭക്ഷണക്രമം തന്നെ പിന്തുടരേണ്ടതുണ്ട്.

അശാസ്‎ത്രീയ ആഹാരരീതികൾ

ശാസ്ത്രീയ അടിസ്ഥാനത്തിന്റെ അഭാവം

  • ഒരു ശരിയായ ഡയറ്റ് രൂപവത്കരിക്കാൻ പോഷകശാസ്ത്രം, മനുഷ്യശരീര ശാസ്ത്രം, വ്യക്തിയുടെ ആരോഗ്യസ്ഥിതി തുടങ്ങിയവ വിശദമായി പരിഗണിക്കണം. എന്നാൽ പല ഇൻഫ്ലുവൻസർമാരും ശാസ്ത്രീയ പഠനങ്ങളില്ലാതെ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ മാത്രം അടിസ്ഥാനമാക്കി ഡയറ്റുകൾ നിർദേശിക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

പോഷകാഹാര കുറവ് ഉണ്ടാകാനുള്ള സാധ്യത

  • ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ, മിനറലുകൾ, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ കുറവ് വരുത്തിയിട്ടുള്ള ഭക്ഷണക്രമം ആരോഗ്യപ്രശ്നങ്ങൾക്കും പോഷക ദൗർബല്യത്തിനും കാരണമാകുന്നു. ഉദാഹരണത്തിന്, അമിതമായ ലോ കാർബോ ഹൈഡ്രേറ്റ് ഡയറ്റ് പിന്തുടരുന്നത് ക്ഷീണം, തലകറക്കം, ഏകാഗ്രതക്കുറവ് എന്നിവക്ക് കാരണമാകാം. ദീർഘ കാലത്തേക്ക് ഇത്തരം പോഷക ദൗർബല്യം ഉണ്ടായാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാകാം.

മെറ്റബോളിസത്തെയും ദഹനപ്രവർത്തനങ്ങളെയും ബാധിക്കുന്നു

  • ചില ഡയറ്റുകൾ അതിരുവിട്ട കലോറി നിയന്ത്രണം നിർദേശിക്കുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാക്കുകയും ദഹനപ്രക്രിയകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വയറു വേദന, മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ കൂടുതൽ മോശമാകാം

  • പ്രമേഹം, തൈറോയ്ഡ്, ഹൃദ്രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് വ്യക്തിഗത പോഷക പരിപാലനം അനിവാര്യമാണ്. എല്ലാ ഡയറ്റുകളും എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ല. സോഷ്യൽ മീഡിയയിൽ പരത്തുന്ന ഡയറ്റുകളും, പ്രോട്ടീൻ സപ്ലിമെന്റ്മാത്രം കുടിച്ചു വണ്ണം കുറക്കാനും ഒക്കെ നോക്കുമ്പോൾ ആരോഗ്യനില കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.

ഒരു ഡയറ്റീഷ്യൻ അല്ലെങ്കിൽ പോഷകാഹാര വിദഗ്ധനെ സമീപിക്കേണ്ടത്തിന്റെ പ്രാധാന്യം

വ്യക്തിഗത ആരോഗ്യാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഡയറ്റ് പ്ലാൻ

  • ഡയറ്റീഷ്യൻ നിങ്ങളുടെ ശരീരത്തിന്റെ ആവശ്യം മനസ്സിലാക്കി നിങ്ങൾക്ക് അനുയോജ്യമായ ഭക്ഷണക്രമം നിർദേശിക്കും.

ദീർഘകാല ആരോഗ്യ ഗുണങ്ങൾ

  • ആശാസ്ത്രീയമായ ഡയറ്റുകൾ വേഗതയേറിയ താത്കാലിക ഫലങ്ങൾ മാത്രം നൽകുന്നുവെങ്കിലും, ഡയറ്റീഷ്യൻ നിർദേശിക്കുന്ന ആരോഗ്യകരമായ ഭക്ഷണരീതികൾ ദീർഘകാല ആരോഗ്യ ഗുണങ്ങൾ ഉറപ്പാക്കുന്നു.

അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാം

  • ശാസ്ത്രീയമായി ശരിവെച്ചിട്ടില്ലാത്ത ഡയറ്റുകൾ പിന്തുടരുന്നത് ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. യോഗ്യതയുള്ള പോഷകാഹാര വിദഗ്ധരുടെ ഉപദേശം തേടുന്നത് സുരക്ഷിതമായ ഡയറ്റുകൾ തിരഞ്ഞെടുക്കാൻ സഹായിക്കും.

ഒരു ആഹാരരീതി (ഡയറ്റ്) അനുവർത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

പോഷക ശാസ്ത്രത്തെ കുറിച്ച് ആധികാരികമായി പഠിച്ചിട്ടുള്ള ആളാണോ ആഹാരരീതി നിർദേശിക്കുന്നത്?

  • ആഹാരരീതികൾ (ഡയറ്റുകൾ) ശാസ്ത്രീയമായ പഠനം നടത്തിയ, പരിചയസമ്പന്നരായ ഡയറ്റീഷ്യന്മാരോ പോഷക വിദഗ്ധരോ ആണോ നിർദേശിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.
    സോഷ്യൽ മീഡിയയിൽ അനധികൃതരായ ഫിറ്റ്‌നസ് ഇൻഫ്ലുവൻസർമാരും സ്വയം പ്രഖ്യാപിത പോഷക വിദഗ്ധരും നൽകിയ ആശാസ്ത്രീയ ഡയറ്റുകൾ (Fad Diets) പിന്തുടരാതിരിക്കുക.
    നിങ്ങളുടെ ആരോഗ്യനില, ജീവിത ശൈലി, മെഡിക്കൽ കണ്ടീഷനുകൾ എന്നിവ കണക്കിലെടുത്ത് വ്യക്തിപരമായ ആഹാരക്രമം നിർദേശിക്കുന്നവരായിരിക്കണം.

എല്ലാവർക്കും ഒരേപോലുള്ള ഡയറ്റ് ആണോ കൊടുക്കുന്നത് എന്ന് ശ്രദ്ധിക്കുക. ഒരു വ്യക്തിക്ക് അനുയോജ്യമായ ഡയറ്റ് മറ്റൊരാൾക്ക് ശരിയാകണമെന്നില്ല.

  • ഓരോ വ്യക്തിയുടെയും പ്രായം, ലൈംഗികത, ശാരീരിക അവസ്ഥ, ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾ, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വ്യക്തിഗതമായ ഡയറ്റുകൾ ആസൂത്രണം ചെയ്യണം. PCOS, Thyroid, Diabetes, Fatty Liver, IBS, Heart Disease പിന്തുടരേണ്ടതുണ്ട്.
    എല്ലാവർക്കും ഒരേപോലെ “വണ്ണം കുറക്കാനുള്ള ഭക്ഷണക്രമം’ നിർദേശിക്കുന്നത് ശാസ്ത്രീയമായ രീതിയല്ല.

അടിസ്ഥാന പോഷകങ്ങൾ എല്ലാം ഉൾപ്പെടുത്തണം

  • കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയെല്ലാം ബാലൻസ്ഡ് ആയിരിക്കണം.”carbs മുഴുവനായി ഒഴിവാക്കണം’, “കൊഴുപ്പ് ഒന്നും വേണ്ട’ തുടങ്ങിയ തെറ്റായ ധാരണകൾ ഒഴിവാക്കണം.

അഹാരത്തിനുപകരം സപ്ലിമെന്റുകൾ മാത്രം ആശ്രയിക്കരുത്. meal replacement powders, fat burners, protein shakes ഉപയോഗിക്കുന്നത് അപകടകരമാണ്.

  • ശരിയായ ഡയറ്റിൽ നിന്ന് ലഭിക്കേണ്ട പോഷകങ്ങൾ, ഈ സപ്ലിമെന്റുകൾ മാത്രം നൽകില്ല.
    സപ്ലിമെന്റുകൾ ആവശ്യത്തിന് പ്രത്യേക അവസ്ഥകളിൽ മാത്രമേ ഉപയോഗിക്കാവൂ, അത് ഡോക്ടറോ ഡയറ്റീഷ്യനോ നിർദേശിച്ചാൽ മാത്രം.

ശരിയായ പോഷകാഹാര നിയന്ത്രണത്തിലൂടെ ഒരു മാസം കൊണ്ട് എത്ര കിലോ ഭാരം കുറയ്ക്കാം?

  • ശാസ്ത്രീയമായ രീതിയിൽ ഒരു മാസത്തിൽ 2-3 കിലോ വരെ കുറയ്ക്കാനാണ് ഏറ്റവും ആരോഗ്യകരമായ പരിധി. ഇതിനേക്കാൾ വേഗത്തിൽ അഞ്ചും പത്തും കിലോ വരെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത് അപകടകരമായ ഫലങ്ങൾ ഉണ്ടാക്കാം.

Latest