Connect with us

സാഹിത്യം

ഇരുണ്ടകാലത്തിന്റെ നെടുസാക്ഷ്യങ്ങൾ

ഹിറ്റ്‌ലറുടെ ഹോളൊകോസ്റ്റിന്റെ നടുക്കുന്ന ഓർമകൾ അക്ഷരലോകത്ത് പങ്കുവെച്ച എഴുത്തുകാരനാണ് ഗ്യോർഗി കോൺറാഡ്.ഭാഷയിലും ആഖ്യാനത്തിലുമുള്ള പുതുമയാർന്ന പരീക്ഷണങ്ങളാൽ ശ്രദ്ധേയമാണ് കോൺറാഡിന്റെ എല്ലാ രചനകളും. ഹംഗറിക്കു പുറമെ മറ്റു നിരവധി രാഷ്ട്രങ്ങളിലും അവ പരക്കെ വായിക്കപ്പെടുന്നുണ്ട്.

Published

|

Last Updated

വംശീയ വിദ്വേഷത്തിന്റെ എക്കാലത്തെയും വെറുക്കപ്പെട്ട മുദ്രകളിലൊന്നായ ഹിറ്റ്‌ലറുടെ ഹോളൊകോസ്റ്റിന്റെ നടുക്കുന്ന ഓർമകൾ അക്ഷരലോകത്ത് പങ്കുവെച്ച എഴുത്തുകാരനാണ് ഗ്യോർഗി കോൺറാഡ്. ഹംഗറിയിലെ വിഖ്യാതനായ ഈ എഴുത്തുകാരൻ 2019 ൽ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞപ്പോൾ അതോടൊപ്പം മാഞ്ഞുപോയത്ത് രക്തപങ്കിലമായ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള കരൾ പിളർത്തുന്ന ഓർമകൾ കൂടിയാണ്. ഹംഗറിയിലെ വിമത എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനാണ് ഗ്യോർഗി കോൺറാഡ്. ആക്ടിവിസ്റ്റും സാമൂഹ്യശാസ്ത്രജ്ഞനും മനുഷ്യാവകാശപ്രവർത്തകനും കൂടിയായ അദ്ദേഹം അന്തർദേശീയതലത്തിൽ പ്രശസ്തങ്ങളായ നിരവധി നോവലുകളുടെയും ഉപന്യാസങ്ങളുടെയും രചയിതാവാണ്.

1933 ഏപ്രിൽ രണ്ടിന് കിഴക്കൻ ഹംഗറിയിലെ ഒരു യഹൂദ കുടുംബത്തിലാണ് ഗ്യോർഗി കോൺറാഡ് ജനിച്ചത്. ഹിറ്റ്‌ലറുടെ നരവേട്ടയിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. 1944 ൽ മാതാപിതാക്കളെ ഓസ്ട്രിയയിലേക്ക് നാടുകടത്തിയതോടെ അനാഥരായ കോൺറാഡും സഹോദരി ഈവയും പിന്നീട് ഒരു സ്വിസ് കുടുംബത്തിന്റെ സംരക്ഷണയിലാണ് വളർന്നത്. ബന്ധുക്കളും കൂട്ടുകാരുമുൾപ്പെടെ ആ പ്രദേശത്തെ മുഴുവൻ ജൂതരേയും കോൺസൻട്രേഷൻ ക്യാമ്പിൽ വെച്ച് കൂട്ടക്കശാപ്പ് നടത്തിയതിന്റെ നടുക്കുന്ന ഓർമകളിലൂടെയാണ് കോൺറാഡിന്റെ ബാല്യം കടന്നുപോയത്. അതിന്റെ തീക്ഷ്ണ നൊമ്പരങ്ങളിൽനിന്നുമാണ് പിൽക്കാലത്തെ തന്റെ സാഹിത്യപ്രവർത്തനങ്ങൾക്കുള്ള ഇന്ധനം അദ്ദേഹം ഊറ്റിയെടുത്തത്.

പതിനൊന്നാം വയസ്സിൽത്തന്നെ താൻ പക്വതനേടിയെന്ന് ആത്മകഥയിൽ അദ്ദേഹം പറയുന്നത് അതിശയോക്തിയല്ലതന്നെ.കോൺറാഡിന്റെ ആദ്യനോവൽ The Case Worker 1969 ലാണ് പ്രസിദ്ധീകരിച്ചത്. വായനക്കാരിൽനിന്നും വൻ സ്വീകരണം ലഭിച്ച ഈ കൃതിയുടെ ആദ്യ എഡിഷനിലെ ആറായിരം പ്രതികൾ അത് പുറത്തിറങ്ങിയ ദിവസംതന്നെ വിറ്റുതീർന്നു. ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ താനനുഭവിച്ച യാഥാർഥ്യങ്ങളെക്കുറിച്ച്‌ സത്യസന്ധമായി, അനാർഭാടമായി അദ്ദേഹം ഈ പുസ്തകത്തിൽ വിവരിക്കുന്നു.

പതിമൂന്ന് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ നോവലിലെ ചില പരാമർശങ്ങൾ ഹംഗറിയിലെ കമ്യൂണിസ്റ്റ് സർക്കാറിനെ വിമർശിക്കുന്നതാണെന്ന കാരണത്താൽ അതിന്റെ രണ്ടാം എഡിഷന്റെ പ്രസിദ്ധീകരണത്തിന് രാജ്യത്ത് വിലക്കേർപ്പെടുത്തി. The City Builder, Hungarian Life, Ante Politics, Departure and Return എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റു പുസ്തകങ്ങൾ. ഹിറ്റ്‌ലറുടെ വംശവെറിയുടെ ഇരകളായിത്തീർന്ന ലക്ഷക്കണക്കിന് ജൂതരുടെയും ഹംഗറിയിലെ കമ്യൂണിസ്റ്റ് ഭരണകൂടം നിശ്ശബ്ദരാക്കിയ അസംഖ്യം എഴുത്തുകാരുടെയും ബുദ്ധിജീവികളുടേയും ആക്ടിവിസ്റ്റുകളുടെയും ജീവിതചിത്രങ്ങളുടെ നേർക്കാഴ്ചകളാണ് ഈ രചനകൾ വായനാലോകത്തിനുമുന്നിൽ തുറന്നുവെക്കുന്നത്.

കമ്യൂണിസ്റ്റ് ഭരണത്തിന്റെ നിശിതവിമർശകനായിരുന്നു ഗ്യോർഗി കോൺറാഡ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം സ്വതന്ത്ര ചിന്തക്കും ആശയപ്രകാശനത്തിനുമെതിരെയുള്ള ഭരണകൂടത്തിന്റെ അസഹിഷ്ണുതക്കെതിരെ നിരന്തരം വാദിക്കുകയും എഴുതുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വലിയ വിമതശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. കോൺറാഡിന്റെ എല്ലാ രചനകൾക്കും ഹംഗറിയിൽ വിലക്കേർപ്പെടുത്തിയിരുന്നു. 1978ൽ ഒരു സ്നേഹിതനോടോപ്പം ചേർന്നെഴുതിയ The Road of Intellectuals to Class Power എന്ന പുസ്തകം രഹസ്യ പോലീസ് പിടിച്ചെടുത്തതിനെത്തുടർന്ന് ഗ്രന്ഥകർത്താക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു.

കോൺറാഡിനോട് നാടുവിട്ടു പോകാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും, അതിനു തയ്യാറാകാതെ അദ്ദേഹം സ്വതന്ത്രജനാധിപത്യവാദികളുടെ ഗ്രൂപ്പിൽ ചേർന്ന് ഒളിസങ്കേതത്തിൽ വെച്ച് ഭരണവിരുദ്ധ പ്രവർത്തങ്ങളിൽ മുഴുകുകയാണുണ്ടായത്. 1989 ൽ ഹംഗറിയിൽ നിന്നും കമ്യൂണിസ്റ്റ് ഭരണം കൊടിയിറങ്ങിയതിനുശേഷമാണ് കോൺറാഡിന്റെ രചനകൾക്ക് മോക്ഷം ലഭിച്ചത്. അധികം വൈകാതെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനും ജനനേതാവുമായി കോൺറാഡ് ഉയർന്നു. എങ്കിലും രാഷ്ട്രീയം തന്റെ തട്ടകമല്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം അതിനെ കൈവിട്ട് എഴുത്തിൽ സജീവമാവുകയാണുണ്ടായത്.

ഭാഷയിലും ആഖ്യാനത്തിലുമുള്ള പുതുമയാർന്ന പരീക്ഷണങ്ങളാൽ ശ്രദ്ധേയമാണ് കോൺറാഡിന്റെ എല്ലാ രചനകളും. ഹംഗറിക്കു പുറമെ മറ്റു നിരവധി രാഷ്ട്രങ്ങളിലും അവ പരക്കെ വായിക്കപ്പെടുന്നുണ്ട്. 1990 മുതൽ 1993 വരെ PEN എന്ന, എഴുത്തുകാരുടെ അന്താരാഷ്ട്ര സംഘടനയുടെ അധ്യക്ഷനായിരുന്നു ഗ്യോർഗി കോൺറാഡ്. ഹംഗറിയിലെയും ജർമനിയിലെയും ഫ്രാൻസിലെയും ഉന്നതമായ നിരവധി സാഹിത്യ ബഹുമതികൾ കരസ്ഥമാക്കിയ ഈ എഴുത്തുകാരന്റെ ജീവിതവും എഴുത്തും മാനവികതക്കു വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾ തന്നെയായിരുന്നു. കോൺറാഡില്ലാതെ ഹംഗറിയുടെ സാഹിത്യചരിത്രം പൂർണമാവുകയില്ലെന്നത് തീർച്ചയാണ്.