Connect with us

Uae

ഈത്തപ്പഴ വിപണി ഉണര്‍ന്നു; ഉത്സവങ്ങളും സജീവം

ചൂട് കനത്തതോടെ പഴുത്തു തുടങ്ങിയ ഈത്തപ്പഴങ്ങള്‍ അടുത്ത നാളുകളില്‍ പൂര്‍ണ വിളവെടുപ്പിലേക്ക് നീങ്ങും. പാതി പഴുത്ത ഈത്തപ്പഴങ്ങളുടെ വിളവെടുപ്പ് ഇതിനകം യു എ ഇയില്‍ ആരംഭിച്ചു.

Published

|

Last Updated

ഷാര്‍ജ | രാജ്യത്തെ ഈത്തപ്പഴ വിപണി ഉണരുന്നു. ചൂട് കനത്തതോടെ പഴുത്തു തുടങ്ങിയ ഈത്തപ്പഴങ്ങള്‍ അടുത്ത നാളുകളില്‍ പൂര്‍ണ വിളവെടുപ്പിലേക്ക് നീങ്ങും. പാതി പഴുത്ത ഈത്തപ്പഴങ്ങളുടെ വിളവെടുപ്പ് ഇതിനകം യു എ ഇയില്‍ ആരംഭിച്ചു. നേരത്തെ ഒമാനില്‍ നിന്നും മറ്റുമാണ് ‘റുതാബ്’ എന്ന് വിളിക്കുന്ന ഇവ മാര്‍ക്കറ്റിലേക്ക് എത്തിയിരുന്നത്. ഇപ്പോള്‍ പ്രാദേശിക ഉത്പന്നങ്ങളും സജീവമായി.

ഈത്തപ്പഴ വിപണിയില്‍ ഷാര്‍ജയിലെ സൂഖ് അല്‍ ജുബൈല്‍ ഒരു പ്രധാന കേന്ദ്രമാണ്. ഈത്തപ്പഴ കടകള്‍ പുതിയ സീസണ്‍ വരവേല്‍ക്കാന്‍ വിപുലമായി ഒരുങ്ങിയിട്ടുണ്ട്. അടുത്ത സെപ്തംബര്‍ അവസാനം വരെ ഇവിടെ സൂഖ് അല്‍ ജുബൈല്‍ ഈത്തപ്പഴ ഉത്സവമെന്ന പേരില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പൗരന്മാരും താമസക്കാരും സന്ദര്‍ശകരും ഒരുപോലെ ധാരാളമായി ഈത്തപ്പഴ വിപണിയിലെത്തുന്ന വേളയാണിത്. എമിറേറ്റ്സിലെ ഏറ്റവും പ്രധാനപ്പെട്ട വിപണന കേന്ദ്രങ്ങളിലൊന്നാണ് നഗര ഹൃദയഭാഗത്തുള്ള സൂഖ് അല്‍ ജുബൈല്‍.

ഈത്തപ്പഴം ഉള്‍പ്പെടെയുള്ള ദേശീയ ഉത്പന്നങ്ങളെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള താത്പര്യത്തിന്റെ ചട്ടക്കൂടിലാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നതെന്ന് ഷാര്‍ജ സിറ്റി മാര്‍ക്കറ്റ്സ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ ശംസി നേരത്തെ വ്യക്തമാക്കിയിരുന്നു. സന്ദര്‍ശകരുടെ വൈവിധ്യമാര്‍ന്ന അഭിരുചികള്‍ നിറവേറ്റുന്നതിനായി വിവിധ തരം ഈത്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

അല്‍ ദൈദ് ഈത്തപ്പഴ മഹോത്സവവും ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്നുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈത്തപ്പഴ വിപണിയില്‍ സജീവമായ ചലനങ്ങളാണ് നടക്കുന്നത്.

 

Latest