Kerala
അച്ഛന്‍ മത്സരിച്ച ഇനത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മത്സരിക്കാനെത്തി മകളും ; കൗതുകമുണര്‍ത്തി നാടോടിനൃത്ത വേദി
നൃത്ത ആര്‍ദ്രക്ക് പരിശീലനത്തിനിടെ കാലില്‍ പരുക്കേറ്റിരുന്നു.
കൊല്ലം | കൗമാര കലാമാമാങ്കത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്തത്തില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ഥിയും രക്ഷിതാവും സമ്മാനിച്ചത് ഏറെ കൗതുകകരമായ ഒരു വാര്‍ത്ത .മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ഹരീഷ് പങ്കെടുത്ത അതേ ഇനമായ നാടോടി നൃത്തത്തിലാണ് മകള്‍ ആര്‍ദ്രയും മത്സരിക്കാന്‍ കൊല്ലത്തെത്തിയത്. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്‍ദ്രയെ ചെറുപ്പം മുതലേ നൃത്തം പഠിപ്പിക്കുന്നത് അച്ഛനാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ വെച്ച് നടന്ന കലോത്സവത്തില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായാണ് അച്ഛന്‍ ഹരീഷും വേദിയിലെത്തിയതെന്നത് മറ്റൊരു പ്രത്യേകതയാണ്.
അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കെടുത്ത അതേ ഇനത്തില്‍ മത്സരിക്കാനെത്തിയത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ആര്‍ദ്ര പറഞ്ഞു.നൃത്ത പരിശീലനത്തിനിടെ കാലില്‍ പരിക്കുകള്‍ സംഭവിച്ചിരുന്നു. അതിനാല്‍ നല്ല രീതിയില്‍ നൃത്തം ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടെന്നും ആര്‍ദ്ര പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ ആര്‍ദ്ര എത്തിയിരുന്നു. ഇത്തവണ നാടോടിനൃത്തത്തില്‍ ആര്‍ദ്രക്ക് പരിശീലനം നല്‍കിയത് എറണാകുളത്ത് നിന്നുള്ള നൃത്താധ്യാപകനാണ്.