vadakkanchery accident
വടക്കഞ്ചേരി അപകടം: മൃതദേഹങ്ങൾ സ്കൂളിലെത്തിച്ചു; കണ്ണീർക്കടലായി അക്ഷരമുറ്റം
അകാലത്തിൽ പൊലിഞ്ഞ പ്രിയ സഹപാഠികളെ ഒരു നോക്ക് കാണാൻ വിദ്യാർഥികളും ബന്ധുക്കളുമടക്കം നൂറുക്കണക്കിന് പേർ സ്കൂൾ മുറ്റത്ത് എത്തിയിട്ടുണ്ട്.
തൃശൂർ/ പാലക്കാട്/ എറണാകുളം | വടക്കഞ്ചേരിയിൽ ഇന്ന് പുലർച്ചെയുണ്ടായ ബസപകടത്തിൽ മരിച്ച അധ്യാപകന്റെയും വിദ്യാർഥികളുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനായി മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ സ്കൂളിലേക്ക് എത്തിച്ചത്.
ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനുമാണ് അപകടത്തിൽ മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥികളായ എല്‍ന ജോസ് (15), ക്രിസ് വിൻ്റർബോൺ ജോസ് (16), ദിയ രാജേഷ് (15), പ്ലസ് ടു വിദ്യാർഥികളായ അഞ്ജന അജിത് (17), ഇമ്മാനുവല്‍ (16), കായിക അധ്യാപകനായ വിഷ്ണു (33) എന്നിവരാണ് മരിച്ച, ടൂറിസ്റ്റ് ബസ് യാത്രക്കാർ. ഇവരുടെ മൃതദേഹമാണ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചത്.
അകാലത്തിൽ പൊലിഞ്ഞ പ്രിയ സഹപാഠികളെ ഒരു നോക്ക് കാണാൻ വിദ്യാർഥികളും ബന്ധുക്കളുമടക്കം നൂറുക്കണക്കിന് പേർ സ്കൂൾ മുറ്റത്ത് എത്തിയിട്ടുണ്ട്. ഹൃദയഭേദകമാണ് അവിട നിന്നുള്ള കാഴ്ചകൾ. ഏറെ ആഹ്ളാദത്തോടെ വിനോദയാത്രക്കായി പുറപ്പെട്ട മക്കൾ ചേതനയറ്റ് മുന്നിലെത്തിയപ്പോൾ രക്ഷിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ആംബുലൻസിൽ മൃതദേഹങ്ങൾ ഒന്നൊന്നായി എത്തിയപ്പോൾ കൂടിയിരുന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകി.
ഗതാഗത മന്ത്രി ആന്റണി രാജു, മന്ത്രി പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ നേതാക്കൾ സ്കൂളിൽ എത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലാ ആശുപത്രിയിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ആംബുലൻസുകൾക്ക് വേഗത്തിൽ എറണാകുളത്ത് എത്താൻ വേണ്ട ക്രമീകരണങ്ങൾ പോലീസ് ഒരുക്കിയിരുന്നു.
ഇന്നലെ രാത്രി 11.30ഓടെയാണ് തൃശൂർ- പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിക്ക് സമീപം അപകടമുണ്ടായത്. സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കെ എസ് ആർ ടി സി ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ്.