Connect with us

National

മൃതദേഹം അർജുന്റേത് തന്നെ; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ അറിയിച്ചു.

Published

|

Last Updated

ബെംഗളൂരു | ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്നും കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ മൃതദേഹം തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം.ഡിഎന്‍എ ഫലം വന്ന സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങള്‍ക്ക് ആരംഭിക്കും.
അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്.

ലോറി ഇന്നലെ അര്‍ജുന്റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാലാണ് ഡിഎന്‍എ പരിശോധന നടത്തിയത്. നിലിവില്‍ മൃതദേഹം കോഴിക്കോടേക്ക് എത്തിക്കാന്‍ സാങ്കേതിക നടപടികള്‍ മാത്രമേ ബാക്കിയുള്ളൂ.നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ അറിയിച്ചു.

ജൂലൈ 16 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതാവുകയായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചതോടെ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പ്രദേശത്ത് തിരച്ചില്‍ നടന്നിരുന്നത്.

Latest