Kerala
വിമത നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി എൽ ജെ ഡി
വിമത നേതാക്കൾ 48 മണിക്കൂറിനകം നോട്ടീസിന് മറുപടി നൽകണമെന്നും അതിന് ശേഷം സ്വാഭാവിക നടപടികളുണ്ടാകുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
കോഴിക്കോട് | സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിമത യോഗം നടത്തിയ ഷെയ്ക്ക പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി എല്‍ ജെ ഡി. സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം.
വിമത നേതാക്കൾ 48 മണിക്കൂറിനകം നോട്ടീസിന് മറുപടി നൽകണമെന്നും അതിന് ശേഷം സ്വാഭാവിക നടപടികളുണ്ടാകുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. വിമത പ്രവർത്തനം അപലപിക്കുകയാണെന്നും ആർക്കുമുന്നിലും വാതിലുകൾ കൊട്ടിയടക്കില്ലെന്നും ശ്രേയാംസ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശ്രേയാംസ് കുമാർ സ്ഥാനമൊഴിയണമെന്ന വിമത ആവശ്യം സംസ്ഥാന സമിതി തള്ളി. ശ്രേയാംസ് സ്ഥാനം ഒഴിയാന്‍ വിമതര്‍ നല്‍കിയ സമയപരിധി ഇന്ന് തീരുന്ന പശ്ചാത്തലത്തിലായിരുന്നു നേതൃയോഗം.
ഷെയ്ക്ക് പി ഹാരിസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് സ്ഥാനമൊഴിയാന്‍ ശ്രേയാംസിന് അന്ത്യശാസനം നല്‍കിയത്. കെ പി മോഹനന് മന്ത്രിസ്ഥാനം കിട്ടാത്തത് മുതല്‍ ശ്രേയാംസിനെതിരെ എതിര്‍ചേരി നീക്കം തുടങ്ങിയിരുന്നു. പ്രസിഡന്റ് സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്നാണ് കുറ്റപ്പെടുത്തല്‍. മന്ത്രിസ്ഥാനവും അര്‍ഹമായ ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും ഉറപ്പാക്കാന്‍ ശ്രേയാംസ് എല്‍ ഡി എഫില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും വിമതര്‍ ആരോപിച്ചിരുന്നു.