Connect with us

Articles

ഹിമന്ത വിളമ്പുന്ന കൊടും വിഷം

അസമിൽ ഹിമന്തയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ അധികാരമേറ്റത് മുതൽ സംസ്ഥാനത്തെ മുസ്‌ലിംകളെ ഒറ്റപ്പെടുത്തുന്നതിലും മുസ്‌ലിംകൾക്കെതിരെ പുതിയ നിയമങ്ങൾ നിർമിക്കുന്നതിലുമാണ് ശ്രദ്ധ. ചിലതെല്ലാം നടപ്പാക്കിക്കഴിഞ്ഞു. കുറേ പേരെ ജയിലിലടച്ചു. നിരവധി മുസ്‌ലിം ഭവനങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇല്ലാതാക്കി. മദ്‌റസകൾ അടച്ചുപൂട്ടി

Published

|

Last Updated

ജമ്മു കശ്മീർ കഴിഞ്ഞാൽ മുസ്‌ലിംകൾ കൂടുതലുള്ള സംസ്ഥാനമാണ് അസം. ഇതേ അസമിലാണ് മുസ്‌ലിംകൾ ഏറ്റവും ക്രൂരമായ അന്യവത്കരണവും വിവേചനവും അനുഭവിക്കുന്നത്. ജുമുഅക്ക് നിയമസഭാ സമ്മേളനത്തിന് ഇടവേള നൽകിയത് നിർത്തുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപിച്ചതാണ് അസമിൽ നിന്ന് പുറത്തു വന്ന ഏറ്റവും പുതിയ വാർത്ത. മുസ്‌ലിം വിവാഹ മോചന ബില്ല് അസം നിയമസഭ കഴിഞ്ഞ ദിവസം അംഗീകരിക്കുകയുണ്ടായി. മുസ്‌ലിംകൾ അസം പിടിച്ചടക്കാൻ ശ്രമിക്കുകയാണെന്ന് നിയമസഭാ സമ്മേളനത്തിൽ ഹിമന്ത ബിശ്വ ശർമ ആരോപിച്ചത് ഈയിടെയാണ്. അദ്ദേഹത്തിന്റെ ഈ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഹിമന്തയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ അധികാരമേറ്റത് മുതൽ സംസ്ഥാനത്തെ മുസ്‌ലിംകളെ ഒറ്റപ്പെടുത്തുന്നതിലും മുസ്‌ലിംകൾക്കെതിരെ പുതിയ നിയമങ്ങൾ നിർമിക്കുന്നതിലുമാണ് ശ്രദ്ധ. ചിലതെല്ലാം നടപ്പാക്കിക്കഴിഞ്ഞു. കുറേ പേരെ ജയിലിലടച്ചു. നിരവധി മുസ്‌ലിം ഭവനങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇല്ലാതാക്കി. മദ്‌റസകൾ അടച്ചുപൂട്ടി.

ഈ മാസം ആദ്യം സംസ്ഥനത്തുണ്ടായ പ്രളയത്തിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പുതിയൊരു കാരണം കണ്ടെത്തിയിരിക്കുകയാണ്. അസം ജനതക്ക് പ്രളയം ഒരു പുതുമയുള്ള കാര്യമല്ല. മിക്ക വർഷങ്ങളിലും ബ്രഹ്മപുത്രയും ബരാക് നദിയും കരകവിഞ്ഞൊഴുകി സംസ്ഥാനത്ത് നാശം വിതക്കുക പതിവാണ്. ഇത്തവണ മുഖ്യമന്ത്രി പ്രളയ കാരണമായി പറഞ്ഞത് ശുദ്ധ വിഡ്ഢിത്തവും വിദ്വേഷപരവുമാണ്. ഈ മാസം ആദ്യം നടന്ന പ്രളയത്തിന് അസം മുഖ്യമന്ത്രി പേരിട്ടിരിക്കുന്നത് ജിഹാദി പ്രളയം എന്നാണ്. വല്ലാത്ത കണ്ടെത്തൽ! ഹിമന്ത ഈ പ്രയോഗം നിയമസഭക്കകത്തും പുറത്തും ആവർത്തിക്കുകയാണ് .

അസമിന്റെ അതിർത്തി സംസ്ഥാനമായ മേഘാലയയിൽ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാല എന്നൊരു സ്ഥാപനം പ്രവർത്തിച്ചുവരുന്നുണ്ട്. സ്ഥാപിതമായത് 2008ലാണ്. ബരാക് നദീ താഴ്‌വരയിൽ പ്രവർത്തിക്കുന്ന യൂനിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചാൻസലറും അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള ബംഗാളി വംശജനായ മെഹ്ബൂബുൽ ഹഖ് ആണ്. മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയെ പ്രകോപിതനാക്കുന്നത് യൂനിവേഴ്‌സിറ്റി സ്ഥാപകന്റെ പേരും അതിന്റെ ചിഹ്നവുമാണെന്ന് വ്യക്തം. കുന്നുകൾ ഇടിച്ചു യൂനിവേഴ്‌സിറ്റി പണിതത് കൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് ഹിമന്ത ആരോപിക്കുന്നത്. യൂനിവേഴ്‌സിറ്റി സ്ഥാപിതമാകുന്നതിനു മുമ്പും ശേഷവും സംസ്ഥാനത്ത് പ്രളയവും തുടർന്നുള്ള ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. മുസ്‌ലിം വിദ്വേഷം ഏതെല്ലാം വിധത്തിൽ പ്രയോഗിക്കാം എന്ന ഗവേഷണത്തിന്റെ ഫലമാണ് അസം മുഖ്യമന്ത്രിയുടെ ഈ വിദ്വേഷപ്രചാരണം. കുന്നുകളിടിച്ച് യൂനിവേഴ്‌സിറ്റി കെട്ടിടം പണിതതാണ് പ്രളയത്തിന് കാരണമെന്നു പറഞ്ഞ അസം മുഖ്യമന്ത്രി അവിടം കൊണ്ട് നിർത്തുന്നില്ല. യൂനിവേഴ്‌സിറ്റിയുടെ പ്രധാന ഗേറ്റിലെ മൂന്ന് താഴികക്കുടങ്ങൾ “ജിഹാദിന്റെ’ അടയാളമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയാണ്. അസമിൽ നിന്നുള്ള വിദ്യാർഥികളോടും ജീവനക്കാരോടും അവിടെ ജോലിയിൽ ചേരരുതെന്നും പഠിക്കരുതെന്നും അദ്ദേഹം നിഷ്‌കർഷിക്കുകയും ചെയ്യുന്നു. ഈ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടുന്നവർക്ക് അസം സർക്കാർ പരസ്യം ചെയ്യുന്ന തസ്തികകളിൽ പ്രവേശിക്കുന്നത് തടയുന്ന നിയമനിർമാണം കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും ഹിമന്ത പറഞ്ഞുവെക്കുകയാണ്. രസകരമെന്നു പറയട്ടെ, ഹിമന്ത ബിശ്വ ശർമ നേരത്തേ ഇതേ സർവകലാശാലയെ പ്രശംസിച്ചിരുന്നു. 2021ൽ യൂനിവേഴ്‌സിറ്റിയുടെ ഒരു ബ്ലോക്ക് ഉദ്ഘാടനം ചെയ്തത് ഹിമന്ത ബിശ്വ ശർമയാണ്. യു എസ് ടി എമ്മുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായ ഉദയാചലിന്റെ പതിനൊന്നാമത് സ്ഥാപക ദിനത്തിൽ പങ്കെടുത്ത ഹിമന്ത് ശർമ യൂനിവേഴ്‌സിറ്റിയെ പ്രശംസിക്കുകയുണ്ടായി. അസം മുഖ്യമന്ത്രി ഇപ്പോൾ സ്വരം മാറ്റിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയിൽ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി മേഘാലയ (യു എസ് ടി എം) മുന്നേറ്റം തുടരുകയാണ്. ഒരാഴ്ച മുമ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ച നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ റിപോർട്ടിൽ യു എസ് ടി എം ഇന്ത്യയിലെ മികച്ച 200 സർവകലാശാലകളിൽ ഇടം നേടുകയുണ്ടായി. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഏക സ്വകാര്യ സർവകലാശാലയായ യു എസ് ടി എം തുടർച്ചയായി മൂന്നാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. സർവകലാശാലയിലെ വിദ്യാർഥികളിൽ 80 ശതമാനവും ഹിന്ദുക്കളാണ്. സത്യത്തിൽ താൻ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്തിനെയാണെന്ന് ഹിമന്ത ബിശ്വ ശർമ രണ്ട് വട്ടം ആലോചിക്കേണ്ടതുണ്ട്.

ഈ മാസം 27ന് ഹിമന്ത സംസ്ഥാന നിയമസഭയിൽ നടത്തിയ പരാമർശം തനി വർഗീയമായിരുന്നു. അസം പിടിച്ചടക്കാൻ മിയ മുസ‌്ലിംകളെ അനുവദിക്കില്ല എന്നായിരുന്നു നിയമസഭയിലെ പ്രസ്താവന. മിയ മുസ്‌ലിംകൾ എന്നറിയപ്പെടുന്നത് ബംഗാളി ഭാഷ സംസാരിക്കുന്നവരെയാണ്. മുഖ്യമന്ത്രി പക്ഷം പിടിക്കൂകയാണെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ “അതെ ഞാൻ ഹിന്ദുക്കളുടെ പക്ഷത്താണെന്നായിരുന്നു’ ഭരണഘടനയിൽ തൊട്ട് അധികാരത്തിലേറിയ ഹിമന്ത ബിശ്വ ശർമ ആക്രോ ശിച്ചത്. വിവേചനമോ വിദ്വേഷമോ എന്നിൽനിന്നുണ്ടാകില്ലെന്ന സത്യവാചകം ചൊല്ലി മുഖ്യമന്ത്രിപദമേറ്റെടുത്തയാളാണ് ഇത്രയും കടുത്ത വിദ്വേഷം വിളമ്പുന്നത്. ഭരണഘടനാ ലംഘനം നടത്തിയ അസം മുഖ്യമന്ത്രിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് പ്രതിപക്ഷപാർട്ടികൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കയാണ്.

അപ്പർ അസമിലെ നാഗോണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം ചർച്ച ചെയ്യുന്നതിനിടയിലാണ് മുഖ്യമന്ത്രി ഈ വർഗീയ പരാമർശം നടത്തിയത്. ലോവർ അസമിൽ നിന്നുള്ളവർ അപ്പർ അസമിലേക്ക് പോകുന്നത് അസം പിടിച്ചെടുക്കാനാണെന്ന ഹിമന്തയുടെ പരാമർശവും സംസ്ഥാനത്തെ 18 പാർട്ടികൾ അടങ്ങിയ പ്രതിപക്ഷ സമിതി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ലോവർ അസം മുസ്‌ലിംകൾക്കും ബംഗാളി സംസാരിക്കുന്നവർക്കും ഭൂരിപക്ഷമുള്ള പ്രദേശമാണ്. അപ്പർ അസമിൽ അസമീസ് സംസാരിക്കുന്ന ഹിന്ദുക്കളാണ് കൂടുതൽ. സംസ്ഥാനത്തെ ഈ രണ്ട് പ്രദേശങ്ങളെ വംശീയമായി വേർതിരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുചാടിയിരിക്കുന്നത് .
മുസ‌്ലിംകളുടെ വിവാഹത്തിനും വിവാഹമോചനത്തിനും സർക്കാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന ബില്ല് അസം നിയമസഭ പാസ്സാക്കുകയുണ്ടായി. ഇതു സംബന്ധിച്ച് നേരത്തേ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. റവന്യൂ മന്ത്രി ജോഗെൻ മോഹൻ ബില്ല് അവതരിപ്പിച്ചതോടെ അസമിലെ മുസ്‌ലിംകളുടെ വിവാഹം സർക്കാർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ സാധുവാകുകയുള്ളൂ എന്ന് വന്നിരിക്കുകയാണ്. നേരത്തേ ഈ അധികാരം സർക്കാർ നിയോഗിച്ച ഖാസിമാർക്കായിരുന്നു. 1935ലെ മുസ്‌ലിം വിവാഹ നിയമമാണ് അസം സർക്കാർ റദ്ദാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കാലത്തെ നിയമം കഴിഞ്ഞ മാർച്ചിൽ ഓർഡിനൻസ് വഴി റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ചത് ഓർഡിനൻസിനു പകരമുള്ള ബില്ലാണ്. നിയമസഭ പാസ്സാക്കിയ മുസ്‌ലിം വിവാഹ, വിവാഹമോചന നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അസം പ്രതിപക്ഷപാർട്ടിയായ എ ഐ യു ഡി എഫ് നേതാവ് അമീനുൽ ഇസ്‌ലാം എം എൽ എ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ശൈശവ വിവാഹത്തിന് എതിരാണ്. ശൈശവ വിവാഹം തടയാനുള്ള നിയമം കൊണ്ടുവരാതെ മുസ്‌ലിം വിവാഹ- വിവാഹമോചന നിയമവും ചട്ടങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് അമീനുൽ ഇസ്‌ലാം വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest