Connect with us

National

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു

നിരക്ക് വർധനക്ക് 2024 ജൂലായ് 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകും.

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. ജീവനക്കാരുടെ ഡിഎയും പെൻഷൻകാരുടെ ഡിആറും മൂന്ന് ശതമാനം വീതമാണ് കൂട്ടിയത്. ഇതോടെ ക്ഷാമ ബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ഉയർന്നു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഡിഎ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്.

നിരക്ക് വർധനക്ക് 2024 ജൂലായ് 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ദീപാവലിക്ക് ആഴ്ചകൾക്ക് മുമ്പ് എടുത്ത തീരുമാനം ഉത്സവ സീസണിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമാണ്.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല അനുസരിച്ചാണ് വർധനയെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഡിഎയും ഡിആറും വർധിപ്പിച്ചതിലൂടെ ഖജനാവിന് പ്രതിവർഷം 9,448.35 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. 49.18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 64.89 ലക്ഷം പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

വ്യവസായ തൊഴിലാളികൾക്കുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ഡിഎ, ഡിആർ നിരക്കുകൾ കണക്കാക്കുന്നത്.

 

Latest