Kerala
കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സൂചന
രക്ഷിതാക്കള്‍ കസ്റ്റഡിയില്‍
കൊച്ചി | കോതമംഗലത്തെ ഉത്തര്‍ പ്രദേശ് സ്വദേശിനിയായ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സൂചന. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത ഉടലെടുത്തത്.
സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കോതമംഗലം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസിന്റെ മകളെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയെ വിളിക്കാനായി പോയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി.
രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും ഒരു മുറിയിലും കൈക്കുഞ്ഞും ആറു വയസുകാരിയും മറ്റൊരു മുറിയിലുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.