Connect with us

National

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതിനാല്‍; വിശദീകരണവുമായി റെയില്‍വേ

ബര്‍ത്തിനും സീറ്റിനും കുഴപ്പമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ബര്‍ത്ത് പൊട്ടിയതിനെ തുടര്‍ന്നാണ് യാത്രക്കാരന്‍ മരിച്ചതെന്ന തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും റെയില്‍വേ ആവശ്യപ്പെട്ടു.

Published

|

Last Updated

ബെംഗളൂരു | ട്രെയിന്‍ യാത്രക്കിടയില്‍ സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി വീണ് മാറഞ്ചേരി സ്വദേശി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. ബര്‍ത്ത് പൊട്ടിവീണതല്ലെന്നും മുകളിലുണ്ടായിരുന്ന യാത്രക്കാരന്‍ ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബര്‍ത്ത് താഴെ വീഴാന്‍ ഇടയാക്കിയതെന്നുമാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നത്.

ചങ്ങല ശരിയായി കൊളുത്താതിരുന്നതു മൂലം മുകളിലെ ബര്‍ത്ത് താഴെ കിടന്നിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ബര്‍ത്ത് പൊട്ടി വീണു എന്ന പ്രചാരണം തെറ്റാണെന്നും റെയില്‍വേ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അപകടമുണ്ടായ സമയത്ത് തന്നെ രാമഗുണ്ടത്ത് വണ്ടി നിര്‍ത്തുകയും യാത്രക്കാരന് വേണ്ട എല്ലാ വൈദ്യസഹായവും ഉറപ്പാക്കി. വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്‌സ് അശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും റെയില്‍വേ പറയുന്നു.

അപകടമുണ്ടായ ട്രെയിനിന്റെ സീറ്റ് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ റെയില്‍വേ അധികൃതര്‍ വിശദമായി പരിശോധിച്ചിരുന്നു. ബര്‍ത്തിനും സീറ്റിനും കുഴപ്പമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ബര്‍ത്ത് പൊട്ടിയതിനെ തുടര്‍ന്നാണ് യാത്രക്കാരന്‍ മരിച്ചതെന്ന തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും റെയില്‍വേ ആവശ്യപ്പെട്ടു.

ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടി വീണ് മാറഞ്ചേരി എളയിടത്ത് മാറാടിക്കല്‍  അലിഖാനാണ് (62) മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തെലുങ്കാനക്കടുത്തുള്ള വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ അലിഖാന്‍ താഴത്തെ ബെര്‍ത്തില്‍ ചരിഞ്ഞ് കിടക്കുകയായിരുരുന്നു.സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി വീണ് കഴുത്തില്‍ വന്നിടിച്ച് പിരടിയിലെ 3 എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതമേല്‍ക്കുകയുമായിരുന്നു. വെള്ളിയാഴ്ച ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.

Latest