Kerala
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി
പാലക്കാടും തൃശ്ശൂരും മഴ തുടരുന്നു. നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

തിരുവനന്തപുരം| സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി. കോട്ടയം കൂട്ടിക്കലില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാലക്കാടും തൃശ്ശൂരും മഴ തുടരുന്നു. നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഇന്ന് തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം ഭാഗങ്ങളില്‍ മഴമേഘങ്ങളുള്ളത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഈ മേഖലകളില്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ സ്ഥിതി ഗുരുതരമാകുമെന്നതിനാല്‍ അതീവ ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.