Kerala
കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളജുകളിൽ നഴ്സിംഗ് കോളജുകൾക്ക് ഭരണാനുമതി നൽകാൻ സർക്കാർ
ഭിന്നശേഷി ജീവനക്കാർക്ക് സംസ്ഥാന സർക്കാർ സേവനത്തിൽ സ്ഥാനക്കയറ്റത്തിൽ സംവരണം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാന മന്ത്രിസഭാ യോഗം - ഫയൽ ചിത്രം
തിരുവനന്തപുരം | കൊല്ലം, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നല്‍കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2022- 23 അധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നതിന് 14 അധ്യാപക തസ്തികകളും 22 അനധ്യാപക തസ്തികകളും സൃഷ്ടിക്കും. പാങ്ങപ്പാറയിലെ സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ച്ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11ാം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. കേരള കലാമണ്ഡലം കലാ സാംസ്‌കാരിക കല്‍പ്പിത സര്‍വകലാശാലയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.
ഐ എം ജിയിലെ നോണ്‍ അക്കാദമിക് സ്റ്റാഫുകളുടെ 11ാം ശമ്പള പരിഷ്‌ക്കരണം അംഗീകരിച്ചു. സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ 2011- 12 മുതല്‍ 2014- 15 വരെയുള്ള കാലയളവില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപകര്‍ക്കും/ അനധ്യാപകര്‍ക്കും വ്യവസ്ഥകളോടെ സംരക്ഷണാനുകൂല്യം നല്‍കും. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ ജി ആർ ഇ എഫ്, ബി ആർ ഒ എന്നിവയില്‍ നിന്നും വിരമിച്ചവര്‍/ അവരുടെ ഭാര്യ/ വിധവ എന്നിവര്‍ക്ക് യഥാര്‍ഥ താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളെ വസ്തു നികുതി അടക്കുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കും. ബി എസ് എഫ്, സി ആര്‍ പി എഫ്, സി ഐ എസ്എ ഫ്, എസ് എസ് ബി, ഐ ടി ബി പി എന്നീ കേന്ദ്ര പോലീസ് സേനാ വിഭാഗങ്ങളിലെ കേരളത്തില്‍ സ്ഥിരതാമസമാക്കിയ വിരമിച്ച ഭടന്മാര്‍/ വിരമിച്ച ഭടന്മാരുടെ ഭാര്യ/വിധവ എന്നിവര്‍ യഥാര്‍ഥ താമസത്തിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളെ വസ്തു നികുതി അടക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതോടൊപ്പമാണിത്.
ആര്‍ കെ ഐ യില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ 313 ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ പ്രാഥമിക ജലപരിശോധനാ ലാബുകള്‍ സ്ഥാപിക്കല്‍, പാലക്കാട് ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവ് റഗുലേറ്ററിന്റെ അവശേഷിക്കുന്ന പ്രവൃത്തികള്‍, വാണിയംകുളം മണ്ണന്നൂരില്‍ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാമിന്റെ അടിയന്തിര പുനരുദ്ധാരണവും വലതുതീരത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച പദ്ധതി നിര്‍ദേശങ്ങള്‍ എന്നിവ നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.