Editors Pick
മിത്ത് വിവാദം നിയമസഭയിൽ വലിച്ചിഴക്കേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനം സുചിന്തിതം
ശബരിമല വിഷയം പോലെ മിത്ത് വിഷയം ഏറ്റെടുക്കുന്ന ബി ജെ പിയെ പോലെ യു ഡി എഫും പെരുമാറിയാല്‍ അതു രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണു കോണ്‍ഗ്രസ് കരുതുന്നത്.
കോഴിക്കോട് | മിത്ത് വിവാദം നിമയസഭയില്‍ കത്തിക്കേണ്ടെന്ന യു ഡി എഫ് തീരുമാനം സുചിന്തിതമായി കൈകൊണ്ടതെന്ന് വിലയിരുത്തൽ. നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചു യു ഡി എഫ് കത്തിക്കയറുമെന്ന പ്രചാരണങ്ങൾ തള്ളിയാണ് വിഷയം സഭയില്‍ ഉന്നയിക്കേണ്ടെന്ന തീരുമാനത്തില്‍ പാര്‍ട്ടിയും മുന്നണിയും എത്തിച്ചേർന്നിരിക്കുന്നത്. ശബരിമല വിഷയം പോലെ മിത്ത് വിഷയം ഏറ്റെടുക്കുന്ന ബി ജെ പിയെ പോലെ യു ഡി എഫും പെരുമാറിയാല്‍ അതു രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണു കോണ്‍ഗ്രസ് കരുതുന്നത്. യു ഡി എഫിനെ കൂടി കളത്തിലിറക്കി ശബരിമല വിഷയം പോലെ കത്തിക്കുകയെന്ന ബിജെപി തന്ത്രം പൊളിക്കുന്നത് കൂടിയാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ നിലപാട്. നിയമസഭയിൽ മിത്ത് പരാമർശം കൊണ്ടു വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇന്ന് വ്യക്തമാക്കിയത്.
സ്പീക്കര്‍ ഷംസീറിന്റെ പ്രസംഗം വിവാദമാക്കി യുവമോര്‍ച്ച പ്രക്ഷോഭത്തിനു തുടക്കം കുറിച്ചിട്ടും ആദ്യമൊന്നും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. എന്‍ എസ് എസ് വിഷയത്തില്‍ നാമജപഘോഷയാത്ര പ്രഖ്യാപിച്ചതോടെയാണു കോണ്‍ഗ്രസ് മൗനം വെടിഞ്ഞത്. സി പി എം വിശ്വാസികളോടു മാപ്പുപറഞ്ഞ് പിന്‍മാറണമെന്ന അഭിപ്രായം കോണ്‍ഗ്രസ് ഉയർത്തി. എന്നാല്‍ മാപ്പുമില്ല തിരുത്തുമില്ല എന്ന നിലപാടില്‍ സി പി എം ഉറച്ചു നിന്നതോടെ കോൺഗ്രസ് പ്രതിരോധത്തിലായി.
ഇതോടെ ശബരിമല വിഷയത്തില്‍ എന്നപോലെ രംഗത്തിറങ്ങണമോ എന്ന ചര്‍ച്ച കോണ്‍ഗ്രസ്സില്‍ സജീവമായി. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്നും ലോക സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ വിജയം നേടാന്‍ വഴിയൊരുക്കിയതു ശബരിമല നിലപാടായിരുന്നുവെന്നും കോണ്‍ഗ്രസ്സില്‍ അഭിപ്രായം ഉയർന്നിരുന്നു. ശബരിമല വിഷയത്തില്‍ തല്ലുകൊണ്ടതും കേസില്‍ പ്രതിയായതും ബി ജെ പി ആയിരുന്നുവെങ്കിലും നേട്ടം കൊണ്ടുപോയതു മറ്റുചിലര്‍ ആയിരുന്നുവെന്നും ഇനി അങ്ങനെ ആകാന്‍ പാടില്ലെന്നുമുള്ള ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവനക്കു പിന്നില്‍ കോണ്‍ഗ്രസ് കൈവരിച്ച ഈ നേട്ടമായിരുന്നു.
ശബരിമല വിഷയത്തില്‍ എല്‍ ഡി എഫിനെതിരെ ഭക്തരില്‍ രൂപപ്പെട്ട എതിര്‍പ്പ് കോണ്‍ഗ്രസ്സിന് അനുകൂലമായെങ്കിലും ഇതേ തന്ത്രം മിത്ത് വിവാദത്തില്‍ സ്വീകരിച്ചാല്‍ തിരിച്ചടിയായിരിക്കും ഫലമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നു. സ്പീക്കര്‍ നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നാല്‍, ശാസ്ത്ര തത്വങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന ജവഹർലാൽ നെഹ്റുവിനെ വരെ നിയമസഭയില്‍ ഉള്‍പ്പെടെ തള്ളിപ്പറയേണ്ടിവരുമെന്നതും കോണ്‍ഗ്രസ്സിനെ പുനര്‍ചിന്തനത്തിനു പ്രേരിപ്പിച്ചതായാണ് വിലയിരുത്തൽ.
ശബരിമല വിഷയം പോലെ ഗണപതി വിഷയം ജനങ്ങളെ വലിയ തോതില്‍ സ്പര്‍ശിച്ചിട്ടില്ലെന്ന വിലയിരുത്തലും കോണ്‍ഗ്രസ്സിനുണ്ട്. കൂടാതെ പുതിയ തലമുറ വന്‍ തോതില്‍, മിത്ത് പരാമര്‍ശത്തില്‍ തെറ്റില്ലെന്നു വിലയിരുത്തുന്നതും കോണ്‍ഗ്രസ്സിനെ ഇരുത്തി ചിന്തിപ്പിച്ചുവെന്നുവേണം കരുതാൻ.
ദേശീയ തലത്തില്‍ ‘ഇന്ത്യ’ മുന്നണിയുണ്ടാക്കി ബി ജെ പിയുടെ ഹിന്ദുത്വ ലക്ഷ്യങ്ങള്‍ക്കെതിരെ നീക്കത്തില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും കൈകോര്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ കേരളത്തില്‍ ബി ജെ പിയുടെ തന്ത്രങ്ങള്‍ക്കു കോണ്‍ഗ്രസ് തലവച്ചുകൊടുക്കുന്നതു നല്ലതല്ലെന്ന ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം വന്നതും കോൺഗ്രസിന്റെ നിലപാട് മാറ്റത്തിലേക്ക് നയിച്ചുവെന്ന് വേണം കരുതാൻ.