National
സാമ്പത്തിക സംവരണ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയത ഹരജികളാണ് കോടതി പരിഗണിച്ചത്

ന്യൂഡല്‍ഹി | സാമ്പത്തിക സംവരണകേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് നിര്‍ണായക വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവര്‍ ചേര്‍ന്ന് ഒരു വിധിയും ജസ്റ്റിസ് രവീന്ദ്ര ബട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദ്ദിവാലാ എന്നിവര്‍ ചേര്‍ന്ന് മറ്റൊരു വിധി പ്രസ്താവവും നടത്തും.നേരത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഒരാഴ്ച്ചയോളമാണ് കേസില്‍ വാദം കേട്ടത്.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയത ഹരജികളാണ് കോടതി പരിഗണിച്ചത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹരജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം.
ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകള്‍ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന മുന്നോക്ക സമുദായ മുന്നണി ഉള്‍പ്പെടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.