Kerala
വഖഫ് ഭേദഗതി ബിൽ പാർലിമെൻ്ററി സമിതിക്ക് വിടാനുള്ള തീരുമാനം മതേതര സമൂഹത്തിന്റെ വിജയം: സമദാനി എം പി
'തീർത്തും പ്രതിലോമപരമായ ഈ കരിനിയമത്തിന്റെ പിന്നിൽ സർക്കാരിനുള്ള ഗൂഢോദ്ദേശ്യവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും പൂർണമായും നിഷ്ഫലമായെന്ന് പറയാനാവില്ലെങ്കിലും സർക്കാർ കൊണ്ടുവന്ന നിയമം കൂടുതൽ വിശകലനത്തിനും പാർലിമെൻ്ററി ജനാധിപത്യസംവിധാനത്തിൻ്റെ നിയമപരമായ പുന:പരിശോധനക്കും വിധേയമാക്കപ്പെടുന്നുവെന്നത് അടുത്ത കാലത്ത് ശക്തമായിരിക്കുന്ന പ്രതിപക്ഷ, മതേതര ചേരിയുടെ ഐക്യത്തിന്റെ കൂടി ഫലമാണ്.'
ന്യൂഡൽഹി | വഖ്ഫ് നിയമങ്ങൾ അട്ടിമറിക്കാനുള്ള ഉദ്ദേശ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിനിയമം സംയുക്ത പാർലിമെൻ്ററി സമിതിക്ക് വിടാനുള്ള തീരുമാനം പ്രതിപക്ഷ പാർട്ടികളുടെയും രാജ്യത്തെ മതേതര സമൂഹത്തിന്റെയും നിർണ്ണായക വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.
തീർത്തും പ്രതിലോമപരമായ ഈ കരിനിയമത്തിന്റെ പിന്നിൽ സർക്കാരിനുള്ള ഗൂഢോദ്ദേശ്യവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും പൂർണമായും നിഷ്ഫലമായെന്ന് പറയാനാവില്ലെങ്കിലും സർക്കാർ കൊണ്ടുവന്ന നിയമം കൂടുതൽ വിശകലനത്തിനും പാർലിമെൻ്ററി ജനാധിപത്യസംവിധാനത്തിൻ്റെ നിയമപരമായ പുന:പരിശോധനക്കും വിധേയമാക്കപ്പെടുന്നുവെന്നത് അടുത്ത കാലത്ത് ശക്തമായിരിക്കുന്ന പ്രതിപക്ഷ, മതേതര ചേരിയുടെ ഐക്യത്തിന്റെ കൂടി ഫലമാണ്.
ഇന്ത്യൻ മതേതരത്വത്തിന്റെയും ഭരണഘടനാസംവിധാനത്തിന്റെയും അവിഭാജ്യഘടകമായിരിക്കുന്ന ന്യൂനപക്ഷങ്ങളോടുള്ള നീതി ഉറപ്പാക്കുകയെന്ന പരമപ്രധാനമായ തത്വത്തെ ആത്മാർത്ഥമായ നിശ്ചയദാർഢ്യത്തോടെ എല്ലാ പ്രതിപക്ഷ കക്ഷികളും ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെ പ്രത്യാശാജനകമായ പ്രകടനങ്ങൾക്കാണ് പാർലിമെൻ്റ് ഇന്ന് സാക്ഷ്യം വഹിക്കുകയുണ്ടായത്. രാജ്യത്തിൻ്റെ ഭാവിയെ സംബന്ധിച്ച ഏറെ പ്രതീക്ഷകളുയർത്തുന്ന ദിശാസൂചിക കൂടിയാണിത്. ബില്ല് അവതരണത്തെ ശക്തമായി എതിർത്തുകൊണ്ട് സ്പീക്കർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നുവെന്നും സമദാനി പറഞ്ഞു.