National
സൈനികപിന്മാറ്റം പൂര്‍ത്തിയായി; ചൈനീസ് സൈന്യത്തിന് ഇന്ത്യ ദീപാവലി മധുരം കൈമാറും
രണ്ട് രാജ്യങ്ങളും സുപ്രധാനമായ ധാരണകളില്‍ എത്തിയതായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സൂ ഫെയ്‌ഹോങ് പറഞ്ഞു
ലഡാക്ക് | കിഴക്കന്‍ ലഡാക്ക് നിയന്ത്രണരേഖയിലെ (എല്‍ എ സി) സംഘര്‍ഷ ഭൂമിയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂര്‍ത്തിയായി. ദീപാവലി പ്രമാണിച്ച് ചൈനീസ് സൈന്യവുമായി മധുരം കൈമാറുമെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയതിന്റെ തുടര്‍ച്ചയായിരുന്നു സൈനിക പിന്‍മാറ്റം. രണ്ട് രാജ്യങ്ങളും സുപ്രധാനമായ ധാരണകളില്‍ എത്തിയതായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സൂ ഫെയ്‌ഹോങ് പറഞ്ഞു. ഇരു നേതാക്കളും സുപ്രധാന ധാരണകളില്‍ എത്തിയതിനാല്‍ ഭാവിയില്‍ നമ്മുടെ ബന്ധം സുഗമമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡെംചോക്, ഡെപ്‌സാങ് മേഖലകളില്‍ നിന്നാണ് ധാരണപ്രകാരം ഇരു രാജ്യങ്ങളുടെയും പിന്മാറ്റം പൂര്‍ത്തിയാക്കിയത്. മേഖലയില്‍ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. പരിശോധന പുരോഗമിക്കുകയാണെന്നും പട്രോളിംഗ് രീതികള്‍ ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ തീരുമാനിക്കുമെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.