From the print
ഡെമോക്രാറ്റിക് കൺവെൻഷൻ സമാപിച്ചു; പാർട്ടി നോമിനേഷൻ സ്വീകരിച്ച് കമലാ ഹാരിസ്
ഇസ്റാഈലിന് പിന്തുണ തുടരും
ചിക്കാഗോ | യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ സമ്മേളനം ചിക്കാഗോയിൽ സമാപിച്ചു. തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള പാർട്ടി നോമിനേഷൻ സമ്മേളനത്തിൽ വെച്ച് കമലാ ഹാരിസ് സ്വീകരിച്ചു. അമേരിക്കയുടെ വിദേശ നയങ്ങളിലെ സുപ്രധാന കാര്യങ്ങൾ പ്രസംഗത്തിൽ കമലാഹാരിസ് പ്രതിപാദിച്ചു.
റഷ്യക്കും ഉത്തര കൊറിയക്കും എതിരെ നിലകൊള്ളുക, ഫലസ്തീനികളുടെ അവകാശങ്ങളെ പിന്തുണക്കുക തുടങ്ങിയവയാണ് പ്രസംഗത്തിൽ പ്രദിപാദിച്ച പ്രധാന വിഷയങ്ങൾ. ഒപ്പം, പ്രതിരോധത്തിനുള്ള ഇസ്‌റാഈലിന്റെ അവകാശം സംരക്ഷിക്കുമെന്നും കമലാ ഹാരിസ് പറഞ്ഞു. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലേറിയാൽ അമേരിക്ക വലിയ വിപത്തുകൾ നേരിടും. ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് നിരവധി കുറ്റകൃത്യങ്ങളാണ് രാജ്യത്ത് നടന്നത്. പ്രസിഡന്റ് സ്ഥാനവും ട്രംപ് ദുരുപയോഗം ചെയ്തു. ആ കാലത്തേക്ക് തിരിച്ച് പോകരുതെന്നും എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകും താനെന്നും കമലാ ഹാരിസ് പറഞ്ഞു.
രാജ്യത്ത് ഗർഭച്ഛിദ്ര നിയമം നടപ്പാക്കുമെന്നും ഗസ്സയിലെ വെടിനിർത്തലിനെ പിന്തുണക്കുമെന്ന വാഗ്ദാനങ്ങളും അവർ നൽകി.
‘
ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യത്ത് എഴുതപ്പെടാവുന്ന കഥകളുള്ള എല്ലാവരുടെയും പേരിൽ ഞാൻ ഈ നോമിനേഷൻ സ്വീകരിക്കുന്നു. ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാൽ പ്രതീക്ഷിക്കാത്ത യാത്രകൾ തനിക്ക് പുതുമയല്ല. 19ാം വയസ്സിൽ ക്യാൻസർ ഗവേഷകയായി അമേരിക്കയിൽ എത്തിയ അമ്മ ശ്യാമള ഗോപാലനെ സ്മരിച്ചാണ് കമലാ ഹാരിസ് പ്രസംഗം അവസാനിപ്പിച്ചത്.
തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായിരിക്കും കമലാ ഹാരിസ്.