Connect with us

Back-to-School

ബാച്ച് തിരിച്ച് ക്വാറന്റൈൻ സ്‌കൂൾ തുറന്നാൽ ദിവസവും ആരോഗ്യ വകുപ്പ് നിരീക്ഷണം

സ്‌കൂൾ ഉൾക്കൊള്ളുന്ന പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും നിരീക്ഷണം

Published

|

Last Updated

കോഴിക്കോട് | സ്‌കൂൾ തുറന്നാൽ കൊവിഡ് വ്യാപനമുണ്ടോയെന്ന് ഓരോ ദിവസവും ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണം. സ്‌കൂൾ ഉൾക്കൊള്ളുന്ന പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും നിരീക്ഷണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇതിനായി ദിവസവും സ്‌കൂളിൽ എത്തില്ലെങ്കിലും നിരന്തരം സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടും. ഏതെങ്കിലും കുട്ടിക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്താൽ അതിന്റെ ഉറവിടം തേടുകയും കാരണങ്ങൾ അന്വേഷിക്കുകയും ചെയ്യും.

ഒരു ബാച്ചിലെ വിദ്യാർഥികൾക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ആ ബാച്ചിനെ സമ്പർക്ക വിലക്കിലാക്കും. മറ്റ് ബാച്ചിലെ വിദ്യാർഥികളെ സ്‌കൂളിൽ എത്താൻ അനുവദിക്കും.
എല്ലാ ബാച്ചിലെയും വിദ്യാർഥികൾക്ക് രോഗം റിപ്പോർട്ട് ചെയ്യുന്ന പക്ഷം സ്‌കൂൾ അടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക ആരോഗ്യ വകുപ്പായിരിക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് ഇത് സംബന്ധിച്ച് നിർദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. മാസ്‌ക് ഉപയോഗിക്കാത്തതു പോലുള്ള കൊവിഡ് ചട്ടങ്ങളിലുള്ള വീഴ്ചയാണെങ്കിൽ പി ടി എ ഉൾപ്പെടെയുള്ള കമ്മിറ്റികളെ ഉപയോഗപ്പെടുത്തി കുട്ടികളെ അക്കാര്യം ബോധ്യപ്പെടുത്തും.

സ്‌കൂൾ തുറന്ന് ആദ്യത്തെ ദിവസങ്ങളിലെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയോ ശക്തിപ്പെടുത്തുകയോ ചെയ്യാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. സ്‌കൂൾ തുറക്കുമ്പോൾ രോഗവ്യാപന തോത് കൂടുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസ് കുറയുന്നതായാണ് വിലയിരുത്തൽ.

ബയോ ബബിൾ അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് സ്‌കൂളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒരു കുട്ടിക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം സ്‌കൂളിലെത്താൻ കഴിയുന്ന രൂപത്തിലാണ് ക്രമീകരണം. ആദ്യത്തെ രണ്ടാഴ്ച കാര്യമായ പഠനങ്ങളുണ്ടാകില്ല. യൂനിഫോം നിർബന്ധമാക്കിയിട്ടില്ല. രക്ഷിതാക്കളുടെ സമ്മതപത്രം സ്‌കൂൾ അധികൃതർ വാങ്ങുന്നുണ്ട്. ഇതിന് പുറമേ കുട്ടികളെത്തുന്ന രീതി ഉൾപ്പെടെയുള്ള വിശദ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest