Connect with us

Kerala

വ്യഗ്രത വരുമാനം വര്‍ധിപ്പിക്കാന്‍ മാത്രം; റെയില്‍വേ യാത്രക്കാരെ മറക്കുന്നു

ജീവനക്കാരെ വെട്ടിക്കുറച്ചുകൊണ്ടുള്ള റെയില്‍വേയുടെ ലാഭക്കണ്ണ് ദോഷം വിതയ്ക്കുകയാണ്.

Published

|

Last Updated

കോഴിക്കോട് | വരുമാനം വര്‍ധിപ്പിക്കാനുള്ള വ്യഗ്രതയില്‍ റെയില്‍വേ യാത്രക്കാരെ മറക്കുന്നു. ആവശ്യമായ ജീവനക്കാരും സംവിധാനങ്ങളുമില്ലാതെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റെയില്‍വേ പാളം തെറ്റി ഓടുകയാണ്. ഇത്രയും അധികം ആളുകള്‍ കയറിയിറങ്ങുന്ന മേഖലയായിട്ടും ആവശ്യത്തിന് സി സി ടി വി സൗകര്യങ്ങളോ തീ കെടുത്താനുള്ള മതിയായ സംവിധാനങ്ങളോ റെയില്‍വേക്കില്ല.

റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്കും ടിക്കറ്റെടുക്കാത്തവര്‍ക്കും വരെ യാത്ര ചെയ്യാമെന്ന അവസ്ഥ കൊണ്ടുണ്ടായ ദുരന്തത്തിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് എലത്തൂരിലെ ട്രെയിന്‍ തീവെപ്പ് സംഭവം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ പോസ്റ്റുകള്‍ പാലക്കാട് ഡിവിഷനില്‍ കുറവാണ്. നേരത്തെ മാഹിയില്‍ എയ്ഡ് പോസ്റ്റിനെക്കുറിച്ച് ആലോചന ഉണ്ടായിരുന്നുവെങ്കിലും നടപ്പിലാക്കിയില്ല. ജീവനക്കാരെ വെട്ടിക്കുറച്ചുകൊണ്ടുള്ള റെയില്‍വേയുടെ ലാഭക്കണ്ണ് ഗുണത്തേക്കാളേറെ ദോഷം വിതയ്ക്കുകയാണ്.

നേരത്തെ പ്രമാദമായ സൗമ്യ കൊലപാതക സംഭവത്തില്‍ റെയില്‍വേയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നതാണ്. അക്രമം നടക്കുന്ന സമയത്ത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സോ പോലീസോ സ്ഥലത്തുണ്ടായിരുന്നില്ല. യാത്രക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങളും ട്രെയിന്‍ വഴിയുള്ള ലഹരി കടത്തും ഉള്‍പ്പെടെ വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയുമാണ്.

യാതൊരു പരിശോധനയും നേരിടാതെ ആര്‍ക്കും ട്രെയിനിലേക്ക് കടന്നുവരാമെന്നതാണ് സ്ഥിതിയെന്ന് യാത്രക്കാര്‍ പറയുന്നു. കൊവിഡിന് ശേഷം ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ടിക്കറ്റ് പരിശോധന പോലും കാര്യക്ഷമമായി നടക്കാറില്ല. കൊയിലാണ്ടി ആനക്കുളത്ത് ട്രെയിനില്‍ നിന്ന് സഹയാത്രികള്‍ തള്ളി താഴെയിട്ടതിനെ തുടര്‍ന്ന് യുവാവ് മരണപ്പെട്ടിരുന്നു. മുളന്തുരുത്തിയില്‍ ഓടുന്ന ട്രെയിനില്‍ പട്ടാപ്പകല്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ ശ്രമിച്ച സംഭവം, ചെങ്കോട്ട-കൊല്ലം പാസഞ്ചര്‍ ട്രെയിനില്‍ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത് ഇങ്ങനെ എത്രയോ അനിഷ്ട സംഭവങ്ങളുണ്ടായിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷക്കായി ട്രെയിനുകളിലും സ്റ്റേഷനുകളിലും സി സി ടി വി കാമറകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. 11000 ട്രെയിനുകളിലും 9000 റെയില്‍വേ സ്റ്റേഷനിലുമായിരുന്നു പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഓരോ കോച്ചിലും എട്ട് കാമറകള്‍ സ്ഥാപിക്കുമെന്നും ഇടനാഴിയുള്‍പ്പെടെ നിരീക്ഷണ വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പദ്ധതി പ്രവൃത്തിപഥത്തിലെത്തിയില്ല. ഭൂരിഭാഗം സ്റ്റേഷനുകളിലും പദ്ധതി നടപ്പിലായിട്ടില്ല. നടപ്പിലായ സ്ഥലങ്ങളിലാവട്ടെ പ്രവര്‍ത്തന രഹിതവുമാണ്. ട്രെയിനുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയായ ‘മേരി സഹേലി’യും തകിടം മറിഞ്ഞ അവസ്ഥയിലാണ്.

വരുമാനം വര്‍ധിപ്പിക്കാന്‍ റെയില്‍വേ കാണിക്കുന്ന താത്പര്യം യാത്രക്കാരുടെ സുരക്ഷാ കാര്യത്തിലും ഉണ്ടാവണമെന്ന് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സി ഇ ചാക്കുണ്ണി പറഞ്ഞു. ആര്‍ പി എഫ്, ജി ആര്‍ പി, ടി ടി ഇ ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഒഴിവുകള്‍ നികത്തണം. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ സിലബസില്‍ ഉള്‍പ്പെടുത്തി ബോധവത്ക്കരണം നടത്തണമെന്നും സി ഇ ചാക്കുണ്ണി ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest