Connect with us

calicut university exam

ഡിജിറ്റലായി വിതരണം ചെയ്ത ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചില്ല; കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പരീക്ഷ വൈകി

സമയം വൈകിത്തുടങ്ങി പരീക്ഷ നീണ്ട് പോയതോടെ അടിസ്ഥാന സൗകര്യമില്ലാത്ത കോളേജുകളില്‍ വെളിച്ചക്കുറവിന്റെ ബുദ്ധിമുട്ട് നേരിട്ടതായും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു

Published

|

Last Updated

കോഴിക്കോട് | വെള്ളിയാഴ്ച നടന്ന കാലിക്കറ്റ് സര്‍വ്വകാശാല പി ജി ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ വ്യാപക പരാതി. കോളേജുകള്‍ക്ക് സര്‍വ്വകലാശാല ഡിജിറ്റലായി ലഭ്യമാക്കിയ ചോദ്യപ്പേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിലെ താമസം മൂലം പലയിടത്തും പരീക്ഷകള്‍ വൈകി ആരംഭിച്ചു. പല കോളേജുകളിലും പല സമയങ്ങളിലാണ് പരീക്ഷ നടന്നത്. സമയം വൈകിത്തുടങ്ങി പരീക്ഷ നീണ്ട് പോയതോടെ അടിസ്ഥാന സൗകര്യമില്ലാത്ത കോളേജുകളില്‍ വെളിച്ചക്കുറവിന്റെ ബുദ്ധിമുട്ട് നേരിട്ടതായും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.

എം എ/ എം എസ് സി/ എം കോം പി ജി ഒന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് ഇന്ന് ആരംഭിച്ചത്. കോളേജുകള്‍ക്കായുള്ള സര്‍വ്വകലാശാലയുടെ പൊതു പോര്‍ട്ടിലില്‍ ചോദ്യപ്പേപ്പറുകള്‍ ലഭ്യമാക്കും എന്നായിരുന്നു അറിയിച്ചത്. പ്രിന്‍സിപ്പാളിനും ഓഫീസ് അഡ്മിന്മാര്‍ക്കും പ്രത്യേകം ലോഗിന്‍ ഐ ഡിയും പാസ്വേഡും അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് വേണം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍. എന്നാല്‍, പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ മൂലം ഭൂരിഭാഗം കോളേജുകളിലും ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനും സാധിച്ചില്ല. ചുരുക്കം ചില കോളേജുകളില്‍ പക്ഷേ കൃത്യ സമയത്ത് ചോദ്യപ്പേപ്പറുകള്‍ ലഭ്യമാക്കാനും സാധിച്ചു. ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടും പ്രിന്റ് ചെയ്യാനുള്ള സൗകര്യങ്ങളുടെ കുറവ് മൂലം പിന്നെയും ചോദ്യപ്പേപ്പര്‍ വിതരണം വൈകി. അങ്ങനെ വന്നതോടെ പല കോളേജുകളിലും പല സമയത്ത് പരീക്ഷ തുടങ്ങുന്ന സാഹചര്യമുണ്ടായി.

രണ്ട് മണിമുതല്‍ ആരംഭിക്കേണ്ടുന്ന പരീക്ഷ പല കോളേജുകളിലും മണിക്കൂറുകളോളം വൈകി. അഞ്ച് മണിക്ക് അവസാനക്കേണ്ട പരീക്ഷ ഇതോടെ സമയം നീട്ടി നല്‍കേണ്ടി വരികയും വളരെ വൈകി അവസാനിക്കുകയും ചെയ്തത് പരീക്ഷ തുടങ്ങുന്നതിലെ കാലതാമസം വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കിയ ആശയക്കുഴപ്പത്തിന് പുറമേ ബുദ്ധിമുട്ടിക്കുന്നതായി.