Connect with us

kerala liquor policy

ടൂറിസം വികസനത്തിന്റെ ഭാഗമായി വിളിച്ച യോഗത്തെ കുറിച്ചാണ് തെറ്റിദ്ധാരണ പരത്തുന്നതെന്ന് ടൂറിസം ഡയറക്ടര്‍

ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളുടെ യോഗം കൃത്യമായ ഇടവേളകളില്‍ ടൂറിസം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ക്കാറുണ്ട്

Published

|

Last Updated

തിരുവനന്തപുരം | ടൂറിസം മേഖലയുടെ വികസനത്തിന്റെ ഭാഗമായി വിളിച്ച യോഗത്തെ കുറിച്ചാണ് തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്‌ പ്രതികരിച്ചു. യോഗത്തില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങളില്‍ നിന്ന് തന്നെ ഇത് ബാര്‍ ഉടമകളുടെ മാത്രമായതോ സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയുടെ വികസനത്തില്‍ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ ,ഹൗസ് ബോട്ടുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതായതിനാല്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളുടെ യോഗം കൃത്യമായ ഇടവേളകളില്‍ ടൂറിസം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ക്കാറുണ്ട്. അത്തരം യോഗമാണ് ഈ വര്‍ഷം മെയ് 21 ന് നടന്നത്. ടൂറിസം മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല ഇത്തരം യോഗം വിളിച്ചു ചേര്‍ക്കുന്നത്. ടൂറിസം വകുപ്പ് മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഡയറക്ടറുടെ തലത്തില്‍ യോഗങ്ങള്‍ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടത്തുകയാണ് പതിവ്. അപ്രകാരം ഒരു യോഗമാണ് അന്നു നടന്നത്.

വ്യവസായ ലക്ഷ്യങ്ങളുടെ ഭാഗമായി നടത്തിയ മീറ്റിങ്ങിനെ കുറിച്ചാണ് ഇപ്പോള്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പരക്കുന്നതെന്നും ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകള്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് 21 ന് യോഗം വിളിച്ചത്.

വെഡിങ് ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ ഉയര്‍ത്തുന്നതിന് നേരിടുന്ന തടസ്സങ്ങള്‍, ദീര്‍ഘകാലമായി ടൂറിസം വ്യവസായം നേരിടുന്ന പ്രശനങ്ങള്‍ തുടങ്ങിയവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഈ വിഷയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ശുപാര്‍ശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റില്‍ നിന്ന് സര്‍ക്കാരിലേക്ക് നല്‍കിയിട്ടില്ല.

യോഗ നോട്ടീസില്‍ വിഷയം ചുരുക്കി പരാമര്‍ശിക്കേണ്ടത് ഉള്ളതിനാല്‍ വിവിധ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒന്ന് ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മറ്റു വകുപ്പുകളില്‍ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്ന തരത്തില്‍ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്നുവന്ന വിഷയങ്ങള്‍ ടൂറിസം വ്യവസായമായവുമായി ബന്ധപ്പെട്ട സംഘടനകള്‍ ദീര്‍ഘകാലമായി ഉന്നയിച്ചു വരുന്നതാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒരു നിലപാടും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാര്‍ത്തകളുമായോ ചില വ്യക്തികള്‍ നടത്തിയ പരാമര്‍ശങ്ങളുമായോ ടൂറിസം ഡയറക്ടറേറ്റിന് ബന്ധവുമില്ലെന്നും ടൂറിസം ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Latest