Connect with us

From the print

കുടിയിറക്കിയവരെ കൊന്നൊടുക്കി

ഗസ്സയിൽ വ്യോമാക്രമണത്തിൽ 39 മരണം

Published

|

Last Updated

ഗസ്സ | ഗസ്സയിൽ നിർബന്ധിതമായി കുടിയിറക്കിയ ഫലസ്തീനികൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് നേർക്ക് ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. രാത്രിയും പകലുമായുണ്ടായ ആക്രമണത്തിൽ 39 പേരാണ് കൊല്ലപ്പെട്ടത്. ദാർ അൽ ബലാഹിൽ നടന്ന രണ്ട് വ്യോമാക്രമണങ്ങളിലാണ് കനത്ത നാശമുണ്ടായത്.

ഗസ്സയിലെ തുഫ്ഫയിൽ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനുസിൽ 19 പേരും ദാർ അൽ ബലാഹിൽ എട്ട് പേരും കൊല്ലപ്പെട്ടു. ഗസ്സ നഗരത്തിന് സമീപം സൈത്തൂനിൽ രണ്ട് പേരും കൊല്ലപ്പെട്ടു. ദാർ അൽ ബലാഹിന്റെ മധ്യ ഭാഗത്ത് ചാരിറ്റബിൾ ഹെൽത്ത് സെന്ററിന് സമീപമാണ് ആക്രമണമുണ്ടായത്. ഖാൻ യൂനുസിൽ വ്യോമാക്രണത്തോടൊപ്പം ബോംബ് വർഷവുമുണ്ടായി.
ആക്രമണങ്ങൾക്കിടെ ഒരു മാസമായി തുടരുന്ന ഇസ്‌റാഈൽ ഉപരോധത്തിൽ ഗസ്സാ മുനമ്പിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമായതായി യു എൻ ആർ ഡബ്ല്യു എ ഗസ്സാ ആക്ടിംഗ് ഡയറക്ടർ സാം റോസ് പറഞ്ഞു. ഗസ്സയിലേക്ക് നിർണായക മാനുഷിക സഹായങ്ങൾ മാസങ്ങളായി ഇസ്‌റാഈൽ തടഞ്ഞിരിക്കുകയാണ്.

ഇന്ന് ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ ഗസ്സാ സമാധാനത്തിനായി ത്രിരാഷ്ട്ര കൂടിക്കാഴ്ച നടക്കുന്നുണ്ട്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവേൽ മാക്രോണും പങ്കെടുക്കും. അതിനിടെ, ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിമാനം ഫ്രഞ്ച് വ്യോമാതിർത്തിയിലൂടെ കടത്തി വിടാൻ അനുവദിച്ചതിൽ ഫ്രാൻസിന് വിമർശനം. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി) യുടെ അറസ്റ്റ് വാറണ്ട് ഉള്ള നെതന്യാഹുവിന്റെ വിമാനത്തിന് ഫ്രാൻസിന് മുകളിലൂടെ പറക്കാൻ അനുമതി നൽകിയതിനെ വിവിധ രാജ്യങ്ങൾ വിമർശിച്ചു. ഫ്രാൻസ് ഐ സി സി അംഗമായിരിക്കെ കോടതിയുടെ ഉത്തരവുകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഹംഗറിയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെയാണ് നെതന്യാഹുവിന്റെ വിമാനം ഫ്രഞ്ച് വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. അറസ്റ്റ് വാറണ്ടിന് ശേഷം ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്റെ വിമാനം ഫ്രാൻസ് വ്യോമാതിർത്തിയിലൂടെ കടന്നുപോകുന്നത്.
അതേസമയം, തെക്കൻ ലബനാനിലെ സിഖ്ബിൻ നഗരത്തിൽ ഇസ്‌റാഈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

അൽ അഖ്‌സയിൽ അതിക്രമം
ഇസ്‌റാഈൽ പോലീസ് നോക്കിനിൽക്കെ ഇസ്‌റാഈൽ കുടിയേറ്റക്കാർ അൽ അഖ്‌സ മസ്ജിദിലേക്ക് അതിക്രമിച്ചു കയറി. ജൂതന്മാരുടെ പെസഹാ പെരുന്നാൾ ആഘോഷങ്ങൾ അടുത്തിരിക്കെ അൽ അഖ്‌സ മസ്ജിദിലേക്ക് ജൂത കടന്നുകയറ്റം വർധിക്കും. ഇസ്‌ലാമിന്റെ മൂന്നാമത്തെ പുണ്യ കേന്ദ്രമായ അൽ അഖ്‌സ മസ്ജിദിൽ മുസ്‌ലിംകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടക്കാണ് ജൂതന്മാരെ ഉപാധികളൊന്നുമില്ലാതെ ഇസ്‌റാഈൽ പോലീസും സൈന്യവും മസ്ജിദ് കോമ്പൗണ്ടിലേക്ക് കടത്തിവിടുന്നത്.

---- facebook comment plugin here -----

Latest