Connect with us

Prathivaram

ദൂരം

വാഗൺ ട്രാജഡിയുടെ ചരിത്രം ചെറുപ്പത്തിൽ കേട്ടിരുന്നെങ്കിലും ഈയടുത്ത കാലത്താണ് അതിൽ വളപുരത്തുകാരുടെ പങ്ക് ഖാദർ മനസ്സിലാക്കിയത്. തിരൂരിൽ നിന്ന് പുറപ്പെട്ട തീവണ്ടി ബോഗിയിൽ നൂറോളം ആളുകളെ കുത്തിനിറച്ചു.

Published

|

Last Updated

അങ്ങാടി കഴിഞ്ഞാൽ ഒരു വളവാണ്. അതിനുമപ്പുറത്ത് റോഡിനിരുവശവും വയൽ പ്രദേശം.
ഇനിയും നടക്കണം ജുമുഅത്ത് പള്ളിയിലേക്ക്…
ബസിറങ്ങിയപ്പോൾ തന്നെ ഖാദറിനോട്‌ ആരോ പറഞ്ഞു, ഓട്ടോ പിടിക്കുന്നതാണ് നല്ലത്.
വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു… ഈ സ്ഥലം നടന്നു തന്നെ കാണണം… മരങ്ങളോടും ചെടികളോടും കിന്നാരം പറഞ്ഞു നടക്കണം. അവർക്കൊക്കെ കുഞ്ഞുണ്ണീൻ മുസ്‌ലിയാരെക്കുറിച്ച് നൂറു നൂറു കാര്യങ്ങൾ പറയാനുണ്ടാകും.

പുതിയ തലമുറക്ക് ഒട്ടും പരിചയമില്ലാത്ത കുഞ്ഞുണ്ണീൻ മുസ്‌ലിയാരുടെ ചരിത്രമറിയാൻ വളരെ ദൂരെ നിന്നാണ് ഖാദർ വന്നിരിക്കുന്നത്. പള്ളിയെത്തും മുമ്പേ എവിടെ നിന്നോ ആരവം കേൾക്കുന്നു. സമയം നട്ടുച്ചയാണ്. ഈ സമയത്ത് എന്തു വിനോദത്തിലാണ് ആളുകൾ എന്ന് ചിന്തിക്കുമ്പോൾ വഴിയിൽ ഒരു നോട്ടീസ് കണ്ടു, വളപുരം കാളപൂട്ട്… ശനിയും ഞായറും… ഇന്ന് ഞായറാഴ്ച. ആളുകൾ അതിന്റെ തിരക്കിലാണ്…

വാഗൺ ട്രാജഡിയുടെ ചരിത്രം ചെറുപ്പത്തിൽ കേട്ടിരുന്നെങ്കിലും ഈയടുത്ത കാലത്താണ് അതിൽ വളപുരത്തുകാരുടെ പങ്ക് ഖാദർ മനസ്സിലാക്കിയത്. തിരൂരിൽ നിന്ന് പുറപ്പെട്ട തീവണ്ടി ബോഗിയിൽ നൂറോളം ആളുകളെ കുത്തിനിറച്ചു. പോത്തനൂർ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴേക്കും പലരും ശ്വാസം മുട്ടി മരണപ്പെട്ടിരുന്നു. അങ്ങനെ വിട പറഞ്ഞ 70 പേരിൽ 24 പേരും വളപുരം സ്വദേശികളാണ്.

കുഞ്ഞുണ്ണീൻ മുസ്‌ലിയാരുടെ മുഹിബ്ബീങ്ങളാണ് മരണപ്പെട്ടവരിൽ കൂടുതലും…
മുസ്‌ലിയാർ എല്ലാവർക്കും പ്രിയങ്കരനായിരുന്നു…
ഇന്നും അവരുടെ പേരക്കുട്ടികൾ ഈ നാട്ടിൽ ജീവിച്ചിരിപ്പുണ്ട്… അവരെ കാണണം… മുസ്‌ലിയാരെക്കുറിച്ച് ഒരുപാട് കേൾക്കണം…
പള്ളിയിലേക്ക് കയറുമ്പോൾ ളുഹർ ബാങ്ക് മുഴങ്ങി. വുളൂ എടുക്കാൻ ഹൗളിൻ കരയിലേക്ക് നീങ്ങി.
പരിചയമില്ലാത്ത ആളെ കണ്ടതുകൊണ്ടാവാം ഉസ്താദ് ചോദിച്ചു, “ആരാ… എവിടുന്നാ…’
“കുറച്ച് ദൂരേന്നാ…
കുഞ്ഞുണ്ണീൻ മുസ്‌ലിയാരെക്കുറിച്ചറിയാൻ…’
“ചരിത്രകാരനാണോ നിങ്ങൾ? ‘
“അല്ല ഉസ്താദ്… ഒരു ജിജ്ഞാസ… അത്രമാത്രം ‘
നിസ്കാരം കഴിഞ്ഞു ഇറങ്ങാറായപ്പോൾ ഉസ്താദ് ഒരാളുടെ കൈ പിടിച്ചു വരുന്നുണ്ടായിരുന്നു.
“ഇത് അവരുടെ പൗത്രനാ…ബാപ്പുക്ക…
സംസാരിച്ചോളൂ.’

ബാപ്പുക്ക പള്ളിയുടെ ചെരുവിലേക്ക് കൊണ്ടുപോയി. പേരും നാടും ചോദിച്ചു.
“മുമ്പൊക്കെ പലരും ഉപ്പാപ്പയെ ചോദിച്ചു വന്നിരുന്നു. ഇപ്പോൾ ആരും വരാറില്ല’
അതും പറഞ്ഞു പുറത്തേക്ക് കൈ ചൂണ്ടി.
“അതാ…അവിടെയായിരുന്നു ഉപ്പാപ്പയുടെ ഖബർ..പള്ളി പുതുക്കിപ്പണിതപ്പോൾ അടിയിൽ പെട്ടു പോയി…’

അവിടെ കുറച്ചധികം ഖബറുകൾ കണ്ടു. പള്ളിയുടെ തറ ഖബറിൽ തട്ടാത്ത വിധം ഉയർത്തിയിരിക്കുന്നു.
മനസ്സിൽ വേദന തോന്നി.
ഒരു ചരിത്രപുരുഷൻ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ദൂരെ നിന്ന് സലാം പറയാം… പ്രാർഥിക്കാം…
ബാപ്പുക്കയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ കുഞ്ഞുണ്ണീൻ മുസ്‌ലിയാരെക്കുറിച്ച് കൂടുതൽ ചോദിച്ചു.
“ഒന്നും രേഖപ്പെടുത്തി വെച്ചിട്ടില്ല ട്ടോ… എങ്കിലും അറിയുന്നത് പറഞ്ഞുതരാം… ആദ്യം ഭക്ഷണം… എന്നിട്ടാവാം സംസാരം…’ ബാപ്പുക്ക നല്ല സത്കാരപ്രിയനാണ്.
വയറു നിറഞ്ഞു എന്ന് പറഞ്ഞിട്ടും അദ്ദേഹം നിർബന്ധിച്ചു കൊണ്ടിരുന്നു.
“കുട്ട്യേ… നൂറു കൊല്ലം മുമ്പത്തെ സംഭവങ്ങളല്ലേ… വല്ലാതെ അങ്ങട്ട് ഓർമയില്ല…’
“അറിയുന്നത് പറഞ്ഞോളൂ… ഉപ്പാപ്പയല്ലേ.. ധാരാളം കേട്ടിട്ടുണ്ടാകുമല്ലോ…’
“ഇതൊക്കെ എവിടെയെങ്കിലും എഴുതിവെക്കണം, ട്ടോ… ആർക്കെങ്കിലും ഉപകാരമാകട്ടെ…’
ബാപ്പുക്ക ചാരുകസേരയിൽ ചാഞ്ഞുകിടന്നു.

ചിന്തകൾ പുറകോട്ടു പാഞ്ഞു…
നവംബറിലെ ഒരു വൈകുന്നേരം… അസ്തമയ സൂര്യൻ പടിഞ്ഞാറേക്കുള്ള യാത്ര തുടങ്ങിയിരിക്കുന്നു. വയലിൽ നിന്ന് പണിക്കാർ കയറിപ്പോന്നിട്ടില്ല. മഗ്‌രിബ് ബാങ്കിന് മുമ്പേ വീടണയണമെന്നു എല്ലാവർക്കും അറിയാം… അപ്പോഴാണ് പൊടി പാറിച്ചുകൊണ്ട് ഒരു കാളവണ്ടി ഓടിവന്നത്.

അതിൽ രണ്ടു മൂന്നു പേർ എഴുന്നേറ്റു നിൽക്കുന്നു. വരവ് കണ്ടാൽ തന്നെ അറിയാം, അപായ സൂചനയാണെന്ന്…
“ഓടിവരിൻ നാട്ടുകാരെ, ഓടിവരിൻ…’
പെട്ടെന്ന് തന്നെ കാളവണ്ടിക്കു ചുറ്റും ആളുകൾ തടിച്ചുകൂടി…
“കൊണ്ടുപോയി കൂട്ടരേ… കൊണ്ടുപോയി… നമ്മുടെ ഉസ്താദിനെ പട്ടാളം അറസ്റ്റ് ചെയ്ത് കൊണ്ടുപോയി’
പിന്നെ അവിടെ നിന്നുയർന്നത് ആത്മരോഷത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദങ്ങളാണ്… ചിലരൊക്കെ പൊട്ടിക്കരയുകയും വിലപിക്കുകയും ചെയ്യുന്നുണ്ട്.
വിവരമറിഞ്ഞു പരിസര വീടുകളിൽ നിന്ന് പാഞ്ഞുവന്ന സ്ത്രീകൾ നെഞ്ച് പൊട്ടി കരഞ്ഞതോടെ കൂടുതൽ ആളുകൾ അങ്ങാടിയിൽ തടിച്ചുകൂടി. പള്ളിയിൽ നിന്ന് നഗാര അടിയുടെ ശബ്ദം ഉയർന്നു…

നാട്ടുകാർ മുഴുവൻ പള്ളിപ്പരിസരത്ത് തടിച്ചുകൂടി…
കുഞ്ഞുണ്ണീൻ മുസ്‌ലിയാരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത് അവർക്ക് സഹിക്കാനാവില്ല. ഒരു വേള, സ്വന്തം വീട്ടിൽ നിന്ന് ആരെയെങ്കിലും കൊണ്ടുപോയാൽ പോലും അവർ ഇത്രയധികം വേദനിക്കില്ല… കുഞ്ഞുണ്ണീൻ മുസ്‌ലിയാർ അങ്ങനെയല്ല. ജീവന്റെ ജീവനാണ്… ജാതി മത ഭേദമന്യേ എല്ലാവർക്കും വേണ്ടപ്പെട്ടയാളാണ്. മുസ്‌ലിയാരുടെ നേതൃത്വത്തിൽ കുരുവമ്പലത്തും പുലാമന്തോൾ പരിസരത്തും മാത്രമല്ല മറ്റു പലയിടത്തും ബ്രിട്ടീഷ് വിരുദ്ധ കൂട്ടായ്മകൾ രൂപപ്പെടുന്നു. പ്രവർത്തനങ്ങൾ ശക്തമാകുന്നു. അതുകൊണ്ടാണ് മുസ്‌ലിയാരെ തളക്കാൻ ബ്രിട്ടീഷ് പട്ടാളം തീരുമാനിച്ചത്…

“പുലാമന്തോൾ പാലം തകർക്കാൻ ഉപ്പാപ്പ ആഹ്വാനം ചെയ്തു എന്ന കള്ളക്കേസ് ചുമത്തിയാണ് അവർ കൊണ്ടുപോയത്’
ബാപ്പുക്ക പറയുമ്പോൾ പുറത്ത് പട്ടാളത്തിന്റെ കുതിരക്കുളമ്പടി ശബ്ദം ഖാദറിന് കേൾക്കാനായി. ഈ മുറ്റത്തായിരിക്കുമല്ലോ അവർ വന്നുനിന്നത്…
പ്രതിഷേധ സംഘം ശക്തമായി… പല ഭാഗത്തു നിന്നും ആളുകൾ തടിച്ചു കൂടി. പെരിന്തൽമണ്ണയിലേക്ക് അവർ മാർച്ച്‌ ചെയ്തു. ബ്രിട്ടീഷ് നേതൃത്വം പക്ഷേ, അടങ്ങിയിരുന്നില്ല. സംഘടിച്ചവരെ മുഴുവൻ അറസ്റ്റ് ചെയ്തു.
നേരെ തിരൂരിലേക്ക് കൊണ്ടുപോയി… അവിടെ നിന്നാണ് മരണവണ്ടിയിൽ കയറ്റിയത്… സ്റ്റേഷൻ വിട്ടപ്പോൾ തന്നെ ശ്വാസം കിട്ടാതെ ആളുകൾ പിടയാൻ തുടങ്ങിയിരുന്നു. ഷൊർണൂരിൽ വണ്ടി നിർത്തിയപ്പോൾ ബോഗിയിൽ നിരന്തരം മുട്ടിയെങ്കിലും കാടന്മാർ മെയിന്റ്‌ ചെയ്തില്ല…
“ഇനി പറയണ്ട ബാപ്പുക്കാ… ബാക്കി കേൾക്കാൻ ശക്തിയില്ല… ‘
ഖാദർ പെട്ടെന്ന് പറഞ്ഞു… അവന്റെ കണ്ണുകൾ നിറഞ്ഞു…
“അതേ മോനേ… എനിക്കും വയ്യ പറയാൻ… ഈ നാട്ടിലെ മിക്ക തറവാട്ടുകാരും അതിൽ പെട്ടിരുന്നു…’

അസർ ബാങ്ക് കൊടുക്കും മുമ്പ് ബാപ്പുക്ക പറഞ്ഞത് ഉപ്പാപ്പയുടെ വിശുദ്ധ ജീവിതത്തെക്കുറിച്ചായിരുന്നു… കളങ്കമില്ലാത്ത മനുഷ്യ സ്നേഹി…
അതാണ് ആളുകൾ ഉപ്പാപ്പയോട് ഇത്രയധികം അടുക്കാൻ കാരണം…
ബാപ്പുക്ക പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. അതത്രയും ഇതുവരെ ആരും കേൾക്കാത്ത വിശേഷങ്ങളായിരുന്നു.
ബ്രിട്ടീഷ് കോടതി അവരെ വെറുതെ വിട്ടതും വീണ്ടും നാട്ടിൽ വന്ന് രാജ്യസ്നേഹ പ്രവർത്തനത്തിൽ ഏർപ്പെട്ടതും…
ഖാദറിന് ഇറങ്ങാൻ സമയായി. ഒരിക്കൽ കൂടി പള്ളിയിൽ കയറണം. കുഞ്ഞുണ്ണീൻ മുസ്‌ലിയരുടെ ചാരത്ത് കുറച്ചു നേരമെങ്കിലും നിൽക്കണം… ശേഷം തിരൂരിലേക്കുള്ള യാത്രയാണ്. അവിടെയാണ് ദുരന്തത്തിന്റെ ഇരകൾ മറപെട്ടു കിടക്കുന്നത്. പുറത്തപ്പോഴും കാളപൂട്ടിന്റെ ആരവം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.

(വാഗൺ ട്രാജഡിയിൽ പൊലിഞ്ഞുപോയ
പ്രിയപ്പെട്ടവർക്ക് സമർപ്പണം )

Latest