Connect with us

search for arjun

ഷിരൂരില്‍ ഡ്രെഡ്ജിങ്ങ് 10 ദിവസത്തേക്കു കൂടി നീട്ടിയതായി ജില്ലാ കലക്ടര്‍

ഷിരൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാത്തത് ഡ്രഡ്ജിങ് നടന്നുകൊണ്ടിരിക്കെയുള്ള ഡൈവിങ്ങ് അപകടമായതിനാലാണെന്നും കലക്ടര്‍ വിശദീകരിച്ചു.

Published

|

Last Updated

മെംഗളുരു | ഷിരൂരില്‍ തിരച്ചിലുമായി ബന്ധപ്പെട്ട് ഡ്രെഡ്ജിങ്ങ് 10 ദിവസത്തേക്കു കൂടി നീട്ടിയതായി ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ അറിയിച്ചു. മൂന്ന് ദിവസമായിരുന്നു ഡ്രെഡ്ജിങ് കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നത്. ഇന്ന് കാര്യമായ ഫലം ലഭിക്കാത്തതിനാല്‍ നാളെയോടുകൂടി അവസാനിക്കേണ്ട ദൗത്യം വീണ്ടും 10 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നുവെന്നും ജില്ലാ കളക്ടര്‍ ഔദ്യോഗികമായി അറിയിച്ചു.

ഷിരൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാത്തത് ഡ്രഡ്ജിങ് നടന്നുകൊണ്ടിരിക്കെയുള്ള ഡൈവിങ്ങ് അപകടമായതിനാലാണെന്നും കലക്ടര്‍ വിശദീകരിച്ചു. ഈശ്വര്‍ മല്‍പെയെ തിരിച്ചു വിളിക്കുമോ എന്ന ചോദ്യത്തിന് ഈ തിരച്ചില്‍ ദൗത്യത്തില്‍ തീരുമാനം എടുക്കുന്നത് എസ് പി ആണെന്നും കലക്ടര്‍ പറഞ്ഞു. എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് തിരച്ചിലിന്റെ ഭാഗമാകും. ആവശ്യമെങ്കില്‍ നേവിയുടെ സഹായം തേടുമെന്നും ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തിരച്ചില്‍ വീണ്ടും പുനരാരംഭിക്കുമെന്നും കലക്ടര്‍ സൂചിപ്പിച്ചു.

ഷിരൂരിലെ മുന്നോട്ടുള്ള ദൗത്യത്തിനായി മേജര്‍ ഇന്ദ്രബാലിന്റെ സഹായം തേടുമെന്നും തിരച്ചില്‍ തുടരുമെന്നും കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. നാളെ റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ ഷിരൂരില്‍ എത്തും. അടിത്തട്ടിലെ മണ്ണ് നീക്കം പുനരാരംഭിച്ചുവെന്നും എം എല്‍ എ പറഞ്ഞു. ഷിരൂര്‍ ദൗത്യം മൂന്നാം ഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നാവിക സേന കണ്ടെത്തിയ ഒന്ന്, രണ്ട് പോയിന്റുകളാണെന്നും കൂട്ടിച്ചേര്‍ത്തു.