National
മന്‍സൂര്‍ അലിഖാനെതിരെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ച പിഴ ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി
മാനനഷ്ട നടപടി തുടരണമെന്ന മന്‍സൂര്‍ അലിഖാന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളി.
ചെന്നൈ|നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ച പിഴ ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി. തൃഷ, ഖുശ്ബു, നടന്‍ ചിരംഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ട ഹരജി സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മന്‍സൂര്‍ അലിഖാനെതിരെ പിഴ ചുമത്തിയിരുന്നത്. ജനശ്രദ്ധ നേടാനാണ് മന്‍സൂര്‍ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് ഒരു ലക്ഷം രൂപയാണ് പിഴ വിധിച്ചത്.
എന്നാല്‍ ഇതിനെതിരെ മന്‍സൂര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് പിഴ ഒഴിവാക്കുകയായിരുന്നു. അതേസമയം മാനനഷ്ട നടപടി തുടരണമെന്ന മന്‍സൂര്‍ അലിഖാന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളി.
ലിയോ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്‍സൂര്‍ അലി ഖാന്‍ നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷപ്രതികരണവുമായി നടി രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നും അയാള്‍ക്കൊപ്പം ഒരിക്കലും അഭിനയിക്കില്ലെന്നുമാണ് തൃഷ എക്സില്‍ കുറിച്ചത്.
സംഭവം വിവാദമാവുകയും വിമര്‍ശനം ശക്തമാവുകയും ചെയ്തതോടെ വിഷയത്തില്‍ നടന്‍ മാപ്പ് പറഞ്ഞിരുന്നു. വിഷയത്തില്‍ ഖുശ്ബുവും നടന്‍ ചിരംഞ്ജീവിയും പ്രതികരിച്ചിരുന്നു. നടന്റെ വിവാദ പ്രസ്താവനയില്‍ ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നെങ്കിലും കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് തൃഷ അറിയിച്ചു.