Connect with us

National

ഡോക്ടറുടെ കൊലപാതകം; ഇനിയൊരു പീഡനത്തിനായി കാത്തിരിക്കരുത്: സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘം രൂപീകരിച്ച് സുപ്രീംകോടതി

കേസ് പരിഗണിക്കുന്നതിനിടെ ബംഗാള്‍ സര്‍ക്കാരിനെയും പൊലീസിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് സുപ്രീംകോടതി രൂപം നല്‍കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. രാജ്യമൊട്ടാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷയില്‍ വെല്ലുവിളി നേരിടുന്നുവെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നതാണ് ദേശീയ തലത്തില്‍ പത്തംഗം ദൗത്യ സംഘത്തിന് കോടതി രൂപം നല്‍കിയത്.
നാവികാ സേനാ മെഡിക്കല്‍ വിഭാഗം മേധാവി നേതൃത്വം നല്‍കും. എയിംസ് ഡയറക്ടറും അംഗമാകും. ക്യാബിനറ്റ് സെക്രട്ടറി ഉള്‍പ്പടെയുള്ള സെക്രട്ടറിമാര്‍ അനൗദ്യോഗിക അംഗങ്ങളുമാകും.

സംഭവത്തില്‍ സ്വമേധയാ  കേസ്  എടുത്ത് പരിഗണിക്കുകയായിരുന്നു കോടതി. കൊലപാതകമാണെന്ന് വ്യക്തമായിട്ടും ആശുപത്രി അധികൃതരും പോലീസും എന്തു ചെയ്യുകയായിരുന്നുവെന്നും എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും സുപ്രീംകോടതി ചോദിച്ചു.
കൊല്‍ക്കത്ത വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ഇതുവരെയുള്ള   അന്വേഷണ റിപ്പോര്‍ട്ട് വ്യാഴ്ചാഴ്ച ഹാജരാക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.

കേസ് പരിഗണിക്കുന്നതിനിടെ ബംഗാള്‍ സര്‍ക്കാരിനെയും പൊലീസിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡോക്ടര്‍ക്കെതിരായ ആശുപത്രിയിലെ അക്രമം എന്തുകൊണ്ട് തടയാനായില്ലെന്ന് കോടതി ചോദിച്ചു. വനിതാ ഡോക്ടര്‍മാര്‍ കൂടുതല്‍ ഇരയാകാന്‍ കാരണം പുരുഷാധിപത്യമാണ്. വിശ്രമിക്കാനും പ്രാഥമിക ശുചിത്വം പാലിക്കാനും സൗകര്യമില്ല.
പ്രതിഷേധക്കാര്‍ക്ക് മേല്‍ സര്‍ക്കാരിന്റെ അധികാരം പ്രയോഗിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വിശ്രമിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രല്‍ മുറികള്‍ വേണം. ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തണം. എല്ലായിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. രാത്രി 10 മുതല്‍ ആറുവരെ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

 

Latest