Connect with us

Articles

പ്രമാണം ഭരണഘടനയാണ്; ഗവര്‍ണര്‍ സര്‍വാധികാരിയല്ല

രാജ്ഭവന്‍ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് അല്ലെന്നും അവിടുത്തെ അന്തേവാസിക്ക് സ്വന്തം ബോധ്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ കഴിയില്ലെന്നും അത്തരം പെരുമാറ്റങ്ങള്‍ ഭരണഘടനാ ബാഹ്യമായ നടപടിയാണെന്നും സുപ്രീം കോടതി ആവര്‍ത്തിച്ചോര്‍മിപ്പിച്ചു എന്നത് പ്രധാനമാണ്. ആ പദവിയെ രാഷ്ട്രീയവത്കരിച്ച കേന്ദ്ര സര്‍ക്കാറിനുള്ള പ്രഹരം കൂടിയാണ് കോടതി വിധി.

Published

|

Last Updated

ഗവര്‍ണര്‍ ഒരു ഭരണഘടനാ പദവിയാണ്. അധികാര പ്രയോഗങ്ങള്‍ക്ക് അവസരം നന്നേ കുറഞ്ഞ ഒരു കസേരയാണത്. 1935ലെ ഗവണ്‍മെന്റ്ഓഫ് ഇന്ത്യ ആക്ട് പ്രകാരം, പ്രവിശ്യകളില്‍ നിലവില്‍ വന്ന ജനപ്രതിനിധി സഭകള്‍ക്ക് മുകളില്‍, പ്രവിശ്യകളുടെ അധികാരം കൈവിട്ടുപോകാതിരിക്കാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നതാണ് ഗവര്‍ണര്‍ പദവി. അഥവാ അതൊരു കൊളോണിയല്‍ ശേഷിപ്പാണ്. ഗവര്‍ണര്‍ പദവി സ്വതന്ത്ര ഇന്ത്യയില്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ദീര്‍ഘമായ സംവാദം തന്നെ നടന്നിട്ടുണ്ട് ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയില്‍. പദവി നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ അവരുടെ “പണി’ എന്തായിരിക്കണം എന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായിട്ടുണ്ട്. ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കര്‍ ആ ചര്‍ച്ചയില്‍ രേഖപ്പെടുത്തിയ അഭിപ്രായമിങ്ങനെയാണ്: Governor under the Constitution has no functions which he can discharge by himself: no functions at all. While he has no functions, he has certain duties to perform and I think the House will do well to bear in mind this distinction. This article certainly, it should be borne in mind, does not confer upon the Governor the power to overrule the Ministry on any particular matter. Even under this article, the Governor is bound to accept the advice of the Ministry. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി ചെയ്യാനുള്ള പണിയൊന്നുമില്ല എന്ന്, ഒരു വിഷയത്തിലും സംസ്ഥാന സര്‍ക്കാറിനെ മറികടക്കാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ആള്‍ക്ക് അധികാരമില്ല എന്നും.

ഭരണഘടന അങ്ങനെയാണ് ഗവര്‍ണര്‍ പദവിയെ നിര്‍വചിച്ചിരിക്കുന്നത്. സംസ്ഥാന ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്ക് ഒപ്പ് ചാര്‍ത്തുന്ന ഉത്തരവാദിത്വമേ അദ്ദേഹത്തിന് നിര്‍വഹിക്കാനുള്ളൂ. അപ്പോള്‍ പിന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്വേച്ഛാപരമായ ഇടപെടലുകളോ? അത് കളരിക്ക് പുറത്താണ്, ഭരണഘടനയുടെ നെഞ്ചത്ത് കയറിനിന്നുള്ള അമിതാധികാര പ്രയോഗമാണ്. വിവേചനാധികാരം പ്രയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടാകുന്നത് പോലും ഭരണഘടനാ അനിവാര്യത ഉള്ളപ്പോള്‍ മാത്രമാണെന്ന് ഓര്‍മിപ്പിക്കുന്നുണ്ട് 2016ലെ അരുണാചല്‍ പ്രദേശ് കേസില്‍ സുപ്രീം കോടതി.

സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് പ്രതിസന്ധി സൃഷ്ടിക്കുകയാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഗവര്‍ണര്‍മാര്‍ ചെയ്യുന്നത്. ഭരണഘടനയുടെ അനുഛേദം 200 ആണ് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം ഗവര്‍ണര്‍മാര്‍ക്ക് നല്‍കുന്നത്. പദവിയിലിരിക്കുന്നവര്‍ക്ക് തോന്നിയത് പോലെ പ്രയോഗിക്കാനുള്ള അധികാരം നല്‍കുന്നതല്ല ഈ അനുഛേദം. ബില്ല് ഒപ്പുവെക്കുന്നില്ലെങ്കില്‍ അതിന്റെ വ്യക്തമായ കാരണം വിശദീകരിച്ചുകൊണ്ട് തിരിച്ചയക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാം. അതേ ബില്ല് ഭേദഗതികളൊന്നും വരുത്താതെ നിയമസഭ വീണ്ടും സമര്‍പ്പിച്ചാല്‍ ഒപ്പുവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാണ്. ഇതൊന്നുമല്ലാത്ത മറ്റൊരു മാര്‍ഗം ബില്ല് രാഷ്ട്രപതിയുടെ തീര്‍പ്പിനു വിടുകയെന്നതാണ്. അതും കാലതാമസം കൂടാതെ ചെയ്യേണ്ടതാണ്. ഗവര്‍ണറുടെ രാഷ്ട്രീയ ബോധ്യങ്ങള്‍ക്ക് വിരുദ്ധമാകുന്നത് കൊണ്ട് ഒരു ബില്ലും ഒപ്പുവെക്കാതെ അനന്തകാലം തടഞ്ഞുവെക്കാനോ രാഷ്ട്രപതിക്ക് വിടാനെന്ന വ്യാജേന ശൂന്യതയില്‍ നിര്‍ത്താനോ ഗവര്‍ണര്‍മാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നില്ല.

ഇക്കാര്യം ഇന്നലെ സുപ്രീം കോടതി ശക്തമായ ഭാഷയില്‍ വീണ്ടും ഗവര്‍ണര്‍മാരെ ഓര്‍മിപ്പിച്ചിരിക്കുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ പാസ്സാക്കിക്കൊണ്ടാണ് അധികാര ദുര്‍വിനിയോഗത്തിന് പരമോന്നത കോടതി അറുതി വരുത്തിയിരിക്കുന്നത്. ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവെക്കാനുള്ള തമിഴ്നാട് ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമാണ് എന്ന് താക്കീത് നല്‍കിക്കൊണ്ടാണ് ബില്ലുകള്‍ സുപ്രീം കോടതി പാസ്സാക്കിയിരിക്കുന്നത്. “ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസ്സാക്കി നിയമസഭ തിരിച്ചയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞുവെക്കാനോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. അനുഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. നിയമസഭ ബില്ലുകള്‍ വീണ്ടും പാസ്സാക്കി അയച്ചാല്‍ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമില്ല. ആദ്യ ബില്ലില്‍ നിന്ന് വ്യത്യസ്തമെങ്കിലേ ഇതിന് അധികാരമുള്ളൂ. ഗവര്‍ണര്‍ക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ല’. സുപ്രീം കോടതിക്ക് ഇത്രയും കാര്യങ്ങള്‍ ഗവര്‍ണറെ ഓര്‍മിപ്പിക്കേണ്ടിവരുന്ന രാഷ്ട്രീയ സാഹചര്യം രാജ്യത്തുണ്ടായതെങ്ങനെ എന്ന കാര്യം കൂടി പരിശോധിക്കണം.

വിധി തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ആണെങ്കിലും മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി ബാധകമായ ഉത്തരവാണ്. കേരളം, പശ്ചിമ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങള്‍ “ഗവര്‍ണര്‍ രാജി’ല്‍ പൊറുതിമുട്ടിയതിന്റെ അനുഭവം മുന്നിലുണ്ട്. കേരളം ഇതുസംബന്ധമായി സുപ്രീം കോടതിയില്‍ കേസ് നടത്തുന്നുമുണ്ട്. സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഒപ്പുവെക്കാതെ നിയമ നിര്‍മാണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാറുമായി ഏറ്റുമുട്ടുക മാത്രമല്ല, സംസ്ഥാനത്തെ ദൈനംദിന രാഷ്ട്രീയത്തില്‍ അദ്ദേഹം ഇടപെടുന്ന സ്ഥിതി പോലുമുണ്ടായി. ഭരണപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ആ പദവിയിലിരിക്കുന്നയാള്‍ക്ക് അവകാശമില്ല. അദ്ദേഹം ആ അതിരുകള്‍ ലംഘിച്ചു. ആവശ്യമെങ്കില്‍ മന്ത്രിമാരെ തിരിച്ചുവിളിക്കുമെന്ന ബാലിശമായ പ്രസ്താവനയും ആരിഫ് ഖാന്‍ നടത്തി. താനിരിക്കുന്ന കസേരയുടെ വലുപ്പം മറന്ന് വിദ്യാര്‍ഥി സംഘടനകളുമായി തെരുവിൽ ശണ്ഠയിലേര്‍പ്പെടാന്‍ അദ്ദേഹത്തിന് മടിയുണ്ടായില്ല.

ഗവര്‍ണര്‍ പദവി നിഷ്പക്ഷമാണ് എന്നാണ് വെപ്പ്. പ്രഗത്ഭരായ ആളുകളെയാകണം ആ പദവിയില്‍ ഇരുത്തേണ്ടത് എന്ന് പറയുന്നുണ്ട് ഭരണഘടനാ അസംബ്ലിയില്‍ ജവഹര്‍ ലാല്‍ നെഹ്റു. പില്‍ക്കാലത്ത് സംഭവിക്കുന്നത് മറ്റൊന്നാണ്. രാഷ്ട്രീയത്തില്‍ വിരമിക്കല്‍ പ്രായത്തില്‍ എത്തിയവരെയും കേന്ദ്ര സര്‍ക്കാര്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരെയും കുടിയിരുത്താനുള്ള ഇടമായി രാജ്ഭവനുകള്‍ മാറി. 1989ല്‍ കര്‍ണാടകയിലെ എസ് ആര്‍ ബൊമ്മെയുടെ ജനതാദള്‍ സര്‍ക്കാറിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ഗവര്‍ണറുടെ റിപോര്‍ട്ടിന്റെ ചുവടുപിടിച്ചായിരുന്നു. സംസ്ഥാന സര്‍ക്കാറിന് ഭൂരിപക്ഷമില്ല എന്നായിരുന്നു ഗവര്‍ണര്‍ പി വെങ്കടസുബ്ബയ്യയുടെ റിപോര്‍ട്ട്. ബൊമ്മെക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം പോലും നല്‍കിയില്ല. അഞ്ച് വര്‍ഷത്തിന് ശേഷം ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഗവര്‍ണറുടേത് അധികാര ദുര്‍വിനിയോഗമാണെന്ന് പ്രഖ്യാപിക്കുകയും ഭരണം മുന്നോട്ടുപോകാന്‍ തികച്ചും അസാധ്യമാകുമ്പോള്‍ മാത്രമേ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താവൂ എന്ന് നിര്‍ദേശിക്കുകയും ചെയ്തു.

കഴിഞ്ഞ പതിറ്റാണ്ടില്‍ സംഭവിച്ച പ്രധാന മാറ്റം, ഗവര്‍ണര്‍ പദവിയെ ഒരു രാഷ്ട്രീയ പദവിയാക്കി കേന്ദ്ര സര്‍ക്കാര്‍ മാറ്റി എന്നതാണ്. ഇതിന്റെ പ്രതിസന്ധി അനുഭവിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. കേരള നിയമസഭ പാസ്സാക്കിയ നിയമപ്രകാരം സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഗവര്‍ണറാണ്. ആ സ്ഥാനം ദുരുപയോഗിക്കപ്പെട്ടു കഴിഞ്ഞ വര്‍ഷങ്ങളില്‍. സംഘ്പരിവാര്‍ പശ്ചാത്തലമുള്ളവരെ വൈസ് ചാന്‍സലര്‍മാരായി നിയമിച്ചും സിന്‍ഡിക്കേറ്റിലേക്ക് ഹിന്ദുത്വാനുകൂലികളെ നാമനിര്‍ദേശം ചെയ്തും ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാന്‍ ബില്ല് കൊണ്ടുവന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ അത് രാഷ്ട്രപതിക്ക് വിട്ടു. രാഷ്ട്രപതി അംഗീകാരം നല്‍കാതെ തിരിച്ചയച്ചു. സംസ്ഥാന നിയമസഭ പാസ്സാക്കിയ വേറെയും ബില്ലുകള്‍ നിയമമാകാതെ അന്തരീക്ഷത്തിലായത് ഗവര്‍ണറുടെ രാഷ്ട്രീയക്കളി കൊണ്ടായിരുന്നു.

ഇന്നലെ സുപ്രീം കോടതി തമിഴ്നാട് സര്‍ക്കാറിന് അനുകൂലമായി കൈക്കൊണ്ട തീരുമാനം കേരളത്തിനും ഗുണകരമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാത്തിലുമുപരി രാജ്ഭവന്‍ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് അല്ലെന്നും അവിടുത്തെ അന്തേവാസിക്ക് സ്വന്തം ബോധ്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ കഴിയില്ലെന്നും അത്തരം പെരുമാറ്റങ്ങള്‍ ഭരണഘടനാ ബാഹ്യമായ നടപടിയാണെന്നും സുപ്രീം കോടതി ആവര്‍ത്തിച്ചോര്‍മിപ്പിച്ചു എന്നത് പ്രധാനമാണ്. ആ പദവിയെ രാഷ്ട്രീയവത്കരിച്ച കേന്ദ്ര സര്‍ക്കാറിനുള്ള പ്രഹരം കൂടിയാണ് കോടതി വിധി. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോട് നിരന്തരമായി ഏറ്റുമുട്ടുന്ന, സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്ന സര്‍ക്കാറാണ് പതിറ്റാണ്ടായി ഡല്‍ഹിയിലുള്ളത്. അങ്ങനെ സംസ്ഥാനത്തെ ഞെരുക്കാനുള്ള ഉപകരണമാക്കി ഗവര്‍ണര്‍ പദവിയെ മാറ്റിയ കേന്ദ്ര സര്‍ക്കാറിന് ഇന്നലത്തെ കോടതി ഇടപെടല്‍ ചെറുതല്ലാത്ത തിരിച്ചടി നല്‍കുന്നുണ്ട്. ഭരണഘടനയെയും അതിലെ മൂല്യങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമത്തെ കൈയും കെട്ടി നോക്കിനില്‍ക്കില്ല എന്ന കോടതിയുടെ പ്രഖ്യാപനം കൂടിയാണത്. വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ക്ക് കൂടി ബാധകമാകുന്ന പ്രതീക്ഷയുടെ വെളിച്ചമാണത്.

Latest