National
ലാൻഡിംഗിനൊരുങ്ങിയപ്പോൾ റൺവേയിൽ നായയെ കണ്ടു; വിമാനം തിരിച്ചുപറന്നു
ഗോവയിലെ ഡംബ്ലോളി എയർപോട്ടിലാണ് സംഭവം
പനാജി | ഗോവയിലെ ഡംബ്ലോളി എയർപോട്ടിൽ റൺവേയിൽ നായയെ കണ്ടതിനെ തുടർന്ന് വിസ്താര എയർലൈൻസ് വിമാനം ബംഗളൂരുവിലേക്ക് തന്നെ തിരികെ പറന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 12.55 ന്ബംഗളൂരുവിൽ നിന്ന് ഗോവയിൽ എത്തിയ വിമാനം ലാൻഡിംഗിന് ശ്രമിച്ചപ്പോഴാണ് റൺവേയിൽ നായയെ കണ്ടത്. തുടർന്ന് ബംഗളൂരുവിലേക്ക് തന്നെ പറന്ന വിമാനം 3.05ന് ബംഗളൂരുവിൽ തിരിച്ചിറങ്ങി.
റൺവേയിൽ നായയെ കണ്ടതിനെ തുടർന്ന് ലാൻഡിങ്ങിന് കുറച്ച് സമയം കാത്തുനിൽക്കാൻ എയർ ട്രാഫിക്ക് കൺട്രോൾ നിർദേശം നൽകുകയായിരുന്നു. അപകട സാധ്യത ഒഴിവാക്കാൻ പൈലറ്റ് ബംഗളൂരുവിലേക്ക് തന്നെ വിമാനം തിരിച്ചുപറത്താൻ തീരുമാനിച്ചു.
നായയെ റൺവേയിൽ കണ്ടയുടനെ ഗ്രൗണ്ട് സ്റ്റാഫെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് എയർപോർട്ട് ഡയറക്ടറുടെ വാദം. തക്കസമയത്ത് പൈലറ്റിന്റെ സമയോചിത ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. 3.05 ന് ബംഗളൂരുവിൽ തിരിച്ചിറങ്ങിയ വിമാനം 4.55 ന് വീണ്ടും ബംഗളൂരുവിൽ നിന്നും തിരികെ ഗോവയിലേക്ക് പുറപ്പെടുകയും ചെയ്തു.