Articles
അറബി ഭാഷ തുറന്നിടുന്ന കവാടങ്ങള്‍
ഭാഷകളുടെ രാജാവായാണ് അറബി ഭാഷ അറിയപ്പെടുന്നത്. ഏറ്റവും സ്ഫുടമായും വ്യക്തമായും സംസാരിക്കാന്‍ കഴിയുന്ന, മാധുര്യമുള്ള ഭാഷയാണത്
നാലായിരത്തിലധികം വര്‍ഷം പഴക്കമുള്ള അറബി ഭാഷ തലമുറകള്‍ക്കു ശേഷവും മാറ്റങ്ങളില്ലാതെയും ബലക്ഷയമില്ലാതെയും വിനിമയ സാഹിത്യങ്ങളിലും ക്ലാസ്സിക്കല്‍ ഭാഷകളിലും അതുല്യ സ്ഥാനമലങ്കരിക്കുന്നു. ഭാഷകളുടെ രാജാവായാണ് അറബി ഭാഷ അറിയപ്പെടുന്നത്. ഏറ്റവും സ്ഫുടമായും വ്യക്തമായും സംസാരിക്കാന്‍ കഴിയുന്ന, മാധുര്യമുള്ള ഭാഷയാണത്. എഴുത്തിലെ സൗന്ദര്യം കൊണ്ടും ഉച്ചാരണത്തിലെ വശ്യത കൊണ്ടും ആശയ ഗ്രാഹ്യതയിലെ വേഗം കൊണ്ടും ലോക ഭാഷകളില്‍ തന്നെ ശ്രദ്ധേയമാണ്.
വിവരസാങ്കേതിക രംഗത്തും ശാസ്ത്ര സാഹിത്യ മേഖലകളിലും തൊഴിലിടങ്ങളിലും രാഷ്ട്രീയ മണ്ഡലങ്ങളിലുമെല്ലാം അറബി ഭാഷ എന്നും സജീവ സാന്നിധ്യമാണ്. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നേടിയ ആറ് ഭാഷകളിലൊന്നായ അറബി ഭാഷ ഏഷ്യനാഫ്രിക്കന്‍ പ്രവിശ്യകളിലെ ഇരുപത്തിരണ്ട് രാജ്യങ്ങളിലെ നാല്‍പ്പത് കോടി ജനങ്ങളുടെ ഔദ്യോഗിക ഭാഷയാണ്.
വിശ്രുതരായ അനേകം അറബ് സഞ്ചാരികളിലൂടെ ലോകരാജ്യങ്ങളിലെല്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറബി ഭാഷ എത്തിയിട്ടുണ്ട്. കേരളമെന്ന നാമകരണത്തില്‍ അറബി ഭാഷയുടെ സ്വാധീനമുണ്ടെന്നാണ് പ്രബലമായ ചരിത്രം. കേരളത്തിലെ വിഭവ സമൃദ്ധിയിലും പ്രകൃതി രമണീയതയിലും ആശ്ചര്യപ്പെട്ട് പറഞ്ഞ “ഖൈറല്ലാഹ്’ എന്നത് കാലാന്തരത്തില്‍ ലോപിച്ചാണ് കേരളം എന്ന പേര് വന്നതെന്നാണ് ചില ചരിത്രകാരന്മാരുടെ ഭാഷ്യം.
അറബി ഭാഷയുമായുള്ള നിരന്തര ബന്ധത്തിലൂടെ അറബി ലിപിയില്‍ മലയാളമെഴുതുന്ന അറബി മലയാളമെന്ന ഒരു പുതിയ ലിപി തന്നെ രൂപപ്പെട്ടു. മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഉര്‍ദു, ഹിന്ദി, ബ്യാരി, സംസ്‌കൃതം തുടങ്ങി നിരവധി ഭാഷകളില്‍ അറബി ഭാഷയില്‍ നിന്ന് വന്ന ധാരാളം പദങ്ങള്‍ കാണാവുന്നതാണ്. ജാതി, മത, ഭേദമന്യേ നിത്യോപയോഗങ്ങളിലും അച്ചടി ഭാഷയിലും അനേകം അറബി പദങ്ങള്‍ കടന്നുവന്നു.
അറബി ഭാഷയുടെ പ്രചാരണത്തില്‍ നിസ്തുല സേവനം ചെയ്ത ഒട്ടനവധി കേരളീയ പണ്ഡിതരുണ്ട്. കോഴിക്കോട്ടെ ഖാസിമാരും മഖ്ദൂമുമാരും അക്കൂട്ടത്തില്‍ മുന്‍നിരയിലാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) ഒന്നാമന്‍ രചിച്ച “തഹ്്രീളു അഹ്്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സ്സുല്‍ബാന്‍’ എന്ന കാവ്യ ഗ്രന്ഥവും മഹാനവര്‍കളുടെ പൗത്രനും ലോകപ്രശസ്ത പണ്ഡിതനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച “തുഹ്ഫതുല്‍ മുജാഹിദീന്‍’ എന്ന ഗ്രന്ഥവും പ്രമുഖ പണ്ഡിതനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഖാസി മുഹമ്മദ്(റ)വിന്റെ “അല്‍ ഫത്ഹുല്‍ മുബീന്‍’ എന്ന അധിനിവേശത്തിന്റെ കിരാതചരിത്രങ്ങള്‍ അനാവരണം ചെയ്യുന്ന കൃതിയും ലോക ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകങ്ങളാണ്. കൂടാതെ, വെളിയങ്കോട് ഉമര്‍ ഖാസി(റ)വിന്റെ, മഖാസിദുന്നികാഹ്, സ്വല്ലല്‍ ഇലാഹ്, നഫാഇസുദുറര്‍ തുടങ്ങിയ കാവ്യങ്ങളും മമ്പുറം തങ്ങളുടെ സൈഫുല്‍ ബത്താര്‍, ജിഫ്്രി തങ്ങളുടെ കന്‍സുല്‍ ബറാഹീന്‍ എന്നിവയും മലയാള മണ്ണില്‍ നിന്ന് വിരചിതമായ അറബി സാഹിത്യ കൃതികളില്‍ പ്രസിദ്ധമാണ്.
നിയമ ശാസ്ത്രം, വ്യാകരണ ശാസ്ത്രം, ആധ്യാത്മിക ശാസ്ത്രം, കാവ്യ മീമാംസ എന്നിവയില്‍ അഗാധമായ അവഗാഹമുള്ള ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ ഫത്ഹുല്‍ മുഈന്‍ എന്ന ഗ്രന്ഥം ശാഫിഈ മദ്ഹബിലെ ആധികാരിക കര്‍മശാസ്ത്ര ഗ്രന്ഥമായി ഗണിക്കപ്പെടുന്നു. ഇന്ത്യക്ക് പുറമെ ഈജിപ്ത്, യമന്‍, ഏത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഉന്നത കലാലയങ്ങളില്‍ പാഠ്യവിഷയമായി ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അറബി ഭാഷയെ സമൃദ്ധമാക്കിയ മറ്റൊരു പണ്ഡിത പ്രതിഭയാണ് അബുസ്സആദാത് ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി. അദ്ദേഹം നാല് മദ്ഹബുകളിലും പ്രാവീണ്യം നേടിയിരുന്നു. സൂഫി, കര്‍മശാസ്ത്ര ഗവേഷകന്‍, മുഫ്തി, ഗ്രന്ഥകാരന്‍, ചരിത്രകാരന്‍, കവി, വൈദ്യശാസ്ത്ര വിദഗ്ധന്‍, ഗോളശാസ്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം പ്രാവീണ്യം തെളിയിച്ച മഹാന്‍ “ആധുനിക ഗസ്സാലി’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പൂർവകാല പണ്ഡിതരെ അനുസ്മരിപ്പിക്കുന്ന വര്‍ത്തമാന കാലത്തെ അറബി പണ്ഡിതനാണ് ഖലമുല്‍ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാര്‍. കാമ്പും കഴമ്പുമുള്ള നിരവധി ഗ്രന്ഥങ്ങള്‍ അറബി ഭാഷക്ക് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. 30 വാള്യങ്ങളിലായി രചിക്കപ്പെട്ട ജലാലൈനിയുടെ വ്യാഖ്യാനമായ തൈസീറുല്‍ ജലാലൈനി പണ്ഡിതലോകം ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.
ചെമ്മീന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ യാ ഇലാഹീ, കമലാ സുരയ്യയുടെ യാ അല്ലാഹ്, കുമാരനാശാന്റെ വീണപൂവ്, ബെന്യാമീന്റെ ആടുജീവിതം, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ തുടങ്ങിയവ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട കൃതികളില്‍ പ്രധാനപ്പെട്ടതാണ്. പുതിയ കാലത്ത് ജാതി, മത ഭേദമന്യേ അറബി ഭാഷ ജീവിതോപാധിയാണ്. പത്രമാധ്യമങ്ങള്‍, പെട്രോളിയം കമ്പനികള്‍, മസ്ജിദുകള്‍, സ്ഥാപനങ്ങള്‍, നിര്‍മാണ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം അറബി ഭാഷക്ക് അനേകം സാധ്യകളുണ്ട്. തൊഴില്‍ വാണിജ്യ മേഖലകളിലെ വര്‍ധിച്ചുവരുന്ന സാധ്യതകള്‍ മനസ്സിലാക്കി അമേരിക്ക, ജപ്പാന്‍, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ അറബി ഭാഷ മുഖ്യപഠന വിഷയമാണ്. സാധ്യതകളുടെ പുതിയ കവാടങ്ങളാണ് അറബി ഭാഷാ പഠിതാക്കളെ കാത്തിരിക്കുന്നത്.