Kerala
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് സെപ്തംബര്‍ 23 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം
തിരുവനന്തപുരം | സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍ എന്നിവയുടെ കരട് വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് പട്ടികയില്‍ ആകെ 2,76,70,536 വോട്ടര്‍മാരുണ്ട്. 1,31,78,517 പുരുഷന്‍മാരും 1,44,91,779 സ്ത്രീകളും 240 ട്രാന്‍സ്‌ജെന്ററുകളുമാണുള്ളത്.പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് സെപ്തംബര്‍ 23 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഈ അവസരം.
പട്ടികയിലെ വിവരങ്ങളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.ഓണ്‍ലൈന്‍ അപേക്ഷകള്‍ sec.kerala.gov.in സൈറ്റില്‍ രജിസ്‌ട്രേഷന്‍ ചെയ്ത് നല്‍കണം. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.കോര്‍പ്പറേഷനുകളില്‍ അഡിഷണല്‍ സക്രട്ടറിയും പഞ്ചായത്ത് നഗരസഭകളില്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേളന്‍ ഓഫിസര്‍