International
സുനിതാ വില്ല്യംസിനെ തിരിച്ചെത്തിക്കാൻ ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ എത്തി
അഞ്ച് മാസം നീളുന്ന ദൗത്യത്തിന് ശേഷം അടുത്ത ഫെബ്രുവരിയിലാകും സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും കൂട്ടി ഡ്രാഗൺ പേടകം ഭൂമിയിലേക്ക് മടങ്ങുക
വാഷിംഗ്ടൺ | ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ട് നാസയുടെ ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതമായി ഇറങ്ങി. തിങ്കളാഴ്ച പുലർച്ചെയാണ് പേടകം നിലയത്തിൽ എത്തിയത്.
ഫ്ലോറിഡയിലെ കേപ് കാനവെറൽ സ്‌പേസ് സ്റ്റേഷനിൽനിന്ന് ഇന്നലെയാണ് ഫാൽക്കൺ 9 റോക്കറ്റിലേറി സ്‌പേസ് എക്സിന്റെ ഡ്രാഗൺ പേടകം രണ്ട് ബഹിരാകാശ യാത്രികരുമായി കുതിച്ചുയർന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പേടകം നിലയത്തിൽ സുരക്ഷിതമായി ഡോക് ചെയ്തു. ക്രൂ 9 അംഗങ്ങളായ നാസയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നീ ശാസ്ത്രജ്ഞരാണ് പേടകത്തിലുണ്ടായിരുന്നത്. ഇവർ പുലർച്ചെ അഞ്ച് മണിയോടെ പേടകത്തിൽ നിന്ന് നിലയത്തിൽ ഇറങ്ങിയതായി നാസ എക്സിൽ അറിയിച്ചു.
The official welcome!
The Expedition 72 crew welcomed #Crew9, @NASAAstronauts Nick Hague, the Crew 9 commander and cosmonaut Aleksandr Gorbunov, the crew 9 mission specialist, after their flight aboard the @SpaceX Dragon spacecraft. pic.twitter.com/pOa8sTQWDo
— NASA’s Johnson Space Center (@NASA_Johnson) September 29, 2024
അഞ്ച് മാസം നീളുന്ന ദൗത്യത്തിന് ശേഷം അടുത്ത ഫെബ്രുവരിയിലാകും സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും കൂട്ടി ഡ്രാഗൺ പേടകം ഭൂമിയിലേക്ക് മടങ്ങുക. ഇരുവർക്കും സഞ്ചരിക്കാൻ രണ്ട് സീറ്റുകൾ പേടകത്തിൽ ഒഴിച്ചിട്ടിട്ടുണ്ട്.
ജൂൺ അഞ്ചിന് എട്ടുദിവസത്തെ പര്യടനത്തിനായി ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും പേടകത്തിന്റെ തകരാറിനെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഇവരില്ലാതെ സ്റ്റാർലൈനർ പേടകം ഈ മാസം ഏഴിന് ഭൂമിയിൽ തിരിച്ചിറക്കിയിരുന്നു.