Connect with us

National

നാടകീയത തുടരുന്നു; മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപ മുഖ്യമന്ത്രിയാകും

വന്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫഡ്‌നാവിസിനെ ഉപ മുഖ്യമന്ത്രിയായി തീരുമാനിച്ച വിവരം ബി ജെ പി അറിയിച്ചത്.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയാണ് ഷിന്‍ഡെ. 2004 മുതല്‍ നിയമസഭാംഗമാണ് അദ്ദേഹം.

ഏറെ നാടകീയമായാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയെ ബി ജെ പി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആണ് മുഖ്യമന്ത്രി പദവിയിലേക്ക് ശിവസേനാ വിമത നേതാവിന്റെ പേര് പ്രഖ്യാപിച്ചത്. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. എന്നാല്‍, അപ്രതീക്ഷിതമായി ശിവസേനയുടെ വിമത നേതാവിന്റെ പേര് ഫഡ്നാവിസ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

നാടകീയത അവിടം കൊണ്ടും അവസാനിച്ചില്ല. അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുമെന്ന് അറിയിച്ചിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉപ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ട് ബി ജെ പി അടുത്ത ട്വിസ്റ്റ് നടത്തി. അങ്ങനെ ശിവസേനാ വിമത നീക്കങ്ങളുടെയും ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജിയുടെയും കോളിളക്കങ്ങളെ പിന്തുടര്‍ന്നുള്ള സൂപ്പര്‍ ക്ലൈമാക്‌സിനാണ് മഹാരാഷ്ട്ര ഇന്ന് സാക്ഷിയായത്.

 

Latest