Connect with us

VIZHINJAM

സ്വപ്നം തീരമണയുന്നു;ആദ്യ കപ്പലിന് ഇന്ന് വരവേല്‍പ്പ്

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിക്കും

Published

|

Last Updated

തിരുവനന്തപുരം| പതിറ്റാണ്ടുകള്‍ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പല്‍ ഇന്ന് തീരമണയും. ആദ്യ കപ്പല്‍ ഷെന്‍ ഹുവ -15നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം സ്വീകരിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.

സംസ്ഥാന തുറമുഖ മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനവും രാജ്യവും ഉറ്റു നോക്കുന്ന വികസന പദ്ധതിയുടെ ആദ്യ ഘട്ട പൂര്‍ത്തീകരണം കൂടിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. മുഖ്യമന്ത്രി ബെര്‍ത്തിലെത്തി ബലൂണ്‍ പറത്തിയും പതാക വിശീയും കപ്പലിനെ സ്വീകരിക്കും. വാട്ടര്‍ സല്യൂട്ടും നടക്കും. ശേഷം സ്റ്റേജിലെ ഉദ്ഘാടന ചടങ്ങുകളിലേക്ക് കടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാനത്തെ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

ഉദ്ഘാടന പരിപാടിക്കായി 5,000 പേര്‍ക്കിരിക്കാവുന്ന വേദി സജ്ജമാക്കിയിട്ടുണ്ട്. വിഴിഞ്ഞത്തെ പോര്‍ട്ട് ഓഫീസ് മന്ദിരത്തിന് സമീപം യാര്‍ഡിലാണ് കൂറ്റന്‍ പന്തല്‍ തയ്യാറായത്. ഉദ്ഘാടന വേദി മുതല്‍ കപ്പല്‍ അടുപ്പിച്ചിരിക്കുന്ന ബെര്‍ത്ത് വരെയുള്ള നടപ്പാത വര്‍ണ ചെടികള്‍ കൊണ്ട് അലങ്കരിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് എസ് പിമാരും ഡിവൈ എസ് പിമാരും ഉള്‍പ്പെടെ 2,000 പോലീസുകാര്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടാകും. അദാനി പോര്‍ട്സിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സുകളും സെക്യൂരിറ്റിക്കാരുമടക്കം 100 പേരും സുരക്ഷക്കായി ഉണ്ടാകും. കൊച്ചിയില്‍ നിന്നുള്ള മറൈന്‍ ആംബുലന്‍സ് പ്രത്യാശ വിഴിഞ്ഞത്ത് എത്തിച്ചിട്ടുണ്ട്.

തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായാണ് ആദ്യ കപ്പലെത്തുന്നത്. കപ്പല്‍ ഇതിനകം പുറം കടലില്‍ എത്തിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആദ്യ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് പോര്‍ട്ട്, അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്ത് നില്‍ക്കുന്ന പോര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.