Connect with us

book review

അരികു ജീവിതങ്ങളുടെ സ്വപ്നസമരം

നാടിക്കുന്നിൽ മൂപ്പൻ പണിത നാലാമത്തെ മാടം കത്തിയമരുമ്പോൾ നിലാവിൽ കരിഞ്ഞ മലയിൽ നോക്കി നിൽക്കുമ്പോൾ പാറകൾക്ക് ജീവൻ വെക്കുന്നതായും അവ കറുത്ത മനുഷ്യരായി തീപ്പന്തങ്ങളായി കുന്നിൻമേലെ നിരനിരയായി നിൽക്കുന്നതും... എല്ലാം ഒരു വിപ്ലവത്തിന്റെ വസന്ത സ്വപ്നമായി കണക്കാക്കാവുന്ന രാഷ്ട്രീയ പ്രയോഗമായി കരുതാവുന്നതേയുള്ളൂ.

Published

|

Last Updated

ടിച്ചമർത്തപ്പെട്ടവരുടെ ജീവിത പരിസരങ്ങളിൽ എന്നും മോചനത്തിന്റെ ഒരു കലാപം സ്വപ്നമായി അവശേഷിക്കും. പ്രയോഗത്തിൽ അങ്ങനെയൊന്ന് നടക്കാറില്ലെങ്കിലും കലാപത്തിന്റെ വിത്തുകൾ ഉള്ളിൽ മുളപ്പിച്ചെടുത്തുകൊണ്ട് ജീവിതം മുന്നോട്ടുനീക്കാൻ വിധിക്കപ്പെട്ട എല്ലാ അർഥത്തിലും പാർശ്വവത്കരിക്കപ്പെട്ട നാടിയാൻ വിഭാഗത്തിന്റെ ജീവിതാവസ്ഥകളെ നാടിയാൻ മൂപ്പനെ മുൻനിറുത്തി പറഞ്ഞു പോകുന്ന ഒരു കഥയുടെ തീക്ഷ്ണാവിഷ്കാരമാണ് കെ ആർ വിശ്വനാഥന്റെ പുതിയ നോവലായ “നാടിയാൻ കലാപങ്ങൾ’.

2023ൽ ഇറങ്ങിയ പുസ്തകങ്ങളിൽ ഏറ്റവും ശ്രദ്ധേയവും ആഖ്യാനവ്യത്യസ്തതയും പുലർത്തിയ പുസ്തകം 228 പേജുകളിൽ പരന്നുകിടക്കുന്നു.അരനൂറ്റാണ്ടിലേറെക്കാലം ഇടവകയിൽ മരണപ്പെട്ടവർക്ക് സെമിത്തേരിയിൽ കുഴികുത്തിക്കൊണ്ടിരുന്ന നാടിയാൻ മൂപ്പനെ പെട്ടെന്നൊരിക്കൽ കാണാതാവുന്നിടത്തു നിന്നാണ് നോവലിന്റെ തുടക്കം. നാടിയാൻ മൂപ്പനെ കാണാതായ ദിവസം ആ നാട്ടിലെ വെളുത്ത നായയേയും കറുത്ത പൂച്ചയേയും കാണാതാവുന്നതോടെ മനുഷ്യ സ്നേഹത്തോട് കൂട്ടിവായിക്കേണ്ട ഒന്നാണ് ജന്തുക്കളോടുള്ള സ്നേഹവും എന്ന ധ്വനി നോവലിന്റെ തുടക്കത്തിലേ കടന്നുവരുന്നു.

നാടിയാൻ മൂപ്പൻ തെയ്യാവിനു പറഞ്ഞു കൊടുക്കുന്നത് “പെരുച്ചാഴികളെപ്പോലെ വേണം നാടിയാത്തിപ്പെണ്ണുങ്ങള്, എല്ലാം കണ്ടും കേട്ടും അറിഞ്ഞ് രക്ഷപ്പെടാൻ പല വഴികൾ ഉണ്ടാക്കി വെക്കണം, ഒരേടത്ത് പൊക നിറഞ്ഞാല് വേറൊരുവഴി ഉണ്ടാക്കി വെക്കണം’.

എലികളേയും പെരുച്ചാഴികളേയും പോലെ മാളങ്ങളിൽ ജീവിച്ചു തീർക്കുന്ന നാടിയാൻ വിഭാഗക്കാർക്ക് മേലാളരിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗത്തിലും എലികളും പെരുച്ചാഴികളും സ്വീകരിക്കുന്ന മാർഗത്തെ ഉപമിക്കലിൽത്തന്നെ അവരനുഭവിക്കുന്ന ചൂഷണത്തിന്റെയും അപരവത്കരണത്തിന്റെയും കാഠിന്യം അടയാളപ്പെടുന്നുണ്ട്.

അതാണ് നമുക്കെന്നാ നല്ലകാലം വരിക? എന്ന തെയ്യാവിന്റെ ചോദ്യത്തിന് ഉത്തരമായി മൂപ്പനായ അച്ഛൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നതും “നാടിയാന്റെ നല്ലകാലം എന്നാൽ എന്താണ്?
നാടിയാന് നല്ലകാലത്തിൽ നാലു എലികളെ കൂടുതൽ കിട്ടും. എനിക്കാണെങ്കിൽ കുറച്ചു കുഴികൾ കൂടുതലും കിട്ടും. അതാണ് നാടിയാന്റെ നല്ലകാലം, അത്രയേ കൊതിക്കാവൂ.’ നാടിയാൻ എന്ന പുലയ വർഗത്തിന്റെ ജീവിതത്തിന്റെ അരികുവത്കരണത്തിന്റെ തീവ്രതയും മേലാളരാൽ ചവിട്ടിമെതിക്കപ്പെടുന്നതിന്റെയും നേർചിത്രങ്ങൾ ഇങ്ങനെ പലയിടത്തായി നോവലിൽ വിവരിക്കുന്നുണ്ട്.

അതിന്റെയൊക്കെ തുടർച്ചയായി വരുന്നതാണ് നാടിക്കുന്നിന്റെ മുകളിൽ അമ്മ തീ പിടിച്ച് കരിയുന്നത് സ്വപ്നം കാണുന്ന ഇമ്മാനുവലിന്റെ മനസ്സ്, നാടിക്കുന്നിലേക്കുള്ള വക്കന്റെ വരവും വക്കൻ മൂപ്പനിൽ കുത്തിവെക്കുന്ന തന്റെടവും തെയ്യാവിനെ സ്വയം പരിണയിച്ച് വക്കന്റെ നാട്ടിലേക്ക് കൊണ്ടുപോയതും പിന്നീട് നായാടിക്കുന്നിലേക്ക് അവിടെ നിന്നും നാടിയാന്മാരെ എത്തിച്ച് താമസിപ്പിക്കാനുള്ള പദ്ധതികളും. വരാൻ പോകുന്ന ഒരു നാടിയാൻ കലാപത്തിന്റെ സ്വാതന്ത്ര്യ സമരപാതയുടെ സ്വപ്നം നിറക്കലായിരുന്നു.

നാടിക്കുന്നിൽ മൂപ്പൻ പണിത നാലാമത്തെ മാടം കത്തിയമരുമ്പോൾ നിലാവിൽ കരിഞ്ഞ മലയിൽ നോക്കി നിൽക്കുമ്പോൾ പാറകൾക്ക് ജീവൻ വെക്കുന്നതായും അവ കറുത്ത മനുഷ്യരായി തീപ്പന്തങ്ങളായി കുന്നിൻമേലെ നിരനിരയായി നിൽക്കുന്നതും… എല്ലാം ഒരു വിപ്ലവത്തിന്റെ വസന്ത സ്വപ്നമായി കണക്കാക്കാവുന്ന രാഷ്ട്രീയ പ്രയോഗമായി കരുതാവുന്നതേയുള്ളൂ. പക്ഷേ, അതൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല പ്രതീക്ഷയോടെ കടന്നുവന്ന വക്കനും കുറേ വ്യാജ വിപ്ലവ സ്വപ്നങ്ങൾക്ക് വിത്തു വിതക്കുക മാത്രമായിരുന്നു.

ഒടുവിൽ നാടിയാൻ മൂപ്പൻ പള്ളിയിലേക്ക് അച്ഛനെ കാണാനുള്ള നടത്തവും കപ്യാരെ കണ്ടുമുട്ടി കുന്പസാരിക്കുന്ന ഓരോ രംഗത്തിലുമാണ് പാപമെന്ന സങ്കൽപ്പങ്ങളിൽ പതിയിരിക്കുന്ന നീതിയുടേയും ധർമത്തിന്റെയും വഴികളെ അനാവരണം ചെയ്യുന്നത്. കുന്പസാരങ്ങൾക്കിടയിൽ നാടിയാൻ മൂപ്പൻ ഇത്രകൂടിപറയുന്നു. ” കപ്യാരേ നിങ്ങളിത് മുഴുവൻ കേൾക്കണം. എന്നിട്ട് എന്നെങ്കിലും ആരോടെങ്കിലും പറയണം. വലിയ സത്യങ്ങള് ഒരാള് മാത്രം അറിയുമ്പം വലിയ നുണയും പാപമായിട്ടാ തോന്നുക. മൂന്നാലു പേരെങ്കിലും കേട്ടു കഴിയുമ്പോൾ പാപം എന്നുള്ളത് പറ്റെ മാറിക്കൊള്ളും.’

നാടിയാന്മാര് അനുഭവിച്ച ജീവിതത്തിന്റെ ദുരന്തസത്യങ്ങളെ ആവിഷ്കരിക്കാനാണ് ഒരു തത്വജ്ഞാനം വെളിപ്പെടുത്തും പോലെ മൂപ്പനിങ്ങനെ പറയേണ്ടി വരുന്നിടത്ത് മൂപ്പന്റെ തിരോധാനത്തോടെ നാടിയാൻ കലാപങ്ങൾ എന്ന നോവലിന് തിരശ്ശീല വീഴുമ്പോൾ വായനക്കാരുടെ മനസ്സിൽ രൂപപ്പെടുന്ന കലാപങ്ങൾക്ക് ഒരു കലാസൃഷ്ടിയിലൂടെ വിത്തുപാകുകയാണ് നോവലിസ്റ്റ്. അധികമാരും കടന്നു ചെന്നിട്ടില്ലാത്ത നാടിയാൻ പുലയ വിഭാഗത്തിന്റെ ഇരുണ്ട ചരിത്രത്തിലേക്ക് കെ ആർ വിശ്വനാഥൻ എന്ന എഴുത്തുകാരന്റെ മാന്ത്രികവിരൽ വെളിച്ചമായി പ്രകാശം പരത്തി 2023 ന്റെ ഒരു മികച്ച നോവൽ പ്രകാശിതമായപ്പോൾ ദേശത്തിന്റെ ജാതകത്തിനുശേഷം ആ അനുഗൃഹീത തൂലികയിൽ നിന്നും പിറന്ന മറ്റൊരു ഇതിഹാസ സമാനമായ കൃതിയാണ് നാടിയാൻ കലാപങ്ങൾ എന്ന് നിസ്സംശയം പറയാം. പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്. വില 285 രൂപ.

Latest