Kerala
അച്ഛന്‍ കണ്ട സ്വപ്‌നം ; ചിലങ്കയണിഞ്ഞ് മകള്‍ നേടിയത് എ ഗ്രേഡ്
കൊല്ലം ടികെഡിഎം ജിഎച്ച്എസ് 8-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നീരജ.
കൊല്ലം | അച്ഛന്‍ മരിക്കുന്നതിന് മുമ്പേ കണ്ട സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിലും അഭിമാനത്തിലുമാണ് എട്ടാംക്ലാസുകാരിയായ നീരജ ലാല്‍. നീരജക്ക് മൂന്നരമാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ രജനീലാല്‍ കണ്ട സ്വപ്‌നമാണ് കൊല്ലം കലോത്സവവേദിയില്‍ മകള്‍ ചിലങ്കയണിച്ചപ്പോള്‍ പൂര്‍ത്തിയായത്.ആ ധന്യ മുഹൂര്‍ത്തം കാണാന്‍ രജനീഷിന് കഴിഞ്ഞില്ല എന്നത് വേദനാജനകമായ കാര്യമായിരുന്നു.
മൂന്നര മാസം പ്രായമുള്ള നീരജയെയും യുകെജിയില്‍ പഠിക്കുന്ന മൂത്തമകന്‍ ധനുഷിനെയും കൊണ്ട് പണ്ടൊരിക്കല്‍ ഒരു കലോത്സവവേദിയില്‍ സംഘനൃത്തം കാണാന്‍ കുടുംബം ഒന്നാകെ എത്തി. അവിടെവച്ചാണ് മകളെ നര്‍ത്തകി ആക്കണമെന്ന ആഗ്രഹം രജനീലാല്‍ ഭാര്യയോട് പങ്കുവെച്ചത് .എന്നാല്‍ അപ്രതീക്ഷിതമായി കുടുംബത്തിനെയാകെ കണ്ണീരിലാഴ്ത്തി വാഹനാപകടത്തില്‍ രജനീഷിന്റെ വിയോഗം സംഭവിച്ചു. പിന്നീട് ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു അമ്മ സുധ റാണി.
മക്കളെ പോറ്റാന്‍ ഭര്‍ത്താവിന്റെ മരണശേഷം ലോട്ടറി വില്‍ക്കുകയാണ് സുധ. തുച്ഛ വരുമാനത്തിലും മകളുടെ നൃത്ത പരിശീലനം അമ്മ മുടക്കിയിരുന്നില്ല. കൊല്ലത്തെ കലോത്സവവേദിയില്‍ മകളെ പങ്കെടുപ്പിക്കാന്‍ മോതിരം പണയംവച്ചാണ് സുധ എത്തിയത്. എ ഗ്രേഡ് കരസ്ഥമാക്കി നീരജ അച്ഛന്റെ വലിയൊരു ആഗ്രഹം സഫലീകരിച്ചാണ് വേദിവിട്ടത്.
കൊല്ലം ടികെഡിഎം ജിഎച്ച്എസ് 8-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നീരജ.