search for arjun
ഡ്രജ്ഡര്‍ കൊണ്ടുവരണം; അര്‍ജുന്റെ കുടുംബം ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെ കാണും
കോഴിക്കോട് എം പി എം കെ രാഘവന്‍, മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്‌റഫ് എന്നിവരും കൂടെയുണ്ടാകും.
ബെംഗളൂരു | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും. ബെംഗളൂരുവില്‍ ഇരുവരുടെയും വസതികളില്‍ എത്തിയാണ് കാണുക.
കോഴിക്കോട് എം പി എം കെ രാഘവന്‍, മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്‌റഫ് എന്നിവരും കൂടെയുണ്ടാകും. തെരച്ചിലിന് ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരു കോടിയോളം രൂപ ചെലവ് വരും എന്നതിനാല്‍ ഈ ശ്രമത്തില്‍ നിന്ന് പിന്‍തിരിയാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്. ഡ്രഡ്ജര്‍ കൊണ്ടുവരാനുള്ള തുക അനുവദിച്ച് നടപടികള്‍ വേഗത്തില്‍ ആക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുക.
മഴയ്ക്ക് ശമനം ഉള്ളതിനാലും പുഴയിലെ ഒഴുക്ക് അല്പം കുറഞ്ഞതിനാലും തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കണം എന്ന ആവശ്യമാണ് കുടുംബം ഉന്നയിക്കുന്നത്. നേരത്തെ കേരളത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു. രണ്ടാംഘട്ട തെരച്ചിലില്‍ വെള്ളത്തിനടിയില്‍ ലോറിയുണ്ടെന്ന സൂചന ലഭിച്ചിരുന്നു.മണ്ണും മരങ്ങളും അടിഞ്ഞുകിടക്കുന്ന അടിത്തട്ടില്‍ അതിനടിയിലായിരിക്കാം അര്‍ജുന്റെ ലോറി ഉണ്ടാവുക എന്നാണ് മുങ്ങള്‍ വിദഗ്ധര്‍ നല്‍കിയ സൂചന. അതിനാലാണ് ഡ്രഡ്ജര്‍ എത്തിച്ച് തെരച്ചില്‍ നടത്തണമെന്ന ആവശ്യവുമായി കുടുംബ രംഗത്തുവരുന്നത്.