National
വെടിയേറ്റിട്ടും ബസ് നിര്‍ത്താതെ മോഷണസംഘത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച് ഡ്രൈവര്‍
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി | മോഷണശ്രമത്തിനിടെ മഹാരാഷ്ട്ര മിനിബസ് ഡ്രൈവര്‍ക്ക് വെടിയേറ്റു. വെടിയേറ്റിട്ടും യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ 30 കിലോമീറ്ററോളം ബസ് ഓടിച്ചു. അമരാവതിയില്‍ നിന്ന് നാഗ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
ഡ്രൈവര്‍ക്ക് പുറമെ ഒരു കുടുംബത്തിലെ 17 അംഗങ്ങളും ബസില്‍ ഉണ്ടായിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മോഷണസംഘം ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
തന്റെ കൈക്ക് വെടിയേറ്റിട്ടും 30 കിലോമീറ്റര്‍ യാത്ര ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നുവെന്ന് ഡ്രൈവര്‍ ഖോംദേവ് കവാഡെ പറഞ്ഞു. യു പി രജിസ്‌ട്രേഷനിലുള്ള ബൊലേറോ കാറിലുള്ളവരാണ് മോഷണശ്രമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
അമരാവതിയില്‍ നിന്ന് വരുന്ന വഴി ഒരു ബൊലേറോ കാര്‍ ഞങ്ങളെ പിന്തുടര്‍ന്നു. അവര്‍ക്ക് ഓവര്‍ടേക് ചെയ്ത് കടന്നു പോകാന്‍ ഒന്ന് രണ്ട് തവണ അവസരം നല്‍കിയെങ്കിലും പിന്നാലെയെത്തി വെടിവെക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.
വെടിവെപ്പില്‍ 3 യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.