Connect with us

Uae

ദുബൈ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിനെ അഞ്ച് പാലങ്ങളുള്ള കവലയാക്കി മാറ്റും

മൊത്തം 5,000 മീറ്റര്‍ നീളത്തിലുള്ള അഞ്ച് പാലങ്ങള്‍ നിര്‍മിക്കുന്നതോടെ ഇവിടെ യാത്രാസമയം 12 മിനുട്ടില്‍ നിന്ന് 90 സെക്കന്‍ഡായി കുറയും.

Published

|

Last Updated

ദുബൈ | ദുബൈയിലെ ഐക്കണിക് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിനെ അഞ്ച് പാലങ്ങളുള്ള പ്രധാന കവലയാക്കി മാറ്റുന്നതിന് 696 ദശലക്ഷം ദിര്‍ഹം കരാര്‍ നല്‍കിയതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. മൊത്തം 5,000 മീറ്റര്‍ നീളത്തിലുള്ള അഞ്ച് പാലങ്ങള്‍ നിര്‍മിക്കുന്നതോടെ ഇവിടെ യാത്രാസമയം 12 മിനുട്ടില്‍ നിന്ന് 90 സെക്കന്‍ഡായി കുറയും.

ശൈഖ് സായിദ് റോഡിനെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് സ്ട്രീറ്റ്, ഡിസംബര്‍ 2 സ്ട്രീറ്റ്, സഅബീല്‍ പാലസ് സ്ട്രീറ്റ്, അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റ് എന്നിങ്ങനെ അഞ്ച് പ്രധാന തെരുവുകളുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പഴയ ലാന്‍ഡ്മാര്‍ക്കുകളിലൊന്നാണ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട്.

ശൈഖ് സായിദ് റോഡില്‍ നിന്ന് ഡിസംബര്‍ 2 സ്ട്രീറ്റിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പാലങ്ങള്‍ നിര്‍മിക്കും. ഡിസംബര്‍ 2 സ്ട്രീറ്റില്‍ നിന്ന് (ജുമൈറ, അല്‍ സത്‌വ) അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റിലേക്കും (ഡി ഡബ്ല്യു ടി സി, ഡി ഐ എഫ് സി ക്കും) ഗതാഗതം സുഗമമാക്കും. ശൈഖ് റാശിദ് സ്ട്രീറ്റില്‍ നിന്ന് ദേര വരെയുള്ള അല്‍ മജ്ലിസ് സ്ട്രീറ്റിലേക്കും ഗതാഗതം സുഗമമാക്കും. ശൈഖ് സായിദ് റോഡില്‍ നിന്ന് ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്ക് അപ്പര്‍ ലെവല്‍ പാലം വരുന്നതോടെ സുഗമമായ ഗതാഗതം ഉറപ്പാകും.

അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഉള്‍പ്പെടുന്ന വികസന പദ്ധതിയുടെ ഭാഗമാണിതെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

ജിറ്റെക്സ്, അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ്, അറബ് ഹെല്‍ത്ത്, ഗള്‍ഫുഡ് എക്‌സിബിഷനുകള്‍ തുടങ്ങിയ പ്രധാന ഇവന്റുകള്‍ നടക്കുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന സ്ഥലങ്ങള്‍ക്ക് ഈ പദ്ധതി സേവനം നല്‍കും. പ്രമുഖ സാമ്പത്തിക കേന്ദ്രമായ ഡി ഐ എഫ് സിക്കും സഅബീല്‍, അല്‍ സത്‌വ, കറാമ, ജാഫ്്‌ലിയ, മന്‍ഖൂല്‍ തുടങ്ങിയ കമ്മ്യൂണിറ്റികള്‍ക്കും സേവനം നല്‍കുന്ന ഈ പദ്ധതി അര ദശലക്ഷത്തിലധികം താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രയോജനം ചെയ്യും.

 

---- facebook comment plugin here -----

Latest