Connect with us

National

കേന്ദ്ര സര്‍വകലാശാലകളില്‍ ഒഴിഞ്ഞു കിടക്കുന്നത് പകുതിയോളം എസ് സി, എസ്ടി അധ്യാപക തസ്തികകളെന്ന് വിദ്യാഭ്യാസമന്ത്രി

ലോക്സഭയില്‍ ചോദ്യോത്തരവേളയിലാണ് വിദ്യാഭ്യാസ മന്ത്രി ഈ വിവരം വെളിപ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ എസ്സി, എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത ആകെ തസ്തികകളുടെ പകുതിയോളം ഒഴിഞ്ഞുകിടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ലോക്സഭയില്‍ ചോദ്യോത്തരവേളയിലാണ് വിദ്യാഭ്യാസ മന്ത്രി ഈ വിവരം വെളിപ്പെടുത്തിയത്. കേന്ദ്ര സര്‍വകലാശാലകളില്‍ പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 2,272 അധ്യാപക തസ്തികകളില്‍ 1,015 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. എസ്ടി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത 1,154 തസ്തികകളില്‍ 590 എണ്ണം ഇതുവരെ നികത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പങ്കിട്ട കണക്കുകള്‍ വെളിപ്പെടുത്തി.

ഫാക്കല്‍റ്റി തസ്തികകളില്‍ ഒബിസി വിഭാഗക്കാര്‍ക്ക് 27 ശതമാനവും പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് 7.5 ശതമാനവും സംവരണം നടപ്പാക്കണമെന്ന് കേന്ദ്ര നിയമം പറയുന്നു. എന്‍ഐടികളില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) 562 പട്ടികജാതി തസ്തികകളും 152 എസ്ടി തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും ഐഐടികളില്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കായി യഥാക്രമം 183, 32 തസ്തികകള്‍ സംവരണം ചെയ്തിട്ടുണ്ടെന്നും ഡാറ്റയില്‍ വ്യക്തമാക്കുന്നു.

ഇഗ്നോയില്‍, എസ് സി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന 54 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. എസ് ടി വിഭാഗത്തിന് 26 തസ്തികകളാണ് സംവരണം ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും സമാനമായ പ്രവണതയാണ് ഉള്ളതെന്ന് ഡേറ്റയില്‍ പറയുന്നു. എസ് സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന 63 ശതമാനം അധ്യാപക തസ്തികകളും എസ്ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള 88 ശതമാനം തസ്തികകളും ഇപ്പോഴും നികത്തിയിട്ടില്ല. പഠന-അധ്യാപന വിടവ് കുറയ്ക്കുന്നതിനായി ഒക്ടോബര്‍ അവസാനത്തോടെ ഒഴിവുള്ള 6000 അധ്യാപക തസ്തികകള്‍ നികത്താന്‍ ഐഐഎമ്മുകളും ഐഐടികളും പോലെയുള്ള നാല്‍പ്പതോളം കേന്ദ്രസര്‍വകലാശാലകള്‍ക്ക് ഓഗസ്റ്റില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

---- facebook comment plugin here -----

Latest