Connect with us

wayanad landslide

മഹാദുരന്തത്തിന് എട്ടാം നാൾ; ഇന്നത്തെ തിരച്ചിൽ ഇതുവരെ എത്തിപ്പെടാത്ത ഭാഗങ്ങളിൽ

ചാലിയാറിൻ്റെ ഇരുകരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്നത്തെ തിരച്ചിൽ

Published

|

Last Updated

മേപ്പാടി | വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി എട്ടാം ദിനമായ ഇന്നും തിരച്ചിൽ തുടരും. ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടില്ലാത്ത ഇടം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തിരച്ചിൽ.

സൂചി പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ടാണ് ഇന്ന് തിരച്ചിൽ നടത്തുക. ചാലിയാറിൻ്റെ ഇരുകരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

പരിശീലനം നേടിയ 2 ഫോറസ്റ്റ് ഉദ്യോഗസ്ഥരും, 4 SoG യും, 6 ആർമി സൈനികരും അടങ്ങുന്ന 12 പേർ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് SKMJ ഗ്രൗണ്ടിൽ നിന്നും എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരും. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമായി നിൽക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

ദുരന്തത്തിൽ അകപ്പെട്ട 180 ഓളം മനുഷ്യർ ഇപ്പോഴും കാണാമറയത്താണ്. തിങ്കളാഴ്ച നടത്തിയ തിരച്ചിലിൽ വയനാട്ടിൽ നിന്ന് അഞ്ചും നിലമ്പൂരിൽ നിന്ന് ഒരു മൃതദേഹവുമാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. 226 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Latest