From the print
തിരഞ്ഞെടുപ്പ് നിലപാട് ആ സമയത്ത് പറയും: കാന്തപുരം
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിന് മുന്നേ നിലപാടുകള്‍ പറയുന്ന ശീലമില്ല. പഠിച്ചിട്ട് പറയേണ്ട കാര്യമാണത്. തക്ക സമയത്ത് നിലപാടുകള്‍ പറയും.
മലപ്പുറം | തിരഞ്ഞെടുപ്പിലെ നിലപാടുകള്‍ ആ സമയത്ത് പറയുമെന്നും മുന്‍കൂട്ടി പറയുന്ന രീതിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സമസ്ത പണ്ഡിത സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിന് മുന്നേ നിലപാടുകള്‍ പറയുന്ന ശീലമില്ല. പഠിച്ചിട്ട് പറയേണ്ട കാര്യമാണത്. തക്ക സമയത്ത് നിലപാടുകള്‍ പറയും. മുന്‍കൂട്ടി പറഞ്ഞ് വാക്ക് വെറുതെ ആക്കുന്നില്ല. സ്ഥാനാര്‍ഥികള്‍ ആരാണെന്നൊക്കെ അറിയട്ടെ. അതിന് മുന്നേ നിലപാടുകള്‍ പറഞ്ഞാല്‍ കുറച്ച് കഴിഞ്ഞ് മാറ്റിപ്പറയേണ്ടിവരുമെന്നും സമയമാകുമ്പോള്‍ വ്യക്തതയോടെ കാര്യങ്ങള്‍ പറയുമെന്നും കാന്തപുരം പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തു നിലപാടാണ് സ്വീകരിക്കുകയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി ശക്തിപ്പെടണം എന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്ന് പറഞ്ഞ കാന്തപുരം ഇരുമുന്നണികളില്‍ നിന്നും പാര്‍ട്ടികള്‍ കൊഴിഞ്ഞ് പോവുകയാണല്ലോ എന്നും ചിരിച്ചു കൊണ്ട് പറഞ്ഞു.
സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.