National
അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പുതിയ രൂപത്തില്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും; നിര്‍മ്മല സീതാരാമന്‍
ഫെബ്രുവരി 15 നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇലക്ടറര്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി| അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പുതിയ രൂപത്തില്‍ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ ഇലക്ടറല്‍ ബോണ്ട് തിരികെകൊണ്ടുവരുന്നതിനായി ഓഹരി ഉടമകളുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇലക്ടറല്‍ ബോണ്ടില്‍ സുതാര്യത നിലനിര്‍ത്തി കള്ളപ്പണം എത്തുന്നത് പൂര്‍ണ്ണമായും തടഞ്ഞുകൊണ്ടുള്ള സംവിധാനം നിലനിര്‍ത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 15 നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇലക്ടറര്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. ഇലക്ടറര്‍ ബോണ്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരുന്നു. ഇലക്ടറല്‍ ബോണ്ട് നടപടികള്‍ സുതാര്യമാണെന്നും മോദി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ രൂപത്തില്‍ ഇലക്ടറല്‍ ബോണ്ട് തിരികെകൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്പദ്വ്യവസ്ഥ വലിയ ചര്‍ച്ചയാവുമെന്നും പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.