Connect with us

UP Election 2022

ആന മെലിഞ്ഞു, കൈ ഒടിഞ്ഞു- പഞ്ചറാവാതെ സൈക്കിള്‍

ഹിന്ദുത്വവും ദേശീയതയും ഊന്നിയുള്ള ബി ജെ പി പ്രചാരണത്തില്‍ തളരാതെ അഖിലേഷ്‌

Published

|

Last Updated

ലഖ്‌നൗ | മൂന്ന് പതിറ്റാണ്ടോളം കേന്ദ്രവും ഉത്തര്‍പ്രദേശും തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ്, ദളിത് വിമോചന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് കാന്‍ഷിറാമിന്‍ന്റെ പിന്‍ഗാമിയായി യു പി ഭരിച്ച മായാവതിയുടെ ബി എസ് പി- യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി തുടര്‍ഭരണം നേടിയപ്പോള്‍ യു പി രാഷ്ട്രീയത്തില്‍ നിന്നും വിസ്മൃതിയിലേക്ക് മായുകയാണ് ഈ രണ്ട് ദേശീയ പാര്‍ട്ടികള്‍. അതും ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തിരിച്ചടിയുമായി.

കേവലം അഞ്ച് സീറ്റില്‍ മാത്രമാണ് ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് നേടാനായത്. കഴിഞ്ഞ തവണ 12 സീറ്റുണ്ടായിരുന്നു. മായാവതിയുടെ വോട്ട്‌ബേങ്കായ ദളിത്, മുസ്ലിം വോട്ടുകള്‍ വലിയ തോതില്‍ ഒലിച്ചുപോയി. ദളിത് വോട്ടുകളില്‍ ഒരു വിഭാഗം ബി ജെ പിയിലേക്കും മുസ്ലിം വോട്ടുകളില്‍ ഒരു വിഭാഗം എസ് പിയിലേക്കും പോയതായാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ്് പ്രാചരണ രംഗത്ത് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മായാവതി ഇത്തവണ മൗനിയായിരുന്നു. മായാവതി എവിടെയെന്ന് പലപ്പോഴും പ്രചാരണ രംഗത്ത് എതിരാളികള്‍ ചോദ്യമുയര്‍ത്തി. ബി ജെ പിയെ സഹായിക്കാനായിരുന്നു മായാവതി പ്രചാരണം കൊഴുപ്പിക്കാതിരുന്നതെന്ന് എസ് പി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഏത് പ്രതിസന്ധി കാലത്തും ബി എസ് പിക്ക് ഒരു വോട്ട്ബാങ്കുണ്ടായിരുന്നു യു പിയില്‍. ഇത് എവിടേക്ക് പോയി എന്നത് വരും ദിവസറങ്ങളില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

ബി എസ് പിയുടെ തോല്‍വിയേക്കാള്‍ ഭായനാകം കോണ്‍ഗ്രസിന്റേതാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് മുമ്പുവരെ യു പിയില്‍ വലിയ വോട്ട് ഷെയറുള്ള പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. നിരവധി തവണ അവര്‍ യു പി ഭരിച്ചു. അതും മൂന്ന് പതിറ്റാണ്ടളം തുടര്‍ച്ചയായി. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷം ചിത്രം മാറി. കോണ്‍ഗ്രസ് യു പി രാഷ്ട്രീയത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടു. എങ്കിലും ചില പോക്കറ്റുകള്‍ യു പിയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. നെഹ്‌റുവും ഇന്ധിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം മത്സരിച്ച റായ്ബറേലിയും അമേഠിയും. എത്തവണ അതും കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണ്.

താഴെക്കിടയില്‍ സംഘടനാ സംവിധാനം ദുര്‍ബലാമണെങ്കിലും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മേല്‍തട്ടില്‍ വലിയ പ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു. മൃദുഹിന്ദുത്വത്തില്‍ ഊന്നിയായിരുന്നു പ്രിയങ്കയുടെ പ്രചാരണങ്ങള്‍. ബി ജെ പി എതിരിടുന്നത് യോഗിയെയല്ല, മോദിയെയാണെന്ന് വരെ പറഞ്ഞു. എന്നാല്‍ തീര്‍ത്തും നിരാശ സമ്മാനിക്കുന്ന ഫലമാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ ഏഴ് സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് ഇത്തവണ 20 സീറ്റെങ്കിലും പിടിക്കാമെന്ന് കണക്ക് കൂട്ടിയിരുന്നു. കിട്ടിയതാകട്ടെ മൂന്നെണ്ണം മാത്രം.
യു പിയിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ പ്രിയങ്ക ഗാന്ധിയുടേ രാഷ്ട്രീയ ഭാവിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. രണ്ടാംകിട നേതാക്കന്‍മാരെ വളര്‍ത്തിക്കൊണ്ടുവരാതെ, സംഘടനാ അടിത്തറ ശക്തിപ്പെടുത്താതെ, നെഹ്‌റു കുടുംബത്തെ മാത്രം ആശ്രയിച്ച് കോണ്‍ഗ്രസ് എത്രകാലം ദേശീയ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

കോണ്‍ഗ്രസും ബി എസ് പിയും നിലംതൊടാതിരുന്ന തിരഞ്ഞെടുപ്പില്‍ ഭരണംകിട്ടിയില്ലെങ്കിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ് പിയുടെ മിന്നും പ്രകടനം വിസ്മരിക്കാനാകില്ല. 124 സീറ്റിലാണ് എസ് പി മുന്നിലെത്തിയത്. 2017ലെ 47 സീറ്റില്‍ നിന്നാണ് അഖിലേഷിന്റെ സൈക്കിള്‍ ഈ നിലയിലേക്ക് കുതിച്ചത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്നായിരുന്നു എസ് പി മത്സരിച്ചതെന്നത് ഓര്‍ക്കണം. മുസ്ലിം വോട്ടുകളില്‍ ഒരു വിഭാഗം എസ് പിക്കും ബി എസ് പിക്കും മജ്‌ലിസിനുമെല്ലാം പോയില്ലായിരുന്നെങ്കിലും ഒരു പക്ഷേ കുറച്ച്കൂടി മുന്നോട്ട്‌പോകാന്‍ എസ് പിക്ക് കഴിയുമായിരുന്നു. നിലിവലെ സഹാചര്യത്തില്‍ ഭരണം കിട്ടിയില്ലെങ്കിലും കരുത്തുറ്റ പ്രതിപക്ഷമാകാന്‍ എസ് പിക്ക് കഴിയും. ഒപ്പം ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പി ഇതരബദലിന് കരുത്തേകാനും എസ് പിയുണ്ടാകുമെന്ന് ഉറപ്പാണ്.

 

Latest